ഇന്ത്യയില്‍ ബി ടു ബി ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വളരുന്നു: മൈക്രോസോഫ്റ്റ്

ഇന്ത്യയില്‍ ബി ടു ബി ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വളരുന്നു: മൈക്രോസോഫ്റ്റ്

ആവശ്യമായ വ്യത്യസ്ത വൈദഗ്ധ്യങ്ങളുള്ള മികച്ച പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഇന്ത്യ ഒരു ദൗര്‍ലഭ്യവും നേരിടുന്നില്ലെന്ന് ആനി പാര്‍ക്കര്‍

സിഡ്‌നി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വലിയ മുന്നേറ്റം പ്രകടമാക്കുന്ന ഇന്ത്യ, ഇപ്പോള്‍ ബിസിനസ് ടു ബിസിനസ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്്ക്ക് സാക്ഷ്യം വഹിക്കുകയാണ് പ്രമുഖ ആഗോള ഐടി കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍. ആഭ്യന്തര തലത്തില്‍ നിലനില്‍ക്കുന്ന യഥാര്‍ത്ഥ ആവശ്യങ്ങള്‍ കണ്ടുകൊണ്ടുള്ള നിരവധി നവീനാശയങ്ങളാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍ അവതരിപ്പിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സിന്റെ ഗ്ലോബല്‍ ഹെഡ് ആനി പാര്‍ക്കര്‍ പറഞ്ഞു.
നിരവധി യുവ സംരംഭകര്‍ നിലവില്‍ ഇന്ത്യയില്‍ വളര്‍ന്നു വരുന്നുണ്ട്. മികച്ച എന്‍ജിനീയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും ശരിയായ നേതൃത്വത്തില്‍ ബി ടു ബി മേഖലയില്‍ ഉയര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും ആനി പാര്‍ക്കര്‍ പറഞ്ഞു. ഓസ്‌ട്രേലിയയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ പ്രമുഖയായിരുന്ന ആനി കഴിഞ്ഞ വര്‍ഷമാണ് മൈക്രോസോഫ്റ്റിന്റെ സ്റ്റാര്‍ട്ട് ഉദ്യമത്തിനൊപ്പം ചേര്‍ന്നത്.
ബി ടു ബി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ വ്യത്യസ്ത വൈദഗ്ധ്യങ്ങളുള്ള മികച്ച പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഇന്ത്യ ഒരു ദൗര്‍ലഭ്യവും നേരിടുന്നില്ല. സത്യത്തില്‍ ഒരു സോഫ്റ്റ് വെയല്‍ എന്‍ജിനീയറെ തട്ടാതെ നിങ്ങള്‍ക്ക് ബെംഗളൂരു നഗരത്തിലൂടെ നടക്കാനാകില്ല എന്നതാണ് സ്ഥിതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൈക്രോസോഫ്റ്റ് സംഘടിപ്പിക്കുന്ന ‘ഇമാജിന്‍ കപ്പ്’ മല്‍സരങ്ങളുടെ ഏഷ്യാ ഫൈനല്‍സിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മികച്ച വളര്‍ച്ചാ സാധ്യതകളാണ് ഇന്ത്യയില്‍ ഉള്ളതെന്നും
തങ്ങളുടെ സ്റ്റാര്‍ട്ട് ഉദ്യമത്തിന്റെ ഭാഗമായി രണ്ടു തരത്തില്‍ ബി ടു ബി സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനാകുമെന്ന് ആനി പാര്‍ക്കര്‍ പറയുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുകയാണ് ഒരു രീതി. ലോകത്തിന്റെ എല്ലായിടങ്ങളിലും ഏറ്റവും മികച്ച എന്‍ജിനീയര്‍മാര്‍ മൈക്രോസോഫ്റ്റിനുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മൈക്രോസോഫ്റ്റിന്റെ സ്‌കെയ്ല്‍ അപ്പ് പദ്ധതി പ്രകാരം കൂടുതല്‍ വിപുലമായ സഹായങ്ങള്‍ ലഭ്യമാക്കുകയാണ് മറ്റൊരു രീതി. മുമ്പ് മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ എന്ന് അറിയപ്പെട്ടിരുന്ന പദ്ധതിയാണ് ഇപ്പോള്‍ സ്‌കെയ്ല്‍ അപ്പ് എന്ന് പേരുമാറ്റിയിട്ടുള്ളത്. വില്‍പ്പനയ്ക്കും മാര്‍ക്കറ്റിംഗിനുമുള്ള സഹായങ്ങളും സാങ്കേതികമായ പിന്തുണയും ഈ പദ്ധതി പ്രകാരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കും.

Comments

comments

Categories: Tech