എന്തുകൊണ്ട് പല പരസ്യ തന്ത്രങ്ങളും വിജയിക്കുന്നില്ല?

എന്തുകൊണ്ട് പല പരസ്യ തന്ത്രങ്ങളും വിജയിക്കുന്നില്ല?

ഏതൊരു വ്യാപാരവും വിജയിക്കണമെങ്കില്‍ അനുയോജ്യമായ പരസ്യ തന്ത്രങ്ങള്‍ അനിവാര്യമാണ്. ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അതിന്റേതായ വേദികള്‍ ഉണ്ട്. അവ കാര്യമായി ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ നിന്നും വളരെ നല്ല ഫലങ്ങള്‍ ലഭിക്കും. ശക്തമായ ബ്രാന്‍ഡ് മൂല്യം ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ചിലപ്പോള്‍ ആറു മാസം വരെ തുടര്‍ച്ചയായി പരിശ്രമിക്കേണ്ടി വരാം. ഏളുപ്പത്തില്‍ ചെയ്യാവുന്നതും അതേസമയം വളരെ കരുതലോടെ നിര്‍വഹിക്കേണ്ടതുമായ ചില പരസ്യ തന്ത്രങ്ങളെക്കുറിച്ചാണ് ഇത്തവണ

‘എത്ര മഹത്തരമായ ഉല്‍പ്പന്നമാണ് നിങ്ങള്‍ ഉണ്ടാക്കുന്നത് എന്നല്ല; നിങ്ങളുടെ ഉല്‍പ്പന്നം കൊണ്ട് ഉപഭോക്താവിന് എന്തു മഹത്തരമായ ഗുണം ഉണ്ടാകും എന്നതാണ് പ്രധാനം,’ ലിയോ ബര്‍നേറ്റ്

വിപണന തന്ത്രങ്ങളുടെ കുലപതിയായ ബര്‍നെറ്റിന്റെ ഈ വാക്കുകളില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. നമുക്ക് ഐഫോണിന്റെ കാര്യം തന്നെ എടുക്കാം. മഹാനായ സ്റ്റീവ് ജോബ്‌സ് ജീവിച്ചിരിക്കുമ്പോള്‍ ലളിതമായ ഡിസൈനുകളും ഫോണുകളും ഉപഭോക്താക്കള്‍ക്ക് എങ്ങനെ ഉപകാരപ്രദമാകും എന്നായിരുന്നു കമ്പനി ചിന്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ കാല ശേഷം ഉപഭോക്താക്കളുടെ ആവശ്യം എന്താണെന്നതിനേക്കാള്‍ ആപ്പിള്‍ കമ്പനിയുടെ അറിവുകളും കഴിവുകളും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ‘ഐഫോണ്‍ Xs Max’. നിങ്ങള്‍ ഒരു ഗാഡ്ജറ്റ് പ്രേമിയാണെങ്കില്‍ മാത്രമേ ആ ഫോണിന്റെ ഘടന പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിയൂ. അത് കൊണ്ട് തന്നെ ഫോണ്‍ വിപണിയിലെത്തി ആദ്യ ആഴ്ച കഴിഞ്ഞതോടെ വില്‍പ്പന കുത്തനെ താഴേക്ക് വന്നു. എല്ലാവരും പറഞ്ഞ ഒരു പരാതി പുതിയ ഫോണിന്റെ തലയും വാലും മനസ്സിലാവുന്നില്ല എന്നാണ്. ഇത് തന്നെയാണ് ബര്‍നേറ്റ് പറയുന്നതും. ഉപഭോക്താവിന് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കണം ഉല്‍പ്പന്നം. അത് പരസ്യങ്ങളിലൂടെ പറയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ വലിയ പ്രതീക്ഷ വേണ്ട.

ഏതൊരു വ്യാപാരവും വിജയിക്കണമെങ്കില്‍ അനുയോജ്യമായ പരസ്യ തന്ത്രങ്ങള്‍ അനിവാര്യമാണ്. ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അതിന്റേതായ വേദികള്‍ ഉണ്ട്. അവ കാര്യമായി ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ നിന്നും വളരെ നല്ല ഫലങ്ങള്‍ ലഭിക്കും. ശക്തമായ ബ്രാന്‍ഡ് മൂല്യം ഇല്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ വിജയിക്കണമെങ്കില്‍ കുറഞ്ഞത് മൂന്ന് മുതല്‍ ആറു മാസം വരെ എടുക്കും. ഇനി നമുക്ക് ഓരോ വ്യാപാരങ്ങള്‍ക്കും അനുയോജ്യമായ പരസ്യ തന്ത്രങ്ങള്‍ നോക്കാം. (എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ഇ-മെയില്‍ അല്ലെങ്കില്‍ വാട്ട്‌സാപ്പ് അയക്കൂ. സഹായിക്കാന്‍ ശ്രമിക്കാം)

