ആദ്യ പാദത്തില്‍ തന്നെ എണ്ണ വിപണി സന്തുലിതമാകുമെന്ന് യുഎഇ

ആദ്യ പാദത്തില്‍ തന്നെ എണ്ണ വിപണി സന്തുലിതമാകുമെന്ന് യുഎഇ

എണ്ണ വിലയിലെ ചാഞ്ചാട്ടം പിടിച്ചുനിര്‍ത്താനായി ജനുവരി മുതല്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിതുടങ്ങാന്‍ ഒപെക് തീരുമാനമെടുത്തിരുന്നു

ദുബായ്: 2019ലെ ആദ്യ പാദത്തില്‍ തന്നെ എണ്ണ വിപണി സന്തുലിതാവസ്ഥയിലേക്ക് നീങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് യുഎഇ ഊര്‍ജ്ജമന്ത്രി. എണ്ണ ഉല്‍പ്പാദനത്തിലെ വെട്ടിച്ചുരുക്കല്‍ കൃത്യമായി നടപ്പാക്കുന്നതോടെ വിപണിയെ സന്തുലിതമാക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

ദൗര്‍ഭാഗ്യകരമായ മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ എണ്ണ വിപണി ആദ്യ പാദത്തില്‍ തന്നെ സന്തുലിതമാകുമെന്നാണ് എന്റെ പ്രതീക്ഷ-ഊര്‍ജ്ജമന്ത്രി സുഹയ്ല്‍ അല്‍ മസ്രൗയ് പറഞ്ഞു.

വിപണിയില്‍ തിരുത്തല്‍ വരുത്തുവാന്‍ ആവശ്യമായ എണ്ണ ഞങ്ങള്‍ അവിടെനിന്നും ഒഴിവാക്കുന്നുണ്ട്-അദ്ദേഹം വ്യക്തമാക്കി.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഇക്കഴിഞ്ഞ ജനുവരി മാസം മുതല്‍ ഉല്‍പ്പാദനനിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. 1.2 മില്ല്യണ്‍ ബാരലുകളുടെ കുറവ് പ്രതിദിനം വരുത്താനായിരുന്നു തീരുമാനം. മിക്ക എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും ഇതിനോട് സഹകരിക്കുമെന്നാണ് ഒപെക്കിന്റെ പ്രതീക്ഷ.

2014ലായിരുന്നു വിലയിലെ വന്‍ ഇടിവിനെ തുടര്‍ന്ന് എണ്ണ വിപണി തകര്‍ന്നടിഞ്ഞത്. ബാരലിന് 100 ഡോളര്‍ എന്ന നിരക്കില്‍ നിന്നും 30 ഡോളറായി കൂപ്പുകുത്തുന്ന അവസ്ഥയിലേക്കെത്തിയ വിപണി ഗള്‍ഫ് രാജ്യങ്ങളിലാകെ കടുത്ത സാമ്പത്തിക അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. പല രാജ്യങ്ങളും ആദ്യമായി സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ നടപ്പാക്കിയേ മതിയാകൂവെന്ന് ചിന്തിച്ച് തുടങ്ങിയത് അപ്പോഴാണ്.

പിന്നീട് സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ നടത്തിയ സമയോചിത ഇടപെടലാണ് വിപണിയുടെ തിരിച്ചുവരവിന് വഴിവെച്ചത്.

എണ്ണ ഉല്‍പ്പാദന നിയന്ത്രണ കരാര്‍ ഒപെക് അവതരിപ്പിക്കുകയും റഷ്യയുടെ സഹായത്തോടെ വിജയകരമായി നടപ്പാക്കുകയും ചെയ്തു. ഇതോടെ വിപണി ട്രാക്കിലേക്ക് തിരിച്ചെത്തി. 2018 മധ്യത്തോട് കൂടിയാണ് ഉല്‍പ്പാദനത്തിലെ നിയന്ത്രണം ഒഴിവാക്കാന്‍ ഒപെക് തീരുമാനിച്ചത്. സൗദിയും റഷ്യയും തന്നെയായിരുന്നു ഇതിനും ചരട് വലിച്ചത്.

ബാരലിന് 80 ഡോളര്‍ എന്ന മികച്ച നിരക്കിലേക്ക് പോയ വര്‍ഷം എണ്ണവിലയെത്തി. എന്നാല്‍ കഴിഞ്ഞ ഒക്‌റ്റോബറോടെ വിലയില്‍ വീണ്ടും ചാഞ്ചാട്ടമുണ്ടാകുകയും വിപണിയില്‍ അസ്വസ്ഥതകള്‍ പ്രകടമാകുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഒപെക് വീണ്ടും ഇടപെടല്‍ നടത്തിയത്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിപണി സന്തുലിതാവസ്ഥയിലേക്കെത്തുമെന്നാണ് അടുത്തിടെ സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലി പറഞ്ഞത്.

Categories: Arabia
Tags: Oil Market, UAE