അമേരിക്കയുടെ ഉപരോധം ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങള്‍ അവസരമാക്കാനൊരുങ്ങി വെനസ്വെല

അമേരിക്കയുടെ ഉപരോധം ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങള്‍ അവസരമാക്കാനൊരുങ്ങി വെനസ്വെല

വെനസ്വെലയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി ഇരട്ടിയാക്കും

കാരക്കാസ് ഇന്ധനവിപണിക്ക് മേല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധത്തിന്റെ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഇറക്കുമതി അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വെനസ്വെലയുടെ നീക്കം. ഇന്ധന ഉപഭോഗത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി ഇരട്ടിയാക്കാനാണ് വെനസ്വെല ഒരുങ്ങുന്നത്. ബാര്‍ട്ടര്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ ഇന്ത്യയിലേക്ക് കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുമെന്ന് വെനസ്വെല ഇന്ധനകാര്യ വകുപ്പ് മന്ത്രി മാനുവല്‍ ക്വിവെഡോ അറിയിച്ചു. ഇന്ത്യയില്‍ നിന്നും മരുന്നുകളും മറ്റ് ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്ന വെനസ്വെല മറ്റ് പല രീതികളിലുമുള്ള പേയ്‌മെന്റ് സംവിധാനങ്ങളെ കുറിച്ചും ആലോചിക്കുന്നുണ്ട്.

വെനസ്വെല പ്രസിഡന്റ് നിക്കോളാസ് മദുറോയെ പുറത്താക്കാനുള്ള നടപടികളുടെ ഭാഗമായി സര്‍ക്കാരിന് കീഴിലുള്ള പിഡിവിഎസ്എ എന്ന ഇന്ധനക്കമ്പനിക്ക് മേല്‍ അമേരിക്ക കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയുമായുള്ള ബന്ധവും വ്യാപാരവും വെനസ്വെല തുടരുമെന്ന് വ്യക്തമാക്കിയ ക്വിവെഡോ സേവന, സാങ്കേതിക മേഖലകളില്‍ ന്യൂഡെല്‍ഹിയുമായുള്ള കാരക്കാസ് ബന്ധം വിപുലപ്പെടുത്തുമെന്നും അറിയിച്ചു. ബാര്‍ട്ടര്‍ രീതിയിലുള്ള ഇടപാടുകള്‍ വെനസ്വെല തയ്യാറാണെന്ന് അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല.

നിലവില്‍ 300,000 ബിപിഡി (ബാരല്‍സ് പെര്‍ ഡേ)നിരക്കിലാണ് വെനസ്വെലയില്‍ നിന്നും ഇന്ത്യയിലേക്ക് ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യയ്ക്കും താത്പര്യമാണുള്ളതെന്നും ഇന്ധനക്കമ്പനികളുമായുള്ള യോഗത്തിന് ശേഷം ക്വിവെഡോ പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റഷ്യന്‍ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള നരയ എനര്‍ജി എന്നീ കമ്പനികള്‍ വെനസ്വെലയില്‍ നിന്നുള്ള ഇന്ധനം വാങ്ങും.

ബാര്‍ട്ടര്‍ രീതിയിലുള്ള ഇന്ധന ഇറക്കുമതി വെനസ്വെലയുമായുള്ള വ്യാപാരബന്ധം സന്തുലിതമായി നിലനിര്‍ത്തുന്നതിന് ഇന്ത്യയ്ക്കും ഗുണം ചെയ്യും. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വെനസ്വെലയില്‍ നിന്നും 5.87 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതേസമയം 79.3 മില്യണ്‍ ഡോളറിന്റെ കയറ്റുമതി മാത്രമാണ് അതേവര്‍ഷം വെനസ്വെലയിലേക്ക് ഇന്ത്യ നടത്തിയിട്ടുള്ളുവെന്ന് ഇന്ത്യന്‍ വ്യാപാര മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.

വെനസ്വെലയുടെ ഇന്ധന കയറ്റുമതിയില്‍ വര്‍ഷങ്ങളായി വന്‍ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ക്വിവെഡോ പറഞ്ഞു. നിലവില്‍ 1.57 മില്യണ്‍ ബിപിഡി യാണ് വെനസ്വെലയുടെ ഇന്ധന കയറ്റുമതി. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന ഇന്ധന കയറ്റുമതിയുടെ പകുതി മാത്രമാണിത്. ഇന്ധനവിപണി സജീവമായി നിലനിര്‍ത്തുന്നതിന് ഇന്ധന വിതരണത്തില്‍ സന്തുലനം പാലിക്കണമെന്ന് ഒപെകും മറ്റ് ഇന്ധന ഉല്‍പാദക രാജ്യങ്ങളും ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ധന ഉപഭോഗ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കുന്നതിനാണ് വെനസ്വെല പ്രധാന്യം നല്‍കുന്നതെന്നും ക്വിവെഡോ വ്യക്തമാക്കി.

അമേരിക്ക ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധം മൂലം 20 ബില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടമാണ് രാജ്യത്തിനുണ്ടായതെന്ന് ക്വിവെഡോ പറഞ്ഞു. അമേരിക്കയുടെയും ചില സഖ്യ രാഷ്ട്രങ്ങളുടെയും പിന്തുണയുള്ള വെനസ്വെലയുടെ സ്വയം അവരോധിത പ്രസിഡന്റ് ജുവാന്‍ ഗ്വൊയ്‌ഡോ അമേരിക്കയുടെ സഹായത്തോടെ ബാങ്ക് എക്കൗണ്ടുകള്‍ സ്ഥാപിച്ച് പിഡിവിഎസ്എയുടെ അമേരിക്കന്‍ ഇന്ധന സ്ഥാപനമായ സിറ്റ്‌ഗോ പെട്രോളിയത്തില്‍ നിന്നുള്ള വരുമാനം നേടിയെടുക്കാനുള്ള ശ്രമം നടത്തുകയാണ്. ഈ നീക്കത്തെ പ്രതിരോധിക്കുന്നതിനായി സിറ്റ്‌ഗോ ഡയറക്ടര്‍ ബോര്‍ഡിലുള്ള അമേരിക്കന്‍ എക്‌സിക്യുട്ടീവുകളെ നീക്കാനുള്ള നടപടികള്‍ പിഡിവിഎസ്എയും ആരംഭിച്ചുകഴിഞ്ഞു.

Categories: Current Affairs