ഉപഭോക്തൃ വിലയിലെ പണപ്പെരുപ്പം 19 മാസത്തെ താഴ്ചയില്‍

ഉപഭോക്തൃ വിലയിലെ പണപ്പെരുപ്പം 19 മാസത്തെ താഴ്ചയില്‍

ഭക്ഷ്യവസ്തുക്കളില്‍ തുടര്‍ച്ചയായ നാലാം മാസവും പ്രകടമാകുന്ന വിലയിടിവ് കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 19 മാസത്തെ താഴ്ചയിലെത്തിയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തിക്കിയ ഔദ്യോഗിക രേഖ വ്യക്കമാക്കുന്നു. 2.05 ശതമാനം ചെറുകിട പണപ്പെരുപ്പമാണ് ജനുവരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ ഇടിവും ഇന്ധന വിലയിലെ സമ്മര്‍ദം കുറഞ്ഞതുമാണ് പണപ്പെരുപ്പം കുറയാനിടയാക്കിയിട്ടുള്ളത്.

ഡിസംബറില്‍ വ്യാവസായിക ഉല്‍പ്പാദനത്തില്‍ ഉണ്ടായ വളര്‍ച്ച 2.4 ശതമാനം മാത്രമാണെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബറില്‍ 17 മാസത്തെ ഏറ്റവും താണ നിലയായ 0.3 ശതമാനത്തിലേക്ക് വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച എത്തിയിരുന്നു. അതില്‍ നിന്നുള്ള വീണ്ടെടുപ്പ് പ്രകടമാണെങ്കിലും ഏപ്രില്‍- ഡിസംബര്‍ കാലയളവിലെ ശരാശരിയായ 4.6 ശതമാനത്തില്‍ നിന്നും ഏറെ താഴെയാണ് ഡിസംബറിലെ വ്യാവസായിക വളര്‍ച്ച. ഫെബ്രുവരി വരെ വളര്‍ച്ചയില്‍ മാന്ദ്യം പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. അടിസ്ഥാനമായി എടുക്കുന്ന മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇക്കാലയളവില്‍ ഉയര്‍ന്ന ഉല്‍പ്പാദനം പ്രകടമായിരുന്നതാണ് പ്രധാന കാരണം.

മാര്‍ച്ച് പാദത്തില്‍ 2.8 ശതമാനം പണപ്പെരുപ്പമാണ് പ്രകടമാകുകയെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിഗമനത്തെ പിന്തുണയ്ക്കുന്നതാണ് കണക്കുകള്‍. ഇത് ഏപ്രിലിലെ ധനനയ അവലോകനത്തില്‍ വീണ്ടും നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിച്ചേക്കും. പണപ്പെരുപ്പം ഉചിതമായ നിലയില്‍ തുടരുമെന്നും വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമുള്ള കാഴ്ചപ്പാടാണ് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നോട്ടുവെച്ചിട്ടുള്ളത്.
ഭക്ഷ്യവസ്തുക്കളില്‍ തുടര്‍ച്ചയായ നാലാം മാസവും പ്രകടമാകുന്ന വിലയിടിവ് കാര്‍ഷിക മേഖലയിലെ പ്രതിസന്ധി ശരിയായി പരിഹരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലെന്നതിന്റെ തെളിവായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളി ഉണര്‍ത്തുന്നതാണ് ഇത്.

വ്യാവസായിക ഉല്‍പ്പാദന സൂചിക ഡിസംബറിലെ 5.9 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 3.4 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട് നഗരമേഖലയിലെ ഉപഭോഗം ഇപ്പോഴും ചില സമ്മര്‍ദങ്ങള്‍ നേരിടുന്നുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. നോട്ട് അസാധുവാക്കലിന്റെയും ചരക്കു സേവന നികുതി നടപ്പാക്കലിന്റെ പ്രത്യാഘാതങ്ങള്‍ വിപണിയില്‍ ഇല്ലാതാകുകയാണെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Comments

comments

Categories: Business & Economy
Tags: inflation

Related Articles