ഹോണ്ട സിവിക് ഇന്ത്യയില്‍ തിരിച്ചെത്തുന്നു

ഹോണ്ട സിവിക് ഇന്ത്യയില്‍ തിരിച്ചെത്തുന്നു

മാര്‍ച്ച് 7 ന് ഇന്ത്യന്‍ വിപണിയില്‍ സെഡാന്‍ അവതരിപ്പിക്കും

ഹോണ്ട സിവിക് മോഡലിന്റെ ഏറ്റവും പുതിയ പതിപ്പ് മാര്‍ച്ച് 7 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഏകദേശം ആറ് വര്‍ഷങ്ങള്‍ക്കുശേഷം 2019 മോഡലായാണ് സെഡാന്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗാകു നകാനിഷി ഇക്കാര്യം സ്ഥിരീകരിച്ചു. പുതിയ ഹോണ്ട സിവിക് സെഡാന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ ഏറ്റുവാങ്ങിയാണ് മിക്ക ഡീലര്‍മാരും ബുക്കിംഗ് സ്വീകരിക്കുന്നത്. 18-22 ലക്ഷം രൂപയായിരിക്കും വിലയെന്ന് പ്രതീക്ഷിക്കുന്നു. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുതിയ സിവിക് സെഡാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ സിവിക് ആയിരിക്കില്ല വിപണിയിലെത്തുന്നത്. ഫേസ്‌ലിഫ്റ്റ് ചെയ്ത വേര്‍ഷനായിരിക്കും.

2013 ലാണ് ഹോണ്ട സിവിക് സെഡാന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം അവസാനിപ്പിച്ചത്. 2006 ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചശേഷം അപ്പോഴേയ്ക്കും ഏകദേശം 55,000 യൂണിറ്റ് സിവിക് വിറ്റുപോയിരുന്നു. പത്താം തലമുറ സിവിക് ഇന്ത്യയില്‍ എത്തുന്നത് എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റ് പുനരുജ്ജീവിപ്പിക്കാന്‍ ജാപ്പനീസ് കമ്പനിയെ സഹായിക്കും. ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റില്‍ പ്രതിവര്‍ഷം ഏകദേശം 10,000 യൂണിറ്റ് കാറുകളാണ് വിറ്റുപോകുന്നത്. ഹ്യുണ്ടായ് ഇലാന്‍ട്ര, സ്‌കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള തുടങ്ങിയ മോഡലുകള്‍ ആധിപത്യം പുലര്‍ത്തുന്നു.

ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവേര്‍ഡ് റൂഫ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 7.0 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്മാര്‍ട്ട് കീ (എന്‍ജിന്‍ ഓണ്‍-ഓഫ് ചെയ്യുന്നതിനും സണ്‍റൂഫും പവര്‍ വിന്‍ഡോകളും പ്രവര്‍ത്തിപ്പിക്കുന്നതിനും ബൂട്ട് തുറക്കുന്നതിനും ഉപയോഗിക്കാന്‍ കഴിയും) എന്നിവ പുതിയ ഹോണ്ട സിവിക് സെഡാനിലെ അടിസ്ഥാന സവിശേഷതകളായിരിക്കും. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് വൈപ്പറുകള്‍, 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും ഫീച്ചറുകളാണ്.

മുന്‍ഗാമിയേക്കാള്‍ വിപുലമാണ് സുരക്ഷാ കിറ്റ്. ‘ലെയ്ന്‍ വാച്ച് കാമറ സിസ്റ്റം’ സെഗ്‌മെന്റില്‍ ഇതാദ്യമായി നല്‍കുന്നു. ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, എജില്‍ ഹാന്‍ഡ്‌ലിംഗ് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡ് ഫംഗ്ഷന്‍ സഹിതം ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് കാമറ, വോക്-എവേ ഓട്ടോ ലോക്ക് ഫീച്ചര്‍, പിന്‍ സീറ്റുകളില്‍ ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് മറ്റ് സുരക്ഷാ ഫീച്ചറുകള്‍. ആസിയാന്‍ എന്‍കാപ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച കാറാണ് ഹോണ്ട സിവിക്.

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ പവര്‍ട്രെയ്‌നുകളില്‍ പുതിയ ഹോണ്ട സിവിക് പുറത്തിറക്കുമെന്ന് നകാനിഷി അറിയിച്ചു. 141 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കൂടെ സിവിടി ചേര്‍ത്തുവെയ്ക്കും. 120 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ എര്‍ത്ത് ഡ്രീംസ് ഡീസല്‍ എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിക്കും. പെട്രോള്‍ വേരിയന്റുകള്‍ 16.5 കിലോമീറ്റര്‍ ഇന്ധനക്ഷമത തരുമ്പോള്‍ ഡീസല്‍ വേരിയന്റുകള്‍ 26.8 കിലോമീറ്റര്‍ ഇന്ധനക്ഷമത സമ്മാനിക്കും.

ആഗോളതലത്തില്‍ ഹോണ്ടയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് സിവിക്. 1972 മുതല്‍ ആകെ 2.5 കോടിയിലധികം യൂണിറ്റ് സിവിക് സെഡാനാണ് വിറ്റത്. ലോകമാകമാനം പത്ത് ഫാക്റ്ററികളിലാണ് ഹോണ്ട സിവിക് നിര്‍മ്മിക്കുന്നത്. 170 ലധികം വിപണികളില്‍ വില്‍ക്കുന്നു.

Comments

comments

Categories: Auto
Tags: Honda Civic