ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ 60% ഇടിവ്

ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ 60% ഇടിവ്

മ്യൂച്വല്‍ ഫണ്ടുകളില്‍ മൊത്തത്തില്‍ 65,439 കോടി രൂപയുടെ നിക്ഷേപമാണ് ജനുവരിയില്‍ നടന്നത്

ന്യൂഡെല്‍ഹി: വിപണിയിലെ ചാഞ്ചാട്ടവും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും രാജ്യത്തെ ഓഹരി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്കുള്ള പണമൊഴുക്കില്‍ മാന്ദ്യം സൃഷ്ടിക്കുകയാണ്. ജനുവരിയിലെ കണക്ക് പ്രകാരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 60 ശതമാനം ഇടിഞ്ഞ് 6,158 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ജനുവരിയില്‍ 15,390 കോടി രൂപയുടെ നിക്ഷേപം രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇടിവ് രേഖപ്പെടുത്തുന്നതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ രേഖകള്‍ വ്യക്തമാക്കുന്നു. പണമൊഴുക്കില്‍ നേരിട്ട ഇടിവ് ജനുവരി അവസാനത്തോടെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്തി അടിത്തറ 7.73 ലക്ഷം കോടി രൂപയിലേക്കെത്തിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലിത് 7.87 ലക്ഷം കോടി രൂപയായിരുന്നു.

6,606 കോടി രൂപയുടെ നിക്ഷേപമാണ് ഡിസംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ രേഖപ്പെടുത്തിയത്. നവംബറില്‍ 8,414 കോടി രൂപയുടെയും ഒക്‌റ്റോബറില്‍ 12,622 കോടി രൂപയുടെയും നിക്ഷേപമാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അനിശ്ചിതത്വങ്ങളു വിവിധ സാമ്പത്തിക സൂചകങ്ങള്‍ സംബന്ധിച്ച് നിക്ഷേപകര്‍ക്കുള്ള ആശങ്കയും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

മ്യൂച്വല്‍ ഫണ്ടുകളില്‍ മൊത്തത്തില്‍ 65,439 കോടി രൂപയുടെ നിക്ഷേപമാണ് ജനുവരിയില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1.06 ലക്ഷം കോടി രൂപയുടെ നിക്ഷേപം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൊത്തം മൂല്യം 23.4 ലക്ഷം കോടി രൂപയിലേക്കെത്തിയിട്ടുണ്ട്. 2018 ജനുവരിയില്‍ ഇത് 22.41 ലക്ഷം കോടി രൂപയായിരുന്നു.

യുഎസ്- ചൈന വ്യാപാര തര്‍ക്കം, ക്രൂഡ് ഓയില്‍ വില, ആഗോള സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ തുടങ്ങിയ ആഗോള കാരണങ്ങളും ഇക്വിറ്റിയിലെ നിക്ഷേപങ്ങളില്‍ നിന്ന് നിക്ഷേപകരെ പിന്തിരിപ്പിക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എന്‍എസ് വെങ്കടേഷ് പറയുന്നു.

Comments

comments

Categories: Business & Economy