ടാറ്റ ടിയാഗോ പരിഷ്‌കരിക്കുന്നു

ടാറ്റ ടിയാഗോ പരിഷ്‌കരിക്കുന്നു

കൂടുതല്‍ സുരക്ഷാ ഫീച്ചറുകളോടെ ഫേസ്‌ലിഫ്റ്റ് ചെയ്ത ടാറ്റ ടിയാഗോ വിപണിയിലെത്തും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ ഹാച്ച്ബാക്കായ ടിയാഗോ പരിഷ്‌കരിക്കുന്നു. കൂടുതല്‍ സുരക്ഷാ ഫീച്ചറുകളോടെയായിരിക്കും ഫേസ്‌ലിഫ്റ്റ് ചെയ്ത ടാറ്റ ടിയാഗോ വിപണിയിലെത്തുന്നത്. എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളായിരിക്കും. പുറമേ സ്റ്റൈലിംഗ് മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഈ വര്‍ഷം ജൂലൈയില്‍ പ്രാബല്യത്തിലാകാന്‍ പോകുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കും പുതിയ ടിയാഗോ.

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് വാണിംഗ് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകള്‍ ജൂലൈ മുതല്‍ നിര്‍ബന്ധമാണ്. ഫേസ്‌ലിഫ്റ്റ് ചെയ്ത ടിയാഗോയുടെ എല്ലാ വേരിയന്റുകളിലും ഈ സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടായിരിക്കും. കൂടാതെ ഈ വര്‍ഷം ഒക്‌റ്റോബറില്‍ പ്രാബല്യത്തിലാകുന്ന ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ടിയാഗോയുടെ ഘടനയില്‍ മാറ്റം വരുത്തും.

കൂടുതല്‍ ആകര്‍ഷകമായ ഡിസൈനിലാണ് ടിയാഗോ ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തുന്നത്. ടാറ്റയുടെ തനത് ഹ്യുമാനിറ്റി ലൈന്‍ പുതിയ ടിയാഗോയില്‍ വീതിയേറിയതാണ്. വിംഗ് മിററുകളില്‍ ഓറഞ്ച് പെയിന്റ് നല്‍കിയിരിക്കുന്നു. 85 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 70 എച്ച്പി പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് എന്‍ജിനുകളുടെയും തോഴനായ 5 സ്പീഡ് മാന്വല്‍, പെട്രോള്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ച 5 സ്പീഡ് എഎംടി എന്നിവയും അതേ പോലെ തുടരും.

2016 ലാണ് ടാറ്റ ടിയാഗോ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. ഹ്യുണ്ടായ് സാന്‍ട്രോ, മാരുതി സുസുകി വാഗണ്‍ആര്‍, ഡാറ്റ്‌സണ്‍ ഗോ ഫേസ്‌ലിഫ്റ്റ് എന്നീ പുതിയ എതിരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനാണ് ടാറ്റ ടിയാഗോ പുതിയ ഉണര്‍വ്വോടെ വിപണിയിലെത്തുന്നത്.

Comments

comments

Categories: Auto
Tags: tata Tiago