ടിസിഎസിന്റെ കരുത്തില്‍ ടാറ്റ കമ്പനികളുടെ വിപണിമൂല്യത്തില്‍ 21 ശതമാനം വളര്‍ച്ച

ടിസിഎസിന്റെ കരുത്തില്‍ ടാറ്റ കമ്പനികളുടെ വിപണിമൂല്യത്തില്‍ 21 ശതമാനം വളര്‍ച്ച

എന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷം 21 ശതമാനം വളര്‍ച്ച നേടി നിക്ഷേപകരുടെ വിശ്വാസം തിരികെ പിടിച്ചിരിക്കുകയാണ് ടാറ്റാ കമ്പനികള്‍

മുംബൈ: ടിസിഎസിന്റെ കരുത്തില്‍ ടാറ്റാകമ്പനികള്‍ക്ക് പ്രതീക്ഷയുടെ പുതുകിരണം. നടരാജന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷം വിപണിമൂല്യത്തില്‍ രണ്ട് വര്‍ഷത്തിനിടെ 21 ശതമാനത്തിന്റെ വര്‍ധനവുമായി നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കുകയാണ് ടാറ്റാ കമ്പനികള്‍. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമായ ടാറ്റാ സണ്‍സ് ലിമിറ്റഡിനെ നേരായ ദിശയില്‍ നയിച്ച് വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ ചെയര്‍മാന്‍ . പുറത്താക്കപ്പെട്ട പഴയ മേധാവി സൈറസ് മിസ്ത്രി വരുത്തിവച്ച വിവാദക്കുരുക്കില്‍ നിന്നും മുക്തമാക്കി കമ്പനിക്ക് മികച്ചൊരു ഭാവി വാഗ്ദാനം ചെയ്യുന്ന ചന്ദ്രശേഖരനിലാണ് നിക്ഷേപകരുടെ പുതിയ പ്രതീക്ഷ.

2017 ഫെബ്രുവരി 21ന് ചന്ദ്രശേഖരന്‍ ചെയര്‍മാനായി ചാര്‍ജെടുത്ത ശേഷം, രണ്ടു വര്‍ഷത്തിനിടെ ടാറ്റാ കമ്പനികളുടെ ആകെ വിപണിമൂല്യത്തില്‍ 21 ശതമാനത്തിന്റെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടാറ്റാ കമ്പനികളുടെ ചെയര്‍മാനായി ചുമതലയേല്‍ക്കും മുമ്പ് ഏഴ് വര്‍ഷക്കാലം ചന്ദ്രശേഖരന്‍ നയിച്ചിരുന്ന ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് ലിമിറ്റഡാണ് (ടിസിഎസ്) ടാറ്റാ കമ്പനികളുടെ വിപണിമൂല്യത്തെ മുന്നോട്ട് നയിക്കുന്ന പ്രധാന ചാലകശക്തി. ടാറ്റാ ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ 70 ശതമാനവും ടിസിഎസില്‍ നിന്നുള്ളതാണ്. ടാറ്റയുടെ സോഫ്റ്റ് വെയര്‍ കമ്പനിയായ ടിസിഎസിന്റെ വിപണി മൂലധനം രണ്ട് വര്‍ഷത്തിനിടെ 39 ശതമാനം വളര്‍ന്ന് 7.69 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു.

ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 28 ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെയും വിപണി മൂല്യത്തില്‍ ഇന്നലെ വരെ 10.88 ട്രില്യണ്‍ രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍നിരയിലുള്ള മറ്റ് ബിസിനസ് ഗ്രൂപ്പുകളില്‍ ആറെണ്ണത്തിന്റെ വിപണിമൂല്യത്തില്‍ ഇക്കാലയളവില്‍ ഇടിവുണ്ടായി എന്ന വസ്തുത ടാറ്റാ കമ്പനികളുടെ വളര്‍ച്ചയുടെ പ്രഭാവം വര്‍ധിപ്പിക്കുന്നു.

