ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രിയങ്ക

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രിയങ്ക

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഇക്കുറി മത്സരിക്കാനിറങ്ങുമോ എന്നത് സംബന്ധിച്ച് രാഷ്ട്രീയരംഗത്ത് ചര്‍ച്ച നടന്ന സാഹചര്യത്തിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിക്കുകയാണ് തന്റെ ലക്ഷ്യം. അതിനായി കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രചാരണം നടത്തും. ഒപ്പം അനുഭാവികളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും വിവരങ്ങളും അവര്‍ശേഖരിക്കുന്നുണ്ട്. അത് അനുസരിച്ചുള്ള തന്ത്രങ്ങള്‍ പിന്നീട് രൂപീകരിക്കുകയാണ് ലക്ഷ്യം.

റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കും എന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇതിനുമുമ്പ് പുറത്തുവന്നത്. എന്നാല്‍ ഒരു പരാജയം നേരിട്ടാല്‍ അവരുടെ രാഷ്ട്രീയ ഭാവിക്കുതന്നെ അത് ദോഷം ചെയ്‌തേക്കാം എന്നതാണ് അവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചത് എന്ന് സൂചനയുണ്ട്.

പൊതുതെരഞ്ഞെടുപ്പില്‍ മത്സരം പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും നേരിട്ടാണെന്നും പ്രിയങ്ക പറയുന്നു. ഉത്തര്‍പ്രദേശില്‍ മേധാവിത്വം നേടാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ അവിടെ നയിക്കുകയാണ് പ്രിയങ്കയുടെ ചുമതല.അതിനായി ചെറുപാര്‍ട്ടികളുമായി അവര്‍ചര്‍ച്ച നടത്തുകയാണ്. മഹാന്‍ ദള്‍ എന്ന പാര്‍ട്ടിയുമായി അവര്‍ സഖ്യം പ്രഖ്യാപിച്ചിട്ടുമുണ്ട്. പാര്‍ട്ടിയുടെ അടിത്തട്ട് ശക്തിപ്പെടുത്തുക എന്ന രാഹുലിന്റെ നിര്‍ദേശം പ്രിയങ്ക നടപ്പാക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാറും അറിയിച്ചു.

Comments

comments

Categories: Politics