പാഠ്യപദ്ധതികള്‍ തയാറാക്കുമ്പോള്‍ വ്യവസായമേഖലയെയും സഹകരിപ്പിക്കാം

പാഠ്യപദ്ധതികള്‍ തയാറാക്കുമ്പോള്‍ വ്യവസായമേഖലയെയും സഹകരിപ്പിക്കാം

സമ്പദ് വ്യവസ്ഥയുടെ മല്‍സരക്ഷമത ശക്തിപ്പെടുത്തുന്നതിനായി നൂതന ശേഷി പടുത്തുയര്‍ത്തുന്നതിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ നയകേന്ദ്രീകരണം മാറ്റുകയാണ്. പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ശേഷിയും രാഷ്ട്രങ്ങളുടെയും പ്രദേശങ്ങളുടെയും മല്‍സരക്ഷമതയും തമ്മില്‍ ഒരു സ്പഷ്ടമായ ബന്ധം പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നൊവേഷന്‍ ഹബ്ബുകളായി മാറിയ സര്‍വകലാശാലകള്‍ ലോകമെങ്ങും ഇന്ന് വ്യവസായ മേഖലകളെ സാങ്കേതികമായി പിന്തുണക്കുന്നു. വ്യവസായ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും തമ്മിലുള്ള കരത്തുറ്റ ബന്ധം സാധ്യമായാലേ ഇന്ത്യക്കും മുന്നേറ്റം സാധ്യമാവൂ

നേട്ടങ്ങളുടെ വിതരണത്തിലുള്ള അസമത്വങ്ങളുമായി ബന്ധപ്പെട്ട അസംതൃപ്തിയുടെ തോത് വര്‍ധിച്ചതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഗോളവല്‍ക്കരണം എന്ന ആശയം ശക്തമായി വിമര്‍ശിക്കപ്പെടുകയാണ്. സമ്പദ് വ്യവസ്ഥകള്‍ ഇതില്‍ നിന്ന് കൊയ്‌തെടുത്ത ആനുകൂല്യങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്തു. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുതകുന്ന സാങ്കേതികവിദ്യയുടെ പരസ്പര കൈമാറ്റവും ഇതിലൂടെ നൂതന വിദ്യകള്‍ ലോകമെങ്ങും വ്യാപിച്ചതുമാണ് ആഗോളവല്‍ക്കരണം മുഖേനയുണ്ടായ സ്പഷ്ടമായ നേട്ടം. സ്വതന്ത്ര വ്യാപാരം, ഉയര്‍ന്ന തോതിലുള്ള വിദേശ നിക്ഷേപം, പാറ്റന്റുകളുടെയും പകര്‍പ്പവകാശങ്ങളുടെയും അന്താരാഷ്ട്ര തലത്തിലുള്ള ഉപയോഗം തുടങ്ങിയവയിലൂടെ ലോകത്തുടനീളം അറിവും സാങ്കേതികവിദ്യയും വ്യാപിക്കുന്നതിന് ആഗോളവല്‍ക്കരണം ഗണ്യമായ തോതില്‍ ഉത്തേജനം നല്‍കിയെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര നാണ്യ നിധിയുടെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതല്‍ വിപണി വിഹിതം നേടുന്നതിനുള്ള സുപ്രധാനഘടകമായി നൂതനത മാറിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയുടെ മല്‍സരക്ഷമത ശക്തിപ്പെടുത്തുന്നതിനായി നൂതന ശേഷി പടുത്തുയര്‍ത്തുന്നതിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ തങ്ങളുടെ നയകേന്ദ്രീകരണം മാറ്റുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, മല്‍സരിക്കാനും വളരാനും ലാഭക്ഷമമാകാനുമുള്ള ഒരു രാജ്യത്തിന്റെ ശേഷിയെ ആണ് മല്‍സരക്ഷമത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ശേഷിയും രാഷ്ട്രങ്ങളുടെയും പ്രദേശങ്ങളുടെയും മല്‍സരക്ഷമതയും തമ്മില്‍ ഒരു സ്പഷ്ടമായ ബന്ധം പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളും പ്രവര്‍ത്തനങ്ങളും നൂതനമാക്കാതെ മല്‍സരക്ഷമമാകുക എന്നത് ഒരു ബിസിനസിനെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമായ കാരമാണ്.

