സൗദിയിലെ അവസരങ്ങള്‍ മുതലെടുക്കാന്‍ സൊസൈറ്റി ജനറാലെ

സൗദിയിലെ അവസരങ്ങള്‍ മുതലെടുക്കാന്‍ സൊസൈറ്റി ജനറാലെ
  • പ്രിന്‍സ് മുഹമ്മദിന്റെ പരിഷ്‌കരണങ്ങള്‍ സൗദിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍
  • പിഐഎഫിന് ആദ്യമായി വിദേശ വായ്പ നല്‍കിയ കമ്പനിയാണ് സൊസൈറ്റി ജനറാലെ
  • ഗള്‍ഫ് മേഖലയിലാകെ ശ്രദ്ധ വെക്കാനാണ് കമ്പനിയുടെ തീരുമാനം

റിയാദ്: സൗദി അറേബ്യയില്‍ പുതിയ അവസരങ്ങള്‍ തേടി സൊസൈറ്റി ജനറാലെ. എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നതിന്റെ ഭാഗമായി വ്യാപക പരിഷ്‌കരണങ്ങള്‍ നടന്നുവരുന്ന സൗദി അറേബ്യയില്‍ മികച്ച സാധ്യതകളുണ്ടെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

പുനരുപയോഗ ഊര്‍ജ്ജ പ്രൊജക്റ്റാണ് തങ്ങള്‍ ശ്രദ്ധ വെക്കുന്ന പ്രധാന പദ്ധതികളിലൊന്നെന്ന് കമ്പനിയുടെ ഗള്‍ഫ് വിഭാഗം ചീഫ് എക്‌സിക്യൂട്ടിവായ റിച്ചാഡ് സൗന്ദര്‍ഡ്ജീ പറഞ്ഞു. അവിടെ പുരോഗതിയുണ്ട്. പരിവര്‍ത്തനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്-അദ്ദേഹം പറഞ്ഞു.

ലോകത്തിലെ വലിയ ബാങ്കുകളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യക്ക് സാധിക്കുന്നുണ്ട്. സാമ്പത്തിക പരിവര്‍ത്തന പ്രക്രിയയിലൂടെയാണ് സൗദി കടന്നുപോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ട് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സൗദി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതികള്‍ക്കനുസരിച്ചാണ് സൗദിയിലെ സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ പ്രാവര്‍ത്തികമാകുന്നത്.

ഊര്‍ജ്ജ വ്യവസായത്തെ സൗദി അടിമുടി മാറ്റി മറിക്കുമ്പോള്‍ അതില്‍ സാധ്യതകള്‍ തേടുകയാണ് ഫ്യൂച്ചര്‍ ജനറാലിയുടെ ലക്ഷ്യം. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 16 ആണവ റിയാക്റ്ററുകളാണ് സൗദിയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ആദ്യ പവനോര്‍ജ്ജ പ്ലാന്റും 300 ഗിഗാവാട്ടിന്റെ സോളാര്‍ പ്ലാന്റും സൗദി സര്‍ക്കാര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഊര്‍ജ്ജമേഖലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്-സൗന്ദര്‍ഡ്ജീ പറഞ്ഞു. തങ്ങള്‍ ഒരു ഗ്ലോബല്‍ എനര്‍ജി ഹൗസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സൗദിയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് 11 ബില്ല്യണ്‍ ഡോളറിന്റെ വായ്പ അനുവദിച്ച ഫ്രഞ്ച് ബാങ്കിന്റെ നടപടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സൗദി സോവറിന്‍ ഫണ്ടിന്റെ ആദ്യ വായ്പയായിരുന്നു അത്.

ജിസിസി മേഖലയില്‍ തങ്ങളുടെ ബൗദ്ധിക മൂലധനവും സാമ്പത്തിക മൂലധനവും നല്‍കാന്‍ തയാറാണെന്നും അതില്‍ മികച്ച പുരോഗതിയുണ്ടായിട്ടുണ്ടെന്നും സൊസൈറ്റി ജനറാലെ മേധാവി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് മേഖലയിലെ തങ്ങളുടെ നിയമനങ്ങളില്‍ കമ്പനി വര്‍ധന വരുത്തിയിരുന്നു. യുഎഇ, കുവൈറ്റ്, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം തന്നെ കാര്യമായ നിക്ഷേപ പദ്ധതികള്‍ സൊസൈറ്റി ജനറാലെ ആലോചിക്കുന്നുണ്ട്.

Categories: Arabia