അതേസമയം ടിസിഎസിന്റെ വളര്‍ച്ച മാറ്റി നിര്‍ത്തിയാല്‍ ടാറ്റാ ഗ്രൂപ്പിലെ മറ്റ് കമ്പനികള്‍ക്ക് എടുത്തുപറയത്തക്ക വളര്‍ച്ച അവകാശപ്പെടാനില്ല. രണ്ട് വര്‍ഷത്തിനിടെ ടിസിഎസ് ഒഴികെയുള്ള ടാറ്റാ കമ്പനികളുടെ വിപണിമൂല്യത്തില്‍ 7.35 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സെന്‍സക്‌സ് 19 ശതമാനം നേട്ടം നല്‍കിയെങ്കില്‍ പോലും, മോശം പ്രകടനമായിരുന്നു ഇക്കാലയളവില്‍ ടിസിഎസ് ഒഴികെയുള്ള ടാറ്റ കമ്പനികളുടേത്.

ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ ടാറ്റാ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ക്കാണ് രണ്ട് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടിരിക്കുന്നത്. നിലവില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ വിപണിമൂല്യം 43,728.9 കോടി രൂപ മാത്രമാണ്. ടാറ്റാ മോട്ടോഴ്‌സിന്റെ അനുബന്ധ കമ്പനിയായ ബ്രിട്ടീഷ് ആഡംബര കാറായ ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍(ജെഎല്‍ആര്‍) നിന്നുള്ള സമ്മര്‍ദ്ദമാണ് ടാറ്റാ മോട്ടോഴ്‌സിന് തിരിച്ചടിയാകുന്നത്. രാജ്യത്തെ കോര്‍പ്പറേറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നഷ്ടമാണ് ഡിസംബര്‍ പാദത്തില്‍ ടാറ്റാ മോട്ടോഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 8ന് ടാറ്റാ മോട്ടോഴ്‌സ് ഓഹരികളില്‍ 22.4 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 1993 ഫെബ്രുവരിക്ക് ശേഷം ഒറ്റദിവസത്തില്‍ ഇത്രയധികം ഓഹരിത്തകര്‍ച്ച ഉണ്ടാകുന്നത് ഇതാദ്യമാണ്.

ജെഎല്‍ആറിന് വേണ്ടി 3.10 ബില്യണ്‍ പൗണ്ട് കടമെഴുതി തള്ളല്‍ നടത്തിയ ശേഷം 26,993 കോടി രൂപയുടെ സംയോജിത നഷ്ടമാണ് ടാറ്റാ മോട്ടോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ വില്‍പ്പന കുറഞ്ഞതും പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കനുകൂലമായി വിപണിയില്‍ മാറ്റമുണ്ടായതുമാണ് ഇത്ര വലിയ കടമെഴുതി തള്ളലിലേക്ക് കമ്പനിയെ കൊണ്ടെത്തിച്ചത്. കഴിഞ്ഞ ജുലൈയ്ക്ക് ശേഷം എല്ലാ മാസവും വില്‍പ്പന കുറഞ്ഞുകൊണ്ടിരിക്കുന്ന ജെഎല്‍ആറിന്റെ വില്‍പ്പന ഡിസംബര്‍ പാദത്തില്‍ 6.4 ശതമാനം തകര്‍ന്ന് 144,600 വാഹനങ്ങളായി ചുരുങ്ങിയിരുന്നു. ചൈനീസ് വിപണിയിലെ മന്ദതയും ബ്രെക്‌സിറ്റ് അനിശ്ചിതത്വവും ജെഎല്‍ആറിന് തിരിച്ചടിയാകുന്നുണ്ട്.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ശേഷം രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയാണ് ടിസിഎസിന്റേത്. രാജ്യത്തെ രണ്ടാമത്തെ വലിയ ബിസിനസ് ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യത്തില്‍ രണ്ട് വര്‍ഷത്തിനിടെ 81 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. റീട്ടെയ്ല്‍, ടെലികോം ബിസിനസ് സംരംഭങ്ങളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ വളര്‍ച്ചയുടെ നെടുംതൂണ്‍.

Comments

comments

Categories: Business & Economy
Tags: Tata, TCS

Related Articles