ആക്‌സിസ് ബാങ്കിലെ 3 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു

ആക്‌സിസ് ബാങ്കിലെ 3 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു

ഡിസംബര്‍ അവസാനം എസ്‌യുയുടിഐയ്ക്ക് ആക്‌സിസ് ബാങ്കില്‍ 9.56 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്

ന്യൂഡെല്‍ഹി ആക്‌സിസ് ബാങ്കിലുള്ള സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നു. ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ നേടുകയെന്ന ലക്ഷ്യം എത്തിപ്പിടിക്കാനായി ആക്‌സിസ് ബാങ്കില്‍ സര്‍ക്കാരിനുള്ള മൂന്ന് ശതമാനം ഓഹരി സ്‌പെസിഫൈഡ് അണ്ടര്‍ടേക്കിംഗ് ഓഫ് ദ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (എസ്‌യുയുടിഐ) വഴി വില്‍ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഓഹരിയൊന്നിന് 689.52 രൂപ തറവിലയിലായിരിക്കും ഓഫര്‍ നടക്കുക. മുന്‍ദിവസത്തേക്കാള്‍ 1.1 ശതമാനം കുറവില്‍ 710.35 രൂപയ്ക്കാണ് ആക്‌സിസ് ബാങ്ക് കഴിഞ്ഞ ദിവസം ബിഎസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിസൂചികയ്ക്ക് ആക്‌സിസ് ബാങ്ക് നല്‍കിയ നോട്ടിഫിക്കേഷനിലാണ് സര്‍ക്കാര്‍ ഓഹരികളുടെ വില്‍പ്പന സംബന്ധിച്ച വിവരം സൂചിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ അവസാനം എസ്‌യുയുടിഐയ്ക്ക് ആക്‌സിസ് ബാങ്കില്‍ 9.56 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്.

ഓഹരിവിറ്റഴിക്കലിലൂടെ നടപ്പുസാമ്പത്തികവര്‍ഷം 80,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്രം ഓഫര്‍ ഫോര്‍ സെയ്ല്‍ (ലിസ്റ്റഡ് കമ്പനികളിലെ പ്രൊമോട്ടര്‍മാര്‍ക്ക് ഓഹരി വിപണിയിലൂടെ വിറ്റഴിക്കല്‍ നടത്താനുള്ള ലളിതമാര്‍ഗം) സംവിധാനത്തിലൂടെയായിരിക്കും വില്‍പ്പന നടത്തുക. ഓഹരി മൂലധനത്തിന്റെ പത്ത് ശതമാനത്തിലധികം വിഹിതം കമ്പനിയിലുള്ള ഉടമകള്‍ക്ക് മാത്രമേ ഇത്തരമൊരു സംവിധാനത്തിലൂടെ വില്‍പ്പന നടത്താന്‍ സാധിക്കൂ

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഓഹരിവിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്ന ധനസമാഹരണം നേടിയെടുക്കുമെന്ന് ധനമന്ത്രിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരണവേളയില്‍ വ്യക്തമാക്കിയിരുന്നു. ഇത്രയും കാലത്തെ വിറ്റഴിക്കലിലൂടെ ലഭിച്ച തുകയില്‍ 25,325 കോടി രൂപയാണ്(63%) ഓഹരി വ്യാപാര ഫണ്ടുകളിലൂടെ(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്)സര്‍ക്കാരിന് സമാഹരിക്കാനായത്. ഗ്രാമീണ വൈദ്യുത കോര്‍പ്പറേഷനില്‍ സര്‍ക്കാരിനുള്ള 52.63 ശതമാനം ഓഹരികള്‍ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നതിലൂടെ 14,000 കോടി രൂപ കൂടി ഈ വകുപ്പില്‍ വന്നു ചേരും. പ്രസ്തുത ഇടപാടിന് മന്ത്രിസഭയുടെ പ്രാഥമിക അനുമതി ലഭിച്ചു കഴിഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി തിരികെ വാങ്ങലില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന 12,000 കോടി രൂപയില്‍ 4,000 കോടി ഇതിനോടകം പിടിച്ചെടുത്തുകഴിഞ്ഞു. ബാക്കി 8,000 കോടി രൂപയുടെ ഇടപാട് മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍, ഓയില്‍ ഇന്ത്യ എന്നീ കമ്പനികളിലാണ് ഓഹരി തിരികെ വാങ്ങല്‍ നടക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Axis bank