വിദേശ സര്‍വീസുകള്‍ക്കുള്ള പ്രവര്‍ത്തന പദ്ധതി തയാറെന്ന് വിസ്താര

വിദേശ സര്‍വീസുകള്‍ക്കുള്ള പ്രവര്‍ത്തന പദ്ധതി തയാറെന്ന് വിസ്താര

വിദേശത്തേക്ക് പറക്കാനുള്ള വിസ്താരയുടെ അപേക്ഷ പരിശോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്

ന്യൂഡെല്‍ഹി: ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള പ്രീമിയം എയര്‍ലൈനായ വിസ്താര തങ്ങളുടെ വിദേശ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതി തയാറാക്കി കഴിഞ്ഞു. വിദേശ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതി സര്‍ക്കാരില്‍ നിന്നു കാത്തുനില്‍ക്കുകയാണ് കമ്പനി ഇപ്പോള്‍. പ്രവര്‍ത്തന പദ്ധതി ഇപ്പോള്‍ തന്നെ തയാറാണെന്നും അനുമതി ലഭിച്ചാലുടന്‍ അത് നടപ്പിലാക്കാനാകുമെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ സഞ്ജിവ് കപൂര്‍ പറയുന്നു.

വിദേശത്തേക്ക് പറക്കാനുള്ള വിസ്താരയുടെ അപേക്ഷ പരിശോധിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിദേശ സര്‍വീസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. 20 എയര്‍ക്രാഫ്റ്റുകള്‍ സ്വന്തമായുള്ളതും 5 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ളതുമായ കമ്പനിക്കായിരുന്നു നേരത്തേ അനുമതി നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ മാനദണ്ഡം എടുത്തുമാറ്റിയിട്ടുണ്ട്. വിസ്താരയ്ക്ക് 22 എയര്‍ക്രാഫ്റ്റുകളാണ് ഉള്ളത്. അപേക്ഷ നല്‍കിയ ശേഷം ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രവര്‍ത്തനത്തിന്റെ 5 വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട് കമ്പനി.

അടുത്ത സാമ്പത്തിക വര്‍ഷം 2 ബോയിംഗ് 787 വിമാനങ്ങളുള്‍പ്പടെ 12 പ്ലെയ്‌നുകള്‍ വിസ്താര സ്വന്തമാക്കും. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളെ പരസ്പരം കൂട്ടിയിണക്കുന്ന വ്യോമയാന കമ്പനിയായിരിക്കുക എന്നതായിരുന്നു എക്കാലത്തെയും ലക്ഷ്യമെന്ന് കപൂര്‍ പറയുന്നു. ന്യൂഡെല്‍ഹിയില്‍ നടക്കുന്ന വ്യോമയാന ഉച്ചകോടിക്കിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യോമയാന ഹബ്ബായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന കമ്പനി എന്ന ഖ്യാതി ലക്ഷ്യംവെക്കുന്നുണ്ടെന്നും കപൂര്‍ വ്യക്തമാക്കി.

മറ്റ് പൂര്‍ണ വ്യോമയാന കമ്പനികളെ അപേക്ഷിച്ച് അന്താരാഷ്ട്ര സര്‍വീസുകളില്‍ മികച്ച വിജയം കൈവരിക്കാനാകുന്ന ബിസിനസ് മാതൃകയാണ് വിസ്താരക്കുള്ളതെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ആഭ്യന്തര സര്‍വീസുകള്‍ ഇതിന് അനുസരിച്ച് ക്രമീകരിക്കാനും കോഡ് ഷെയറിംഗ് ഉള്‍പ്പടെയുള്ള മേഖലകളില്‍ മറ്റ് കമ്പനികളുമായി സഹകരിക്കാനും പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കാനും വിസ്താര ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: FK News
Tags: Vistara