ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പരിഗണന നല്‍കണം: ഒഇസിഡി

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പരിഗണന നല്‍കണം: ഒഇസിഡി

സാങ്കേതിക വിദ്യയുടെ കടന്നുവരവ് മൂലം ഒഇസിഡി രാഷ്ട്രങ്ങളില്‍ മാത്രം അരമില്യണ്‍ ജനത തൊഴില്‍മേഖലകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു

ദുബായ്: കൃത്രിമബുദ്ധി വിവിധ മേഖലകളിലേക്ക് വ്യാപകമാകുന്നതോടെ മനുഷ്യരെ വിന്യസിക്കുന്ന തൊഴിലുകളുടെ സ്വഭാവത്തില്‍ വലിയ ഉലച്ചിലുകള്‍ ഉണ്ടാകുമെങ്കിലും ലോകത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഒഇസിഡി(ദ എക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്). 2022 ഓടെ 75 മില്യണ്‍ പുതിയ തൊഴിലുകള്‍ ലോകത്ത് സൃഷ്ടിക്കപ്പെടും. എന്നാല്‍ അതോടൊപ്പം നിരവധി തൊഴിലുകള്‍ ഇല്ലാതാകുകയും ചെയ്യുമെന്ന് ദുബായില്‍ നടന്ന ആഗോള സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഒഇസിഡി പറഞ്ഞു.

നാലാം വ്യാവസായിക വിപ്ലവത്തിന്റെ യുഗത്തില്‍ ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിനും അസമത്വത്തെത്തെയും വിവേചനത്തെയും നേരിടുന്നതിനും ആരും അവഗണിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിനുമുള്ള കണ്ടുപിടിത്തങ്ങള്‍ക്കുള്ള അവസരമായി നാലാം വ്യാവസായിക വിപ്ലവത്തെ മാറ്റണമെന്ന് ഒഇസിഡി സര്‍ക്കാരുകളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

സമൂഹത്തില്‍ സന്തുലനം ഉറപ്പാക്കുന്ന ഒന്നായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ഒഇസിഡി സെക്രട്ടറി ജനറല്‍ ജോസ് ഏയ്ഞ്ചല്‍ ഗുറിയ പറഞ്ഞു. അതേസമയം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ പങ്കാളികളാകാത്തവരെ സര്‍ക്കാര്‍ സംരക്ഷിക്കേണ്ടി വരുന്ന അവസ്ഥ സംബന്ധിച്ച മുന്നറിയിപ്പും അവര്‍ നല്‍കി. നാലാം വ്യാവസായിക വിപ്ലവയുഗത്തില്‍ സമ്പദ് വ്യവസ്ഥയുടെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജോസ് ഏയ്ഞ്ചല്‍ ഗുറിയ.

സാങ്കേതിക വിദ്യയുടെ കടന്നുവരവ് മൂലം ഒഇസിഡി രാഷ്ട്രങ്ങളില്‍ മാത്രം അരമില്യണ്‍ ജനത തൊഴില്‍മേഖലകളില്‍ നിന്ന് പുറത്താക്കപ്പെടുന്നതായി ഗുറിയ പറഞ്ഞു. ഇവരെ എത്തരത്തില്‍ ശാക്തീകരിക്കുമെന്നും സ്വയം ലാഭമുണ്ടാക്കുന്ന തരത്തില്‍ അവരെ എങ്ങനെ കഴിവുള്ളവരാക്കി മാറ്റുമെന്നും ആലോചിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ലോകത്തൊട്ടാകെ പ്രാഥമിക ഡിജിറ്റല്‍ സാക്ഷരത പോലും നേടാത്ത, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ പങ്കാളികളാകാന്‍ സാധിക്കാത്ത ഒരു ബില്യണ്‍ ജനതയുണ്ട്. ബ്രോഡ്ബാന്റ് ലഭ്യതയിലുള്ള അസമത്വം കാരണം ലോകജനസംഖ്യയില്‍ പകുതി ആളുകളും ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നില്ലെന്നും ഗുറിയ കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ വിപ്ലവത്തില്‍ പല രാജ്യങ്ങളും പല തട്ടുകളില്‍ നില്‍ക്കുമ്പോഴും ചിലയാളുകള്‍ മാത്രം മാറ്റിനിര്‍ത്തപ്പെടുന്നു. നാലാം വ്യാവസായിക വിപ്ലവത്തിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഗുണങ്ങളെ പ്രയോജനപ്രദമാക്കി മാറ്റേണ്ടതും ദോഷങ്ങളുടെ കാഠിന്യം കുറക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്നും ഗുറിയ പറഞ്ഞു.

Comments

comments

Categories: FK News