ഓണ്‍ലൈന്‍ പലചരക്ക് സ്റ്റോറുകള്‍ക്ക് പുതിയ എതിരാളിയാകാന്‍ സ്വിഗ്ഗി സ്റ്റോഴ്‌സ്

ഓണ്‍ലൈന്‍ പലചരക്ക് സ്റ്റോറുകള്‍ക്ക് പുതിയ എതിരാളിയാകാന്‍ സ്വിഗ്ഗി സ്റ്റോഴ്‌സ്

ബിഗ് ബാസ്‌കെറ്റ്, ഗ്രോഫേഴ്‌സ്, ഗൂഗിളിന്റെ ഡണ്‍സോ എന്നീ ഓണ്‍ലൈന്‍ പലചരക്ക് സ്റ്റോറുകളാണ് സ്വിഗ്ഗിയുടെ പ്രധാന എതിരാളികള്‍

ബെംഗളൂരു: ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പലചരക്ക് വിതരണ രംഗത്തേക്കും. സ്വിഗ്ഗി സ്റ്റോറെന്ന പുതിയ സംരംഭത്തിലൂടെ പലചരക്ക് സാധനങ്ങള്‍ വീട്ടിപടിക്കലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സ്വിഗ്ഗി. ഭക്ഷണത്തിന് പുറമേ പലചരക്ക് വിതരണത്തിലേക്കും കടക്കുന്ന സ്വിഗ്ഗി ആമസോണ്‍, ഫഌപ്പ്കാര്‍ട്ട് തുടങ്ങി മേഖലയിലെ മുന്‍നിരക്കാര്‍ക്കും ബിഗ് ബാസ്‌കെറ്റ്, ഗ്രോഫേഴ്‌സ്, ഗൂഗിളിന്റെ ഡണ്‍സോ എന്നീ ഓണ്‍ലൈന്‍ പലചരക്ക് സ്റ്റോറുകള്‍ക്കും പുതിയ എതിരാളിയാകും.

ഗുരുഗ്രാമില്‍ ഇതിനോടകം തന്നെ പലചരക്ക് വിതരണ പരീക്ഷണങ്ങള്‍ സ്വിഗ്ഗി ആരംഭിച്ചുകഴിഞ്ഞു. 3,500 പ്രാദേശിക സ്റ്റോറുകളുമായും ഫേണ്‍സ് ആന്‍ഡ് പെറ്റല്‍സ്, ലെ മര്‍ച്ചെ, നീഡ്‌സ് സൂപ്പര്‍മാര്‍ക്കറ്റ്, ലിഷ്യസ്, സാപ്ഫ്രഷ്, ദമമ്‌സ്‌കോ, അപ്പോളോ, ഗാര്‍ഡിയന്‍ ഫാര്‍മസി എന്നിവയുമായി സഹകരിച്ചാണ് സ്വിഗ്ഗി പലചരക്ക് വിതരണ രംഗത്തേക്ക് കടക്കുന്നത്.

തുടക്കത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പലചരക്ക് വിതരണം ആരംഭിക്കാനാണ് സ്വിഗ്ഗി പദ്ധതിയിടുന്നത്. രാജ്യത്തെങ്ങുമുള്ള ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ സൗകര്യങ്ങള്‍ എത്തിക്കുമെന്ന് വളരെ ആത്മവിശ്വാസത്തോടെ തങ്ങള്‍ പറയുമെന്ന് സ്വിഗ്ഗി സ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജെറ്റി ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി പലചരക്ക് സാധനങ്ങള്‍ക്ക് പുറമേ പഴങ്ങള്‍, പച്ചക്കറികള്‍, കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍, ഹെല്‍ത്ത് പ്രോഡക്ട്‌സ്, സപ്ലിമെന്റുകള്‍ എന്നിവയും ആവശ്യാര്‍ത്ഥം വീടുകളില്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ട് ഒരു മണിക്കൂറിനകം സാധനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുക എന്നതാണ് സ്വിഗ്ഗിയുടെ ലക്ഷ്യം.

നാസ്പഴ്‌സിന് പുറമേ ചൈനീസ് കമ്പനിയായ ടെന്‍സന്റും പ്രധാന നിക്ഷേപകരായുള്ള സ്വിഗ്ഗി നിലവില്‍ 80 നഗരങ്ങളിലായി പ്രതിമാസം 28 മില്യണ്‍ ഇടപാടുകളാണ് നടത്തുന്നത്. വിതരണരംഗത്ത് 125,000 പങ്കാളികളാണ് കമ്പനിക്കുള്ളത്.

Comments

comments

Categories: Business & Economy
Tags: Swiggy