സാമ്പത്തിക ഡാറ്റ പരിശോധിക്കാന്‍ സ്വതന്ത്ര സമിതി വേണം: ആര്‍ബിഐ സമിതി

സാമ്പത്തിക ഡാറ്റ പരിശോധിക്കാന്‍ സ്വതന്ത്ര സമിതി വേണം: ആര്‍ബിഐ സമിതി

ഇടക്കാല ബജറ്റിലെ പല കണക്കുകളും വിവാദമായ സാഹചര്യത്തിലാണ് സിഎഎഫ്ആര്‍എഎലിന്റെ നിര്‍ദേശം

ന്യൂഡെല്‍ഹി: ഔദ്യോഗിക സാമ്പത്തിക ഡാറ്റ പരിശോധിക്കുന്നതിന് ഒരു സ്വതന്ത്ര സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച വിദഗ്ധ സംഘം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷവും അടുത്ത വര്‍ഷവും ധനക്കമ്മി, ജിഡിപിയുടെ 3.4 ശതമാനമായി നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആര്‍ബിഐ രൂപീകരിച്ച സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ലേണിംഗ് (സിഎഎഫ്ആര്‍എഎല്‍) എന്ന വിദഗ്ധ സംഘം അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ കുറവും നിരീക്ഷകരെ സംബന്ധിച്ച് സംശയകരവുമായിരുന്നു ഈ കണക്കുകള്‍.

രാജ്യത്തിന്റെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 14 ശതമാനം വളരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ക്കുള്ള വരുമാന പദ്ധതിയടക്കം പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ സംസ്ഥാനങ്ങളുടെയടക്കം മൊത്തം ധനക്കമ്മി ജിഡിപിയുടെ 6.5 ശതമാനമാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ വരുമാന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സര്‍ക്കാരിന്റെ ബജറ്റ് ധനക്കമ്മി ജിഡിപിയുടെ 3.7 ശതമാനവും, സംയുക്ത ധനക്കമ്മി 7 ശതമാനവും എത്തുമെന്നാണ് സിഎഎഫ്ആര്‍എഎല്‍ കണക്കാക്കുന്നത്.

2020 ഓടെ ജിഡിപിയുടെ 3.1 ശതമാനമാക്കി ധനക്കമ്മി എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് സാധ്യമാവാതിരിക്കുകയും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നെഗറ്റീവ് റേറ്റിംഗ് നല്‍കുകയും ചെയ്താല്‍ നിക്ഷേപകരെ നഷ്ടപ്പെടും. റവന്യൂ വരുമാനം സംബന്ധിച്ച് ബജറ്റില്‍ നല്‍കിയ കണക്കുകള്‍ പതലും അതിമോഹമാണെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎഎഫ്ആര്‍എഎലിന്റെ ഡയറക്റ്റര്‍ അമര്‍ത്യ ലാഹിരി ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News
Tags: RBI

Related Articles