ലോകം അതിവേഗത്തില്‍ നവീനമായ സങ്കേതങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുമ്പോള്‍, ഒരു രാജ്യവും അതില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കാന്‍ ആഗ്രഹിക്കില്ല. തങ്ങളുടെ നിലവിലെ പഞ്ചവല്‍സര പദ്ധതിയില്‍ 2020 ഓടെ ഒരു ‘ ഇന്നൊവേറ്റീവ് രാഷ്ട്രം’ ആകാന്‍ ചൈന പദ്ധതിയിട്ടിട്ടുണ്ട്. 2030ഓടെ അന്താരാഷ്ട്ര ഇന്നൊവേഷന്‍ ലീഡറാകാനും ചൈന സ്വപ്‌നം കാണുന്നു. ചരിത്രപരമായിത്തന്നെ വന്‍ തോതില്‍ പ്രകൃതി വിഭവങ്ങളെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന സൗദി അറേബ്യയെ പോലുള്ള രാജ്യങ്ങള്‍ പോലും ഉന്നതമായ നൂതനതയിലേക്ക് നീങ്ങുന്നതിന് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുകയാണ്. ഭൂമി, മൂലധനം, തൊഴിലാളികള്‍ എന്നിവയുടെ തോതിനെ (ചൈനയെ സംബന്ധിച്ച് കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന തൊഴിലാളികള്‍, സൗദി അറേബ്യയെ സംബന്ധിച്ച് എണ്ണ ശേഖരം എന്നിവ) ആശ്രയിച്ചുള്ള മല്‍സരക്ഷമതയുമായി ബന്ധപ്പെട്ട പ്രയോജനം ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുകയില്ലെന്ന് ഈ രാജ്യങ്ങള്‍ മനസിലാക്കി കഴിഞ്ഞു. വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനം അനിവാര്യമായിക്കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ ഇന്ത്യ ഇപ്പോഴും പഴയ അവസ്ഥയില്‍ നിന്ന് കരകയറിയിട്ടില്ല. രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിടിയിലായിരുന്നതിനാല്‍ ഒന്നാം വ്യാവസായിക വിപ്ലവത്തിന്റെ ഫലങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താനായില്ല. ഇന്നൊവേഷന്റെ മറ്റൊരു ഘട്ടവും ലോകചരിത്രത്തില്‍ ഇത്തരമൊരു വമ്പന്‍ പരിവര്‍ത്തനം കൊണ്ടുവന്നിട്ടില്ല. 20ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയുണ്ടായ ഡിജിറ്റല്‍ വിപ്ലവമാണ് ഏറെക്കുറെയെങ്കിലും അടുത്തു നില്‍ക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച്, വികസന പുരോഗതിയുടെ വേഗം കൂട്ടാനും നൂതന ശേഷി വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങളില്‍ കേന്ദ്രീകരിക്കുന്നതിലൂടെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനുള്ള മികച്ച അവസരമാണിത്.

അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ നിതി ആയോഗും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നസും ചേര്‍ന്ന് ‘സമൃദ്ധിക്കായി നൂതനത’ എന്ന വിഷയത്തില്‍ ഒരു വട്ടമേശ സമ്മേളനം സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ഇന്നൊവേഷന്‍ ശേഷി മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ പ്രായോഗികമായ നിര്‍ദേശങ്ങള്‍ നിതി ആയോഗിനായി തയാറാക്കുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തില്‍ വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധമായിരുന്നു വട്ടമേശ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞുവന്ന ഏറ്റവും പ്രസക്തമായ വിഷയം.

ലോകത്തുടനീളം ഇന്നൊവേഷന്റെ ഹബ്ബുകളായാണ് സര്‍വകലാശാലകള്‍ പരിഗണിക്കപ്പെടുന്നത്. പുതിയ സാങ്കേതികവിദ്യകളും സംവിധാനങ്ങളും പ്രക്രിയകളും വികസിപ്പിക്കുന്നതിനുള്ള ആശങ്ങള്‍ പങ്കുവെക്കാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ ഇവിടെ ഒരുമിച്ചു ചേരുന്നു. സര്‍വകലാശാലകളിലെ ഗവേഷണങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന ഇന്നൊവേഷനുകള്‍ വിവിധ വ്യാവസായിക മേഖലകളെ വലിയ തോതില്‍ ആകര്‍ഷിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളിലേക്കും വിപണിയുടെ വികസനത്തിലേക്കും ഇത് നയിക്കുന്നു. ലോക വിപണികളില്‍ മല്‍സരക്ഷമതയുടെ മുന്‍തൂക്കം നേടിയെടുക്കുന്നതിന് രാഷ്ട്രത്തെ ഇത് സഹായിക്കും.

