ഗ്ലോബല്‍ എന്‍കാപിന്റെ ഇന്നൊവേഷന്‍ അവാര്‍ഡ് ഗഡ്കരി ഏറ്റുവാങ്ങി

ഗ്ലോബല്‍ എന്‍കാപിന്റെ ഇന്നൊവേഷന്‍ അവാര്‍ഡ് ഗഡ്കരി ഏറ്റുവാങ്ങി

വാഹന സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിഗണിച്ചാണ് പുരസ്‌കാരം

നെക്‌സണ്‍ ക്രാഷ് ടെസ്റ്റ്‌

ന്യൂഡെല്‍ഹി : ഗ്ലോബല്‍ എന്‍കാപിന്റെ (ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ഇന്നൊവേഷന്‍ അവാര്‍ഡ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഏറ്റുവാങ്ങി. രാജ്യത്തെ വാഹന സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. ഗ്ലോബല്‍ എന്‍കാപ് പ്രസിഡന്റ് ഡേവിഡ് വാര്‍ഡ് പുരസ്‌കാരം സമ്മാനിച്ചു. ഗ്ലോബല്‍ എന്‍കാപ് മുന്‍ ചെയര്‍മാന്‍ മാക്‌സ് മോസ്‌ലി, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയ ജോയന്റ് സെക്രട്ടറി അഭയ് ഡാംലെ തുടങ്ങിയവര്‍ പങ്കെടുത്തു. ‘സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ’ കാംപെയ്‌ന് ഉറച്ച പിന്തുണ നല്‍കിയതിന് ഭാരത സര്‍ക്കാരിനെ ഗ്ലോബല്‍ എന്‍കാപ് പ്രശംസിച്ചു.

വാഹന സുരക്ഷ വളരെയധികം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് ഡേവിഡ് വാര്‍ഡ് പറഞ്ഞു. വാഹന യാത്രികരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ കൊണ്ടുവന്നതും പുരസ്‌കാരത്തിന് പരിഗണിച്ചതായി അദ്ദേഹം അറിയിച്ചു. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിലാണെങ്കില്‍, എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), എഎച്ച്ഒ (ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ്‌സ് ഓണ്‍) എന്നിവ നിര്‍ബന്ധമാക്കിയതും പുരസ്‌കാരം നേടുന്നതിന് സഹായിച്ചു. 2021 ഓടെ ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍) നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിക്കുന്നതായി ഗ്ലോബല്‍ എന്‍കാപ് പ്രസിഡന്റ് പറഞ്ഞു.

2014 മുതലാണ് ഇന്ത്യയില്‍ വാഹന സുരക്ഷ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ തുടങ്ങിയത്. ആ വര്‍ഷം ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ ആദ്യമായി ഗ്ലോബല്‍ എന്‍കാപിന്റെ കൂട്ടിയിടി പരിശോധനയ്ക്ക് വിധേയമായി. ഗ്ലോബല്‍ എന്‍കാപ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ കാറായി ടാറ്റ നെക്‌സോണ്‍ മാറിയത് ഈയിടെയാണ്. കൂടാതെ, മഹീന്ദ്ര മറാറ്റ്‌സോ എംപിവി 4 സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കി.

Comments

comments

Categories: Auto