ധ്രുവക്കരടികള്‍ കൂട്ടത്തോടെ കടന്നുകയറി; റഷ്യന്‍ ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ധ്രുവക്കരടികള്‍ കൂട്ടത്തോടെ കടന്നുകയറി; റഷ്യന്‍ ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മോസ്‌കോ: നൊവാ സെംബ്ല എന്ന റഷ്യന്‍ ദ്വീപില്‍ ധ്രുവ കരടികള്‍ കൂട്ടത്തോടെ കടന്നുകയറിയതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആര്‍ട്ടിക്ക് സമുദ്രത്തില്‍ റഷ്യയുടെ വടക്ക് ഭാഗത്തുള്ള ദ്വീപസമൂഹമാണു നൊവാ സെംബ്ല. സോവിയറ്റ് യൂണിയന്‍ പണ്ട് ആണവ പരീക്ഷണം നടത്തിയിരുന്ന സ്ഥലം കൂടിയാണിത്. ഏകദേശം 3,000-ത്തില്‍ താഴെയാണ് ഈ ദ്വീപിലെ ജനസംഖ്യ. എന്നാല്‍ ധ്രുവക്കരടികള്‍ ഈ ദ്വീപിലേക്കു കൂട്ടമായെത്തി ഇവിടെയുള്ള പ്രദേശവാസികളെ ഉപരോധിച്ചിരിക്കുകയാണ്. ജനങ്ങള്‍ ആകെ പരിഭ്രാന്തരാണ്. പലര്‍ക്കും പുറത്തേയ്ക്കിറങ്ങാന്‍ ഭയമാണ്. കുട്ടികളെ സ്‌കൂളില്‍ വിടാനും മാതാപിതാക്കള്‍ തയാറാകുന്നില്ലെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ തലവന്‍ അലക്‌സാണ്ടര്‍ മിനായേവ് പറഞ്ഞു. ഇതേ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തങ്ങള്‍ ബാദ്ധ്യസ്ഥരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരത്തുകളില്‍ ഗതാഗതം തടസപ്പെടുത്തും വിധം കാണപ്പെടുന്ന ധ്രുവക്കരടികളെ യാത്രക്കാര്‍ ഹോണ്‍ മുഴക്കി ഓടിക്കാന്‍ നോക്കിയെങ്കിലും ശ്രമം വിഫലമായതായി ടാസ് ന്യൂസ് ഏജന്‍സി പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെട്ടവയായിട്ടാണ് റഷ്യ ധ്രുവക്കരടിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇവയെ വെടിവയ്ക്കുന്നതു നിയമവിരുദ്ധമാണ്.

കഴിഞ്ഞ മാസം നൊവാ സെംബ്ലയിലുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിലൂടെ ധ്രുവക്കരടികള്‍ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഈയടുത്ത കാലത്തു പുറത്തുവന്നിരുന്നു. ചവറുകള്‍ കൂമ്പാരമായി ഇട്ടിരിക്കുന്ന സ്ഥലത്തെത്തി അവിടെ കൂട്ടിയിട്ടിരിക്കുന്നവയാണ് ധ്രുവക്കരടികള്‍ ഭക്ഷണമാക്കുന്നത്. ഭക്ഷണത്തിനു ശേഷം ഇവ നിരത്തിലിറങ്ങി അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്. ഇതാകട്ടെ വാഹന യാത്രക്കാര്‍ക്കു ശല്യമായി തീരുകയും ചെയ്യുകയാണ്. ആര്‍ട്ടിക് പ്രദേശം ധ്രുവക്കരടികളുടെ വാസസ്ഥലമാണ്. ഈ പ്രദേശം ഇരട്ടി വേഗതയില്‍ ചൂട് പിടിക്കുകയാണ്. മഞ്ഞ് ഉരുകുന്നതിനെ തുടര്‍ന്ന് ആഹാരം തേടി ഇറങ്ങാന്‍ ധ്രുവ കരടികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മാലിന്യ നിക്ഷേപങ്ങളുള്ള പ്രദേശങ്ങളാണ് ഇവയ്ക്ക് ഏറ്റവും ആകര്‍ഷകമാകുന്നത്. മറ്റ് ആഹാരത്തിന്റെ ലഭ്യത കണക്കിലെടുക്കാതെ, മലിന ഭക്ഷണത്തിന്റെ മണം എവിടെയാണോ ഉള്ളത് അവിടങ്ങളിലേക്ക് ധ്രുവ കരടികള്‍ പോവുകയാണ്.

Comments

comments

Categories: FK News
Tags: Polar bear