ഒ-ക്ലാസ് പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു

ഒ-ക്ലാസ് പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു

ഒ 120, ഒ 140, ഒ 180, ഒ 200 എന്നീ ട്രേഡ്മാര്‍ക്ക് അപേക്ഷകളാണ് മെഴ്‌സേഡസ് ബെന്‍സ് ഫയല്‍ ചെയ്തിരിക്കുന്നത്

സ്റ്റുട്ട്ഗാര്‍ട്ട് : മെഴ്‌സേഡസ് ബെന്‍സില്‍ നിന്ന് പുതിയൊരു വാഹന നിര വരുന്നു. ഒ-ക്ലാസ് എന്ന പേരിനായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചു. ഒ 120, ഒ 140, ഒ 180, ഒ 200 എന്നീ ട്രേഡ്മാര്‍ക്ക് അപേക്ഷകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസിലാണ് മെഴ്‌സേഡസ് ബെന്‍സിന്റെ മാതൃ കമ്പനിയായ ഡൈമ്‌ലര്‍ ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ നല്‍കിയത്.

മോട്ടോര്‍ വാഹനങ്ങള്‍, മോട്ടോര്‍ വാഹന എന്‍ജിനുകള്‍ എന്നീ ട്രേഡ്മാര്‍ക്ക് വിഭാഗത്തിലാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. കാറുകള്‍, എസ്‌യുവികള്‍, ബസ്സുകള്‍, ട്രക്കുകള്‍ തുടങ്ങി ഏത് വാഹനങ്ങള്‍ക്കും പുതിയ പേരുകള്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഒ-ക്ലാസ് പേര് ഉപയോഗിച്ച് മെഴ്‌സേഡസ് ബെന്‍സ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നിലവില്‍ വ്യക്തമല്ല.

അതേസമയം യൂറോപ്പില്‍ മെഴ്‌സേഡസ് ബെന്‍സിന്റെ സിറ്റി ബസ്സുകള്‍ ‘ഒ’ നാമമാണ് ഉപയോഗിക്കുന്നത്. സിറ്റാരോ എന്ന മെഴ്‌സേഡസ് ബെന്‍സ് ബസ്സിന്റെ കോഡ് നാമം ഒ530 എന്നായിരുന്നു. എന്നാല്‍ ചെറിയ സംഖ്യകളിലുള്ള ഇപ്പോഴത്തെ പേരുകള്‍ പുതിയ ബസ് നിരയാവാന്‍ സാധ്യതയില്ല. മാത്രമല്ല, ഒ കഴിഞ്ഞ് ഇടം നല്‍കിയാണ് സംഖ്യ കൊടുത്തിരിക്കുന്നത്. മെഴ്‌സേഡസ് ബെന്‍സിന്റെ പേരിടല്‍ രീതിയില്‍നിന്ന് വ്യത്യസ്തമാണിത്.

ചെറിയ ശേഷിയുള്ള എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഘു വാണിജ്യ യാത്രാ വാഹനങ്ങളുടെ നിരയായിരിക്കാം മെഴ്‌സേഡസ് ബെന്‍സ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ ഒ-ക്ലാസ് നെയിംപ്ലേറ്റ് ഉപയോഗിച്ച് ഒരു കണ്‍സെപ്റ്റ് മോഡലോ പ്രൊഡക്ഷന്‍ സ്റ്റഡി മോഡലോ കാണാന്‍ കഴിഞ്ഞേക്കും.

Comments

comments

Categories: Auto