സത്യസന്ധരായ വ്യാപാരികളെ വേട്ടയാടില്ല: ഗോയല്‍

സത്യസന്ധരായ വ്യാപാരികളെ വേട്ടയാടില്ല: ഗോയല്‍

കൃഷിക്കാര്‍ക്ക് നാലു മാസം കൂടുമ്പോള്‍ 2,000 രൂപ നല്‍കുന്നതിന്റെ പ്രാധാന്യം കൊട്ടാരങ്ങളില്‍ വസിക്കുന്നവര്‍ക്ക് മനസിലാവില്ലെന്ന് ഗോയല്‍

ന്യൂഡെല്‍ഹി: സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ബിസിനസുകളെയും സ്റ്റാര്‍ട്ടപ്പുകളെയും ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. അവ്യാജമായ നിക്ഷേപങ്ങള്‍ നടത്തുന്ന കമ്പനികളെ നികുതി ഏജന്‍സികള്‍ പീഡിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയുഷ് ഗോയല്‍ പാര്‍ലമെന്റിനെ അറിയിച്ചു. സ്്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ എയ്ഞ്ചല്‍ ടാക്‌സിന്റെ പേരില്‍ അനാവശ്യമായി ദ്രോഹിക്കപ്പെടില്ലെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി. ഇടക്കാല ബജറ്റിന്‍മേല്‍ നടന്ന ചര്‍ച്ചക്ക് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നികുതിയുടെ പേരില്‍ വ്യാപാരികളും സംരംഭകരും വേട്ടയാടപ്പെടുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഉറപ്പുകള്‍ നല്‍കിയത്. ഇടക്കാല ബജറ്റ് ശബ്ദ വോട്ടോടെ ലോക്‌സഭ പാസാക്കി.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുന്ന എയ്ഞ്ചല്‍ ടാക്‌സിനെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ലെന്ന ആരോപണം ധനമന്ത്രി നിഷേധിച്ചു. ഓഹരികളുടെ ഫെയര്‍ വാല്യൂവിന് ഉപരിയായി ലഭിക്കുന്ന പ്രീമിയത്തെ മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാനമായി പരിഗണിക്കുകയും കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമത്തിന്റെ 56 ാം വകുപ്പനുസരിച്ച് നികുതി ഈടാക്കുകയും ചെയ്യുന്നതാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിരിച്ചടിയായിരുന്നത്. 30 ശതമാനത്തോളം നികുതിയാണ് ഇപ്രകാരം എയ്ഞ്ചല്‍ ടാക്‌സായി ഈടാക്കിയിരുന്നത്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച പ്രവര്‍ത്തനാന്തരീക്ഷം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

2019 ധനകാര്യ വര്‍ഷത്തിലെ ധനക്കമ്മി, മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.367 ശതമാനമായിരിക്കുമെന്നാണ് ഇടക്കാല ബജറ്റ് കണക്കാക്കിയിരിക്കുന്നത്. ധനക്കമ്മി 3.3 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാര്‍ഷിക ചെലവഴിക്കല്‍ 5,000 കോടി കുറയ്ക്കുകയോ ആനുപാതികമായി റവന്യൂ വരുമാനം കൂട്ടുകയോ ചെയ്താല്‍ ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നും സര്‍ക്കാരിനെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ സമയത്ത് 4.5 ശതമാനമായിരുന്നു പണപ്പെരുപ്പമെന്നും അദ്ദേഹം പറഞ്ഞു.

Categories: FK News, Slider
Tags: Piyush Goyal