ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി

ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി

കേബിള്‍ ടിവി ഉപഭോക്താക്കളില്‍ 65 ശതമാനവും ഡിടിഎച്ച് ഉപഭോക്താക്കളില്‍ 35 ശതമാനവും മാത്രമാണ് പുതിയ സമ്പ്രദായത്തിലേക്ക് മാറിയിട്ടുള്ളത്

ന്യൂഡെല്‍ഹി: രാജ്യത്തെ കേബിള്‍ ടിവി, ഡിടിഎച്ച് സമ്പ്രദായത്തിലെ പുതിയ ചട്ടക്കൂട്ടിലേക്ക് ഉപഭോക്താക്കളെ മാറ്റുന്നതിന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും ഡിടിഎച്ച് കമ്പനികള്‍ക്കും കൂടുതല്‍ സമയം നല്‍കുന്നതായി ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. മാര്‍ച്ച് 31 വരെയാണ് ട്രായ് സമയം നീട്ടി നല്‍കിയത്. നേരത്തേ ഫെബ്രുവരി 1 മുതല്‍ പുതിയ സമ്പ്രദായത്തിലേക്ക് ഉപഭോക്താക്കള്‍ മാറണമെന്നാണ് നിര്‍ദേശിച്ചിരുന്നത്.

ചാനലുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള പുതിയ ചട്ടക്കൂട് യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പുതിയ സമ്പ്രദായത്തിലേക്ക് മാറുന്നതിനും വിവിധ ഘടകങ്ങള്‍ തിരിച്ചറിയുന്നതിനുമായാണ് പൂര്‍ണമായ നടപ്പാക്കലിന് ജനുവരി 31 വരെ സമയം അനുവദിച്ചത്. അതാണിപ്പോള്‍ മാര്‍ച്ച് 31 വരെ നീട്ടി നല്‍കിയിരിക്കുന്നത്.
കേബിള്‍ ടിവി സേവനം നേടിയിട്ടുള്ള 100 മില്യണ്‍ കുടുംബങ്ങളാണ് രാജ്യത്താകമാനം ഉള്ളത്. 65 ശതമാനം കുടുംബങ്ങളില്‍ ഡിടിഎച്ച് സംവിധാനമാണ് ഉള്ളത്. കേബിള്‍ ടിവി ഉപഭോക്താക്കളില്‍ 65 ശതമാനവും ഡിടിഎച്ച് ഉപഭോക്താക്കളില്‍ 35 ശതമാനവും മാത്രമാണ് പുതിയ സമ്പ്രദായത്തിലേക്ക് മാറിയിട്ടുള്ളത്. പുതിയ സമ്പ്രദായത്തിലേക്ക് മാറുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉപയോക്താക്കള്‍ നേരിടുന്നുണ്ടെന്നും ട്രായ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

പുതിയ ചട്ടക്കൂട് സംബന്ധിച്ച് വേണ്ടത്ര അവബോധം ഉപഭോക്താക്കള്‍ക്ക് നല്‍കാനോ അവരില്‍ നിന്ന് ചാനലുകളുടെ ലിസ്റ്റ് സമാഹരിക്കുന്നതിനോ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഓണ്‍ലൈനായി ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യമില്ലാത്തതിനാലോ അതിനുള്ള പരിചയമില്ലാത്തതിനാലോ പല ഉപഭോക്താക്കള്‍ക്കും ഇക്കാര്യത്തിനായി കേബിള്‍ ടിവി ഓഫിസുകളിലേക്ക് പോകേണ്ടതായി വരുന്നുണ്ടെന്ന് ട്രായ് ചൂണ്ടിക്കാണിക്കുന്നു. ചിലയിടങ്ങളില്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാത്ത ഉപയോക്തക്കളില്‍ പലര്‍ക്കും പേ ചാനലുകള്‍ ലഭ്യമല്ലാതായതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തിങ്കളാഴ്ച ട്രായ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുമായും ഡിടിഎച്ച് ഓപ്പറേറ്റര്‍മാരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇനിയും ചാനലുകള്‍ തെരഞ്ഞെടുക്കാത്ത ഉപഭോക്താക്കള്‍ക്ക് അനുയോജ്യമാകുന്ന തരത്തില്‍ വിവിധ ചാനലുകളെ കൂട്ടിച്ചേര്‍ത്തുള്ള പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ സംവിധാനം തങ്ങളുടെ താരിഫ് ഉയര്‍ത്തുകയാണെന്ന പരാതിയും ഉപഭോക്താക്കളില്‍ നിന്ന് ഉയരുന്നുണ്ട്. കൂടുതല്‍ പ്രേക്ഷകരിലേക്കെത്തുന്ന പ്രമുഖ ചാനലുകളുടെ ഉയര്‍ന്ന നിരക്കാണ് ഇതിന് കാരണം. ജിഎസ്ടി അടക്കം 154 രൂപയുടെ അടിസ്ഥാന നിരക്കില്‍ ഓപ്പറേറ്റര്‍മാര്‍ ലഭ്യമാക്കുന്ന 100 ചാനലുകളില്‍ ഏറെയും പ്രേക്ഷക പ്രീതി കുറഞ്ഞവയാണ്. താരതമ്യേന കൂടുതല്‍ കാണുന്ന പേ ചാനലുകളില്‍ ചിലത് തെരഞ്ഞെടുക്കുേേമ്പാഴേക്കും തുക മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതലാകുന്നുലെന്നും പല ചാനലുകളും ഒഴിവാക്കേണ്ടി വരികയാണെ ചെയ്യുന്നതെന്നും ഉപഭോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Current Affairs
Tags: Channels

Related Articles