എബിഎസ് ഗമയോടെ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി എഫ്‌ഐ

എബിഎസ് ഗമയോടെ അപ്പാച്ചെ ആര്‍ടിആര്‍ 160 4വി എഫ്‌ഐ

പുണെ എക്‌സ് ഷോറൂം വില 98,644 രൂപ

ന്യൂഡെല്‍ഹി : ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി മോട്ടോര്‍സൈക്കിളിന്റെ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) വേര്‍ഷന്‍ വിപണിയിലെത്തിച്ചു. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് (എഫ്‌ഐ) വേര്‍ഷനില്‍ മാത്രമായിരിക്കും തല്‍ക്കാലം അപ്പാച്ചെ ആര്‍ടിആര്‍ 160 4വി എബിഎസ് ലഭിക്കുന്നത്. 98,644 രൂപയാണ് പുണെ എക്‌സ് ഷോറൂം വില. എബിഎസ് ഇല്ലാത്ത വേര്‍ഷനേക്കാള്‍ 6,999 രൂപ അധികം. മോട്ടോര്‍സൈക്കിളിന്റെ കാര്‍ബുറേറ്റഡ് വേര്‍ഷനില്‍ ഇപ്പോഴും എബിഎസ് നല്‍കിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ നല്‍കിയേക്കും.

എബിഎസ് എന്ന സുരക്ഷാ ഫീച്ചര്‍ നല്‍കിയ വിവരം ടിവിഎസ് മോട്ടോര്‍ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പോകുന്നതേയുള്ളൂ. എന്നാല്‍ പല ഡീലര്‍ഷിപ്പുകളും ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. മാര്‍ച്ച് 31 ന് ശേഷമായിരിക്കും ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി എഫ്‌ഐ എബിഎസ് മോഡല്‍ ഡെലിവറി ചെയ്തു തുടങ്ങുന്നത്.

സിംഗിള്‍ ചാനല്‍ എബിഎസ് സംവിധാനമാണ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി എഫ്‌ഐ മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. എതിരാളികളില്‍ മിക്കതിലും സിംഗിള്‍ ചാനല്‍ എബിഎസ്സാണ് കാണുന്നത് എന്നതായിരിക്കാം കാരണം. എന്നാല്‍ ടിവിഎസ്സിന്റെ മറ്റ് അപ്പാച്ചെ മോഡലുകളായ ആര്‍ടിആര്‍ 180, ആര്‍ടിആര്‍ 200 4വി, ആര്‍ആര്‍ 310 മോഡലുകളില്‍ ഡുവല്‍ ചാനല്‍ എബിഎസ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്.

എബിഎസ് നല്‍കിയത് മാറ്റിനിര്‍ത്തിയാല്‍ മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 159 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ്, ഓയില്‍ കൂള്‍ഡ് എന്‍ജിന്‍ എഫ്‌ഐ വേര്‍ഷനില്‍ 16.6 ബിഎച്ച്പി കരുത്തും കാര്‍ബുറേറ്റഡ് വേര്‍ഷനില്‍ 16.2 ബിഎച്ച്പി കരുത്തും ഉല്‍പ്പാദിപ്പിക്കും. രണ്ട് പതിപ്പുകളിലും ടോര്‍ക്ക് ഒന്നുതന്നെ. 14.8 ന്യൂട്ടണ്‍ മീറ്റര്‍. 5 സ്പീഡ് ഗിയര്‍ബോക്‌സ് മോട്ടോറുമായി ചേര്‍ത്തിരിക്കുന്നു.

Comments

comments

Categories: Auto