വ്യവസായ മേഖലയും വിദ്യാഭ്യാസ മേഖലയും തമ്മിലുള്ള ഇത്തരത്തിലൊരു ബന്ധം ഇന്ത്യയില്‍ കാണാന്‍ സാധിക്കുന്നില്ല. വിജ്ഞാനസൃഷ്ടി, വിജ്ഞാന കൈമാറ്റം തുടങ്ങിയ രണ്ട് ഉത്തരവാദിത്തങ്ങളും സര്‍വകലാശാലകള്‍ തന്നെയാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍, വിജ്ഞാനക്കൈമാറ്റം എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒട്ടും ദൃശ്യമല്ല. തുടക്കം മുതലേ നിലവാരത്തേക്കാള്‍ കൂടുതല്‍ എണ്ണത്തിന് ശ്രദ്ധ നല്‍കുന്ന, രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിലാണ് പ്രശ്‌നം കുടിയിരിക്കുന്നത്. ഉദാഹരണത്തിന്, എപ്പോഴും പ്രാധാന്യം കല്‍പ്പിക്കുന്നത് പഠിപ്പിക്കുന്ന മണിക്കൂറുകളുടെ എണ്ണത്തിനാണ്, അല്ലാതെ ആ മണിക്കൂറുകളില്‍ പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനല്ല.

വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടത്തിലും, വിദ്യാര്‍ത്ഥികളെ ചിന്തിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. മാര്‍ക്കുകളില്‍ മാത്രം നിരന്തരമായി ശ്രദ്ധ നല്‍കുന്നതിനാല്‍ മനഃപാഠമാണ് വലിയ തോതില്‍ പ്രോല്‍സാഹിപ്പിക്കപ്പെടുന്നത്. ചിന്തകള്‍ക്കോ ഇന്നൊവേഷനോ ഒരു സാധ്യതയും ഈ രീതിയില്‍ ഇല്ല. കൂടാതെ, ഉന്നത വിദ്യാഭ്യാസവും ഏറെ കാലഹരണപ്പെട്ടതും വ്യവസായ കേന്ദ്രീകൃതമല്ലാത്തതുമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മാനവ വിഭവ മൂലധനം, വ്യാവസായിക മേഖലകളെ നവീകരിക്കാനും മാത്രം സജ്ജമായിട്ടുള്ളതല്ല. സഹവര്‍ത്തിത്വത്തില്‍ അധിഷ്ഠിതമായ ഇന്നൊവേഷനില്‍ ആര്‍ക്കാണ് ബൗദ്ധിക സ്വത്തവകാശം എന്നത് സംബന്ധിച്ച അവ്യക്തതയാണ് വ്യവസായ രംഗവും വിദ്യാഭ്യാസ രംഗവും തമ്മിലുള്ള ബന്ധത്തിന് തടസം നില്‍ക്കുന്ന മറ്റൊരു തര്‍ക്ക വിഷയം. ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം, വ്യവസായ രംഗവും സര്‍വകലാശാലകളുടെ പഠന ഗവേഷണ വിഭാഗങ്ങളും തമ്മിലുള്ള ഏതൊരു സഹകരണവും സൃഷ്ടിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

നിലവിലെ സ്ഥിതിയില്‍ മാറ്റം കൊണ്ടുവരാനുള്ള ഒരു മാര്‍ഗം, കോഴ്‌സുകളുടെ പാഠ്യക്രമം രൂപകല്‍പ്പന ചെയ്യുന്ന സമയത്ത് വിവിധ മേഖലകളുടെ ഉപദേശം തേടാന്‍ സര്‍വകലാശാലകളെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ്. ഇതിലൂടെ ബിരുദധാരികളെ കൂടുതല്‍ വിനിയോഗ യോഗ്യവും ഇന്നൊവേറ്റീവുമായി മാറ്റാനാവും. ഉന്നത മേഖലയിലെ സഹകരണങ്ങള്‍ സുസാധ്യമാക്കുന്നതില്‍ സര്‍ക്കാരിനും വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. വ്യാവസായികരംഗത്ത് നൂതന സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍വകലാശാലകളില്‍ സ്ഥാപിക്കുന്നതിന് സബ്‌സിഡികളും ഇളവുകളും നല്‍കാന്‍ സര്‍ക്കാരിനാവും. ഉയര്‍ന്ന അക്കാഡമിക തലത്തിലുള്ള കൈമാറ്റങ്ങളുടെ ചെലവ് ഏറ്റെടുക്കുന്നതിലൂടെയും സര്‍ക്കാരിന് പിന്തുണക്കാം. സര്‍വകലാശാലകളിലെ പഠന ഗവേഷണ വിഭാഗങ്ങളില്‍ നിന്ന് വ്യവസായ മേഖല എന്താണ് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കാന്‍ ഇത് സഹായിക്കും. രാജ്യത്തെ കൂടുതല്‍ മല്‍സരക്ഷമമാക്കാനും നൂതനതയുമായി ബന്ധപ്പെട്ട ശേഷിയെ മുന്നോട്ട് നയിക്കാനും ഇത്തരത്തിലുള്ള നടപടികള്‍ ഏറെ സഹായകമാകും.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട് : ഐഎഎന്‍എസ്

Categories: FK Special, Slider