അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച ഫ്‌ളാഗ്ഓഫ് ചെയ്യും

അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച ഫ്‌ളാഗ്ഓഫ് ചെയ്യും

ഡെല്‍ഹി-വാരാണസി യാത്രയ്ക്ക് കേവലം 8 മണിക്കൂര്‍

ന്യൂഡെല്‍ഹി ഇന്ത്യയിലെ ഏറ്റവും വേഗതയാര്‍ന്ന ട്രെയിനില്‍ സഞ്ചരിക്കുന്നതിന് തീര്‍ച്ചയായും അധികകാശ് മുടക്കേണ്ടി വരുമെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ജനശതാബ്ദി ട്രെയിനുകളിലെ അടിസ്ഥാന ടിക്കറ്റ് നിരക്കിനേക്കാള്‍ കേവലം 1.5 മടങ്ങ് മാത്രം പണം മുടക്കിയാല്‍ ട്രെയിന്‍ 18 എന്ന് വിളിപ്പേരുള്ള രാജ്യത്തെ അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസില്‍ സുഖമായി യാത്ര ചെയ്യാം. തേജസ് എക്‌സ്പ്രസ് ക്ലാസ് ട്രെയിനുകളിലെ ടിക്കറ്റ് നിരക്കിന് സമാനമാണ് വന്ദേ ഭാരത് എക്‌സ്പ്രസിലെ ടിക്കറ്റ് നിരക്കുകളെന്ന് റെയ്ല്‍വേ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഈ ട്രെയിനില്‍ ഡല്‍ഹി-വാരാണസി-ഡല്‍ഹി യാത്ര നടത്തുന്നവര്‍ക്ക് ഭക്ഷണത്തിനായി അധികതുക മുടക്കേണ്ടതില്ലെന്ന ഗുണവും ഉണ്ട്. കാരണം ഭക്ഷണച്ചിലവ് കൂടി ടിക്കറ്റ് നിരക്കില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എഞ്ചിന്‍ രഹിത വന്ദേ ഭാരത് എക്‌സ്പ്രസില്‍ അവസാന സ്റ്റോപ്പായ പ്രയാഗ്‌രാജില്‍ നിന്നൊഴികെ വേറെ എവിടെ നിന്നുമുള്ള യാത്രികര്‍ക്കും അവരുടെ ടിക്കറ്റ് ഉപയോഗിച്ച് ട്രെയിനില്‍ നിന്ന് ഭക്ഷണവും നേടാവുന്നതാണ്.

ശതാബ്ദി ട്രെയിനുകളില്‍ ഉള്ളതിനേക്കാള്‍ 40-50 ശതമാനം അധികനിരക്കുകളാണ് വന്ദേ ഭാരത് എക്‌സ്പ്രസില്‍ നിശ്ചയിച്ചിരിക്കുന്നതെങ്കിലും സെല്‍ഫ് പ്രൊപ്പല്‍ഡ് വിഭാഗത്തിലുള്ള ഈ പുതിയ ട്രെയിനില്‍ കഠിനമായ നിരക്ക് നിയമങ്ങളൊന്നും ഇന്ത്യന്‍ റെയ്ല്‍വേ ഈടാക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. ചെയര്‍കാറിലിരുന്ന് ഈ ട്രെയിനില്‍ ഡെല്‍ഹി-വാരാണസി യാത്ര നടത്തുന്നതിന് നികുതി, ഭക്ഷണ നിരക്കുകള്‍ ഉള്‍പ്പടെ 1,850 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരിച്ച് വാരാണസിയില്‍ നിന്നും ഡെല്‍ഹിയിലേക്കുള്ള യാത്രാനിരക്ക് 1,795 രൂപയും. കാറ്ററിംഗ് നിരക്കുകളിലെ ചെറിയ കുറവുകളാണ് നിസ്സാരമായ ഈ നിരക്ക് വ്യത്യാസത്തിന് കാരണം.

ചെയര്‍കാറിലുള്ള ഡെല്‍ഹി-വാരാണസി യാത്രയില്‍ ടിക്കറ്റ് തുകയില്‍ 344 രൂപയാണ് ഭക്ഷണത്തിനായി ഈടാക്കിയിരിക്കുന്നത്. എക്‌സിക്യുട്ടീവ് ചെയര്‍ കാറിലാണെങ്കില്‍ ഇത് 399 രൂപയാണ്. പ്രഭാത ഭക്ഷണം, ചായ, ഉച്ചഭക്ഷണം എന്നിവ ഇതിലുള്‍പ്പെടും. തിരികെ വരവില്‍ 288 രൂപ, 349 രൂപ എന്നിങ്ങനെയാണ് ചെയര്‍കാര്‍, എക്‌സിക്യുട്ടീവ് ചെയര്‍കാര്‍ സീറ്റുകളിലെ യാത്രികര്‍ ഭക്ഷണത്തിനായി ടിക്കറ്റ് നിരക്കില്‍ മുടക്കേണ്ടത്.

ട്രെയിന്‍ 18 എന്ന വന്ദേഭാരത് എക്‌സ്പ്രസ് ഫെബ്രുവരി 15ന് ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ്ഓഫ് ചെയ്യും. പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ആഡംബര ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസില്‍ ഡെല്‍ഹി-വാരാണസി യാത്ര നടത്തുന്നതിന് 8 മണിക്കൂര്‍ മതിയാകും. കാണ്‍പൂരിലും പ്രയാഗ്‌രാജിലും മാത്രമായി രണ്ട് സ്റ്റോപ്പുകളാണ് ഈ അതിവേഗ ട്രെയിനിന് ഉണ്ടാകുക.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഐസിഎഫ് ചെന്നൈ ആണ് ഇന്ത്യയിലെ തന്നെ ഏറ്റവും വേഗതയാര്‍ന്ന ഈ ട്രെയിനിന് രൂപം നല്‍കിയിരിക്കുന്നത്. പരീക്ഷണ ഓട്ടത്തില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം വരെ ഈ ട്രെയിന്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഡെല്‍ഹി-വാരാണസി പാതയില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ ആയിരിക്കും ഈ ട്രെയിനിന്റെ പരമാവധി വേഗത.

Categories: Current Affairs