ലോകത്തെ ‘പച്ച പിടിപ്പിക്കുന്നതില്‍’ മുന്നില്‍ ഇന്ത്യയും ചൈനയും: നാസ

ലോകത്തെ ‘പച്ച പിടിപ്പിക്കുന്നതില്‍’ മുന്നില്‍ ഇന്ത്യയും ചൈനയും: നാസ

ഇന്ത്യയിലെയും ചൈനയിലെയും ഭക്ഷ്യോല്‍പ്പാദനം 2000നു ശേഷം 35 ശതമാനം വര്‍ധനയാണ് പ്രകടമാക്കിയിട്ടുള്ളത്.

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ സസ്യങ്ങളും മരങ്ങളും വെച്ചുപിടിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയും ചൈനയുമാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റിപ്പോര്‍ട്ട്. ലോകത്തിന്റെ മൊത്തം പച്ചപ്പ് 20 വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ വനഭൂമിയും മരങ്ങളും കുറയുകയാണെന്ന പൊതുധാരണയെ തിരുക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ഷി ഷെന്‍ പറയുന്നു. ഷി ഷെനിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കപ്പെട്ടിട്ടുള്ളത്.

ആഗോളതലത്തില്‍ പച്ചപ്പ് വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മൂന്നില്‍ ഒരു ഭാഗം പങ്കു വഹിച്ചിരിക്കുന്നത് ഇന്ത്യയും ചൈനയും ചേര്‍ന്നാണ്. എന്നാല്‍ സസ്യജാലങ്ങള്‍ നിറഞ്ഞ ഭൂപ്രദേശത്തിന്റെ 9 ശതമാനം മാത്രമാണ് ഈ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്നത്. നാസയില്‍ നിന്നുള്ള പുതിയ ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഫെബ്രുവരി 11ന് പുറത്തിറങ്ങിയ നാച്വര്‍ സസ്റ്റയ്‌നബിലിറ്റി ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൃത്യമായ ഘടനയില്‍ പച്ചപ്പ് നിലനില്‍ക്കുന്നതില്‍ മുന്നില്‍ ചൈനയും ഇന്ത്യയുമാണ്. കൃഷിഭൂമിയുടെ സാന്നിധ്യമാണ് ഇതിന് പ്രധാന കാരണം.

20 വര്‍ഷത്തിനിടെ പച്ചപ്പില്‍ ഉണ്ടായ വര്‍ധനയില്‍ 25 ശതമാനം പങ്കും ചൈനയില്‍ നിന്നാണ്. ആഗോള തലത്തില്‍ സസ്യജാലങ്ങള്‍ നിറഞ്ഞ ഭൂപ്രദേശത്തിന്റെ 6.6 ശതമാനം മാത്രമാണ് ചൈനയില്‍ ഉള്ളത്. ചൈനയുടെ ഹരിതവത്കരണത്തില്‍ 42 ശതമാനവും നടപ്പാക്കിയത് വനങ്ങളിലാണ്. 32 ശതമാനമായിരുന്നു കാര്‍ഷിക മേഖലയുടെ സംഭാവന. എന്നാല്‍ ഇന്ത്യയില്‍ പച്ചപ്പില്‍ ഉണ്ടാകുന്ന വര്‍ധനയുടെ 82 ശതമാനവും കാര്‍ഷിക മേഖലയുടെ സംഭാവനയാണ്. 4.4 ശതമാനം മാത്രമാണ് വന മേഖലയില്‍ നിന്നുണ്ടായ വളര്‍ച്ചയെന്നും നാസയുടെ പഠനം വ്യക്തമാക്കുന്നു.

കാലാവസ്ഥാ വ്യതിയാനം, മണ്ണിടിച്ചല്‍, വായു മലിനീകരണം എന്നിവയെ നേരിടുന്നതിന്റെ ഭാഗമായി ചൈന കുറച്ചധികം വര്‍ഷങ്ങളായി വനവത്കരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും ഭക്ഷ്യോല്‍പ്പാദനം 2000നു ശേഷം 35 ശതമാനത്തിന്റെ വര്‍ധന മൊത്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക ഭൂമി വര്‍ധിച്ചതിനൊപ്പം മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങളും വളങ്ങളുടെ ഉപയോഗത്തിലൂടെ കൂടുതല്‍ വിളവെടുപ്പ് സാധ്യമായതുമെല്ലാം ഇതിന് സഹായകമായി.

1970കളിലും 80കളിലും പച്ചപ്പ് കുറഞ്ഞുവരുന്നത് ഇന്ത്യയിലും ചൈനയിലും പ്രകടമായിരുന്നു. 90കളോടെ ഈ പ്രശ്‌നം വ്യാപകമായി തിരിച്ചറിയപ്പെടുകയും ജനങ്ങളില്‍ തന്നെ അവബോധം വളരുകയും ചെയ്തുവെന്നും നാസയിലെ റിസര്‍ച്ച് സയന്റിസ്ര്‌റ് രമ നേമാനി പറയുന്നു. മികച്ച തിരിച്ചുവരവ് ഇക്കാര്യത്തില്‍ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ നടത്തിയെന്നാണ് സാറ്റലൈറ്റ് വിവരങ്ങള്‍ ബോധ്യമാക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബ്രസീല്‍, ഇന്തോനേഷ്യ എന്നിവ പോലുള്ള ട്രോപ്പിക്കല്‍ മേഖലയില്‍ പ്രകൃതിദത്തമായ പച്ചപ്പൊരുക്കല്‍ നഷ്ടമാകുന്നതിനും ജൈവവൈവിധ്യം കുറയുന്നതിനും മനുഷ്യന്റെ ബോധപൂര്‍വമായ സസ്യജാല സൃഷ്ടി പകരമാകില്ലെന്നും പഠനം ഓര്‍മിപ്പിക്കുന്നുണ്ട്.

Comments

comments

Categories: FK News