മീനുകള്‍ക്ക് രുചി കൂട്ടുന്ന മത്സ്യതീറ്റയുടെ കണ്ടുപിടിത്തവുമായി ഐഐടി ഖൊരക്പൂര്‍

മീനുകള്‍ക്ക് രുചി കൂട്ടുന്ന മത്സ്യതീറ്റയുടെ കണ്ടുപിടിത്തവുമായി ഐഐടി ഖൊരക്പൂര്‍

മീനിന്റെ രുചിയില്‍ വിട്ടുവീഴ്ച ചെയ്യാതെ പോഷകഗുണം വര്‍ധിപ്പിക്കുന്ന ഒരു ഉല്‍പ്പന്നവും ഇന്ന് വിപണിയില്‍ കിട്ടാനില്ലെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു

ന്യൂഡെല്‍ഹി സാങ്കേതിക വിദ്യയും മീനിന്റെ രുചിയും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും മീനിന്റെ രുചി കൂട്ടുന്ന ഒരു മത്സ്യത്തീറ്റയുടെ കണ്ടുപിടിത്തവുമായി പേരെടുത്തിരിക്കുകയാണ് രാജ്യത്തെ അതിപ്രശസ്തമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി ഖൊരക്പൂര്‍. ഈ മത്സ്യത്തീറ്റ കഴിച്ചാല്‍ മീനിന്റെ വലുപ്പം മാത്രമല്ല, രുചിയും കൂടുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

ഐഐടി ഖൊരക്പൂരിലെ ശാസ്ത്ര-സാങ്കേതിക സംരംഭക പാര്‍ക്കിലെ സെലെന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിലാണ് മി.ഫിഷ്(മിസ്റ്റര്‍ ഫിഷ്) എന്ന ഈ വേറിട്ട മത്സ്യത്തീറ്റ പിറവിയെടുത്തത്. പ്രകൃതിജന്യ ജൈവിക തന്മാത്രകള്‍, കൃഷി ചെയ്തതെടുത്ത പ്രോബയോട്ടിക്‌സ്, പ്രത്യേക എന്‍സൈമുകള്‍ എന്നിവയില്‍ നിന്നുമാണ് മി.ഫിഷ് വികസിപ്പിച്ചെടുത്തത്. ഐഐടിയിലെ ലാബിലാണ് ഇവയെല്ലാം നിര്‍മ്മിച്ചത്.

മത്സ്യത്തീറ്റയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ജൈവിക അംശം മീനിന്റെ വലുപ്പവും രുചിയും പോഷകഗുണങ്ങളും വര്‍ധിപ്പിക്കുന്നുവെന്ന് ഐഐടി ഖൊരക്പൂറിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് മൈനിംഗ് എഞ്ചിനീയറിംഗ് ആന്‍ഡ് സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗിലെ ജയന്ത ഭട്ടാചാര്യ അവകാശപ്പെടുന്നു. സെലെന്‍സിലെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് ജയന്ത.

ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടി സമാനമായ മറ്റൊരു കണ്ടുപിടിത്തവും സെലന്‍സ് നടത്തിയിട്ടുണ്ട്. ഹാപ്പി മില്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ കണ്ടുപിടിത്തത്തിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് സെലന്‍സിപ്പോള്‍. പശുക്കളിലെ പാലുല്‍പ്പാദനവും പാലിന്റെ പോഷകഗുണവും വര്‍ധിപ്പിക്കുന്ന ഹാപ്പി മില്‍ക്ക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ഒരു കണ്ടുപിടിത്തമാണ്. ഹാപ്പി മില്‍ക്കിന്റെ പേറ്റന്റ് നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും പ്രമുഖ എഫ്എംസിജി കമ്പനിയുമായി പങ്കാളിത്ത ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ജയന്ത പറഞ്ഞു.

മി.ഫിഷിന്റെ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയായ ശേഷം പേറ്റന്റിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കും. പശ്ചിമബംഗാളില്‍ മി.ഫിഷ് മുഖേന നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. മീനിന്റെ രുചിയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഗുണം വര്‍ധിപ്പിക്കുന്ന ഒരു ഉല്‍പ്പന്നവും ഇന്ന് വിപണിയില്‍ കിട്ടാനില്ലെന്നും മത്സ്യകൃഷിയില്‍ അസുഖങ്ങള്‍ തടയുന്നതിനുള്ള സാധനങ്ങള്‍ കിട്ടാനുണ്ടെങ്കിലും മീനിന്റെ രുചിയും ഗുണവും ഉറപ്പുവരുത്തുന്ന ഒരു കണ്ടുപിടിത്തവും ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും ജയന്ത പറയുന്നു.

Comments

comments

Categories: FK News
Tags: fish, Fish feed