റഫേല്‍ കരാര്‍ തുക 2.86% കുറവ്: സിഎജി

റഫേല്‍ കരാര്‍ തുക 2.86% കുറവ്: സിഎജി

എന്‍ഡിഎ കരാര്‍ യുപിഎ ഇടപാടിനെ അപേക്ഷിച്ച് മെച്ചപ്പെട്ടത്; പ്രത്യേക ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും ഇനത്തില്‍ല്‍ 17.08 ശതമാനം ലാഭം നേടാന്‍ കഴിഞ്ഞു

ന്യൂഡെല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിന് വന്‍ രാഷ്ട്രീയ ആശ്വാസം നല്‍കി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2007 ല്‍ ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തയാറാക്കിയ കരാറിനെക്കാള്‍ 2.86 ശതമാനം കുറവാണ് എന്‍ഡിഎ സര്‍ക്കാര്‍ 2016 ല്‍ യാഥാര്‍ഥ്യമാക്കിയ കരാറിലെ തുകയെന്ന് രാജ്യസഭയില്‍ വെച്ച സിഎജി ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി. വിമാനങ്ങളില്‍ ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും തുകയില്‍ 17.08 ശതമാനം ലാഭം നേടാന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കരാറിന് സാധിച്ചെന്നും സിഎജിയുടെ 141 പേജ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യ 18 വിമാനങ്ങള്‍ കൈമാറാനാനുള്ള സമയവും അഞ്ച് മാസം നേരത്തെയാക്കാന്‍ പുതിയ കരാറിന് സാധിച്ചു.

യുപിഎ തയാറാക്കിയ കരാറില്‍, ആവശ്യമായ സാങ്കേതിക സംവിധാനങ്ങളുടെ ‘റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍’ ഉള്‍പ്പെടുത്താതിരുന്നതിനാല്‍ ഇത് അസാധുവായേക്കുമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ മുന്നറിയിപ്പും സിഎജി റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധ താല്‍പ്പര്യങ്ങള്‍ പരിഗണിച്ച് സാങ്കേതികമായ 13 മാറ്റങ്ങളാണ് ഇന്ത്യ ആവശ്യപ്പെട്ടത്. പുതിയ കരാര്‍ പ്രകാരം ഇവയുടെ ചെലവ് താരതമ്യേന കുറവാണെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. അതേസമയം റഫേല്‍ വിമാനങ്ങളുടെ തുക സിഎജിയും വ്യക്തമാക്കിയിട്ടില്ല.

റഫേല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ അഴിമതി കാട്ടിയെന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതാണ് സിഎജി റിപ്പോര്‍ട്ടെന്ന് വിലയിരുത്തപ്പെടുന്നു. പൊതു തെരഞ്ഞെടുപ്പിനു മുന്‍പ് വലിയ ആശ്വാസമാണ് ഇത് സര്‍ക്കാരിന് പകര്‍ന്നിരിക്കുന്നത്. എങ്കിലും മോദി സര്‍ക്കാര്‍ നിയമ മന്ത്രാലയത്തിന്റെ ഉപദേശം മാനിച്ചില്ലെന്നും കരാറില്‍ ഗ്യാരന്റി ഇല്ലെന്നുമുള്ള സിഎജി കണ്ടെത്തല്‍ പ്രതിപക്ഷം തുടര്‍ന്നും ആയുധമാക്കിയേക്കും. സര്‍ക്കാരിന്റെ നിലപാട് ശരിയാണെന്ന് സിഎജി റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചു. എന്‍ഡിഎയുടെ കരാര്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നതാണെന്ന് വ്യക്തമായതായും ജയ്റ്റ്‌ലി പറഞ്ഞു.

Categories: Current Affairs, Slider
Tags: Rafale deal