റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ പരിഷ്‌കരിക്കുന്നു

റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ പരിഷ്‌കരിക്കുന്നു

ഏപ്രില്‍ മാസത്തോടെ 5,000 യൂണിറ്റ് 650 സിസി ഇരട്ട മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്നതിന് റോയല്‍ എന്‍ഫീല്‍ഡ് വിവിധ മോഡലുകള്‍ പരിഷ്‌കരിക്കുന്നു. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്ന 2020 ഏപ്രില്‍ ഒന്നിന് മുന്നേ മോട്ടോര്‍സൈക്കിളുകള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് കമ്പനിയുടെ ശ്രമം. 2016 ല്‍ വിവിധ മോഡലുകള്‍ പരിഷ്‌കരിച്ചുതുടങ്ങിയതായി ഐഷര്‍ മോട്ടോഴ്‌സ് എംഡി ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു. പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് അദ്ദേഹം അറിയിച്ചു.

ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേര്‍ഡ്, ഹിമാലയന്‍ തുടങ്ങി നിരവധി ജനപ്രിയ മോഡലുകളാണ് നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് വില്‍ക്കുന്നത്. കോണ്ടിനെന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ 650 സിസി ഇരട്ടകള്‍ കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ചിരുന്നു. ഈ രണ്ട് മോഡലുകളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ നടപടികളിലാണ് റോയല്‍ എന്‍ഫീല്‍ഡ്. ഏപ്രില്‍ മാസത്തോടെ 5,000 യൂണിറ്റ് നിര്‍മ്മിക്കാനാണ് ലക്ഷ്യമെന്ന് സിദ്ധാര്‍ത്ഥ ലാല്‍ അറിയിച്ചു.

തായ്‌ലാന്‍ഡിലെ സികെഡി പ്ലാന്റ് സംബന്ധിച്ച് വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ തായ്‌ലാന്‍ഡ് വളരെ പ്രധാനപ്പെട്ട വിപണിയായി മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Auto