ചൈനയിലെ മാന്ദ്യം തങ്ങളെ ബാധിക്കില്ലെന്ന് ആലിബാബ

ചൈനയിലെ മാന്ദ്യം തങ്ങളെ ബാധിക്കില്ലെന്ന് ആലിബാബ

ഇന്റെര്‍നെറ്റ് അധിഷ്ഠിത വ്യവസായമാണെന്നതിനാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെടാതെയുള്ള പ്രവര്‍ത്തനമാണ് തങ്ങളുടേതെന്ന് ആലിബാബ

സാന്‍ഫ്രാന്‍സിസ്‌കോ: ചൈനീസ് സമ്പദ് വ്യവസ്ഥയുടെ മെല്ലെപ്പോക്ക് തങ്ങളുടെ ബിസിനസ് വളര്‍ച്ചയില്‍ വലിയ ചലനങ്ങളുണ്ടാക്കില്ലന്ന് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ. ഇന്റെര്‍നെറ്റ് അധിഷ്ഠിത വ്യവസായമാണെന്നതിനാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെടാതെയുള്ള ഒന്നാണ് തങ്ങളുടെ ഇ-കൊമേഴ്‌സ് വ്യാപാര ശ്യംഖലയെന്ന് ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ജോസഫ് സായി അറിയിച്ചു.

അതേസമയം പരമ്പരാഗത റീട്ടെയ്ല്‍ വ്യവസായങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ വളര്‍ച്ച നേടുന്ന ഡിജിറ്റല്‍ വാണിജ്യ രംഗം ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡ്മാന്‍ സച്ച് ഗ്രൂപ്പ് ഇന്‍ക്. ടെക്‌നോളജി കോണ്‍ഫറന്‍സില്‍ സായി പറഞ്ഞു.

ചൈനയിലെ ദേശീയ സ്ഥിതിവിവര ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2018ലെ ആദ്യമൂന്ന് മാസങ്ങള്‍ ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ 6.4 ശതമാനം വളര്‍ച്ച നേടിയിരുന്നു. ഇക്കാലയളവില്‍ 41 ശതമാനം വളര്‍ച്ച നേടി ആലിബാബയുടെ വരുമാനം 117.3 ബില്യണ്‍ യെന്‍ ആയെങ്കിലും രണ്ട് വര്‍ഷത്തിനിടെ കമ്പനിക്കുണ്ടായ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്.

ചൈനയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കുറഞ്ഞതോടെ ആദായകരമായ ക്ലൗഡ് സര്‍വ്വീസ്, വിനോദം തുടങ്ങിയ വ്യവസായ മേഖലകള്‍ ലക്ഷ്യമാക്കിയുള്ള ചടുലമായ പ്രവര്‍ത്തനങ്ങളാണ് കമ്പനി ഇപ്പോള്‍ നടത്തുന്നത്.

അമേരിക്കയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ 2.5 ശതമാനത്തിന്റെ മന്ദത പ്രകടമായ ഈ വര്‍ഷം വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന രണ്ടക്ക വളര്‍ച്ച നിലനിര്‍ത്തിയ ആമസോണ്‍ ഡോട്ട് കോമുമായാണ് സായി ആലിബാബയിലെ നിലവിലെ സാഹചര്യത്തെ താരതമ്യം ചെയ്തത്.

സാമ്പത്തിക മാന്ദ്യത്തിനിടയിലും ചെറുകിട, മൈക്രോ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അത്തരം കമ്പനികളുടെ നികുതിബാദ്ധ്യത അടുത്ത മൂന്ന് വര്‍ഷത്തേക്ക് വര്‍ഷത്തില്‍ 200 യെന്‍ ആയി കുറച്ച സര്‍ക്കാര്‍ നടപടിയെ സായി പുകഴ്ത്തി. മുമ്പ് ധന നയങ്ങളിലൂടെ സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ ഒഴുക്ക് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നികുതി കുറയ്ക്കുന്നത് പോലുള്ള സാമ്പത്തിക നയങ്ങളാണ് സര്‍ക്കാരിന് ആവശ്യം. കൂടുതല്‍ പണം കൈവശമുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളിലാണ് ഇനി ബിസിനസ് വളര്‍ച്ച ഉണ്ടാകുകയെന്നും സായി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: Alibaba