അഞ്ചു വര്‍ഷം മുന്‍പ് വരെ എടിഎല്‍, ബിടിഎല്‍ (എബൗ ദ ലൈന്‍, ബിലോ ദ ലൈന്‍: ടിവി, അച്ചടി മാധ്യമങ്ങള്‍, റേഡിയോ എന്നിവയിലൂടെ ചെയ്യുന്ന, എല്ലാത്തരം ഉപഭോക്താക്കളെയും ലക്ഷ്യം വെക്കുന്ന രാജ്യ വ്യാപകമായ മാര്‍ക്കറ്റിംഗാണ് എടിഎല്‍. പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിച്ച് ചെയ്യുന്ന പരിമിതമായ മാര്‍ക്കറ്റിംഗാണ് ബിടിഎല്‍. ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, എസ്എംഎസ്, ഇ-മെയ്ല്‍, വാര്‍ത്താ സമ്മേളനം, നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയൊക്കെയാണ് ബിടിഎല്ലിലെ പ്രചാരണ രീതികള്‍) എന്നീ പരസ്യ തന്ത്രങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്നത് ടിടിഎല്‍ തന്ത്രം ആണ്. നോട്ടീസ് വിതരണം മുതല്‍ സോഷ്യല്‍ മീഡിയ വരെ ഉള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തുന്ന സമഗ്ര വിപണന തന്ത്രം.

ഫേസ്ബുക്ക് (Facebook)

പലരും സ്വന്തം ബിസിനസ് എന്താണ് എന്ന് നോക്കാതെ പരസ്യം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒന്നാണ് ഫേസ്ബുക്ക്. വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഇന്‍സ്റ്റന്റ് ആഹാര പദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും അഭികാമ്യം ഫേസ്ബുക്ക് പ്രചാരണം തന്നെയാണ്. പക്ഷേ, വിലകൂടിയ വസ്തുക്കള്‍, മെഷിനറി, ലേത്ത് എന്നിങ്ങനെയുള്ളവയ്ക്ക് ഫേസ്ബുക്ക് ഉപയോഗിച്ചാല്‍ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായേക്കില്ല. ഫേസ്ബുക്ക് എക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം അതില്‍ നിന്നും നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ ഒരു പേജ് ഉണ്ടാക്കിയിട്ട് വേണം പരസ്യം ചെയ്യാന്‍.

ലിങ്ക്ഡ്ഇന്‍ (LinkedIn)

ഹെവി മെഷിനറി, ബിസിനസ് മാസിക, എക്‌സിക്യൂട്ടീവ് തസ്തികകള്‍ക്ക് ജീവനക്കാരെ തേടുന്നവര്‍, ഉയര്‍ന്ന ജോലി തേടുന്നവര്‍ എന്നിവര്‍ക്ക് പരസ്യം ചെയ്യാന്‍ പറ്റിയതാണിത്. സത്യത്തില്‍ ഇതിന്റെ ഉപയോഗം ഇനിയും മലയാളികള്‍ പൂര്‍ണമായും മനസിലാക്കിയിട്ടില്ല എന്ന് വേണം പറയാന്‍. ഇത്രയും കൃത്യമായി ലക്ഷ്യം വെക്കാവുന്ന ഒരു പരസ്യ വേദി വേറെ ഇല്ല എന്ന് തന്നെ പറയാം. വലിയ സ്ഥാപനങ്ങളിലെ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തിയുള്ള, അല്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉടമസ്ഥരുമാണ് ഏറ്റവും കൂടുതല്‍ ഉള്ളത് എന്നത് തന്നെയാണ് ലിങ്ക്ഡ്ഇന്നിന്റെ പ്രത്യേകത. ഫേസ്ബുക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ അധികം ചെലവ് കൂടുമെങ്കിലും ഇതിലൂടെ ലഭിക്കുന്ന പ്രതികരണങ്ങള്‍ ഗംഭീരമായിരിക്കും. അതായത് ശരിയായ ആവശ്യക്കാര്‍ ആണ് നിങ്ങളുടെ പരസ്യത്തോട് പ്രതികരിക്കുക എന്ന് സാരം.

ഇന്‍സ്റ്റാഗ്രാം (Instagram)

ഇന്‍സ്റ്റാഗ്രാമിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് കൊണ്ട് സാധാരണ ഫേസ്ബുക്ക് പരസ്യം ചെയ്യുമ്പോള്‍ ഇന്‍സ്റ്റാഗ്രാം കൂടി നിങ്ങള്‍ക്ക് ലഭിക്കും. ആവശ്യം ഇല്ലെങ്കില്‍ ടിക്ക് ചെയ്ത്് വിട്ടാല്‍ മാത്രം മതി. ഫാസ്റ്റ് ഫുഡ്, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയുടെ മാര്‍ക്കറ്റിംഗിന് ഇന്‍സ്റ്റാഗ്രാം ഏറ്റവും അഭികാമ്യമാണ്. പരസ്യം ചെയ്യാന്‍ ഏറ്റവും എളുപ്പവും ഇതില്‍ തന്നെയാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതിലൂടെ പരസ്യം ചെയ്യുന്ന ചിത്രങ്ങളുടെ നിലവാരം വളരെ നല്ലതായിരിക്കണം എന്നതാണ്. ഇവിടെ വാക്കുകള്‍ അല്ല ചിത്രങ്ങളാണ് സംസാരിക്കുന്നത്.

ട്വിറ്റര്‍ (Twitter)

വളരെ ചെലവേറിയതും എന്നാല്‍ റിസള്‍ട്ട് ലഭിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ ഒന്നാണ് ട്വിറ്റര്‍. സത്യത്തില്‍ ഇതില്‍ പണം ചെലവ് ചെയ്യുന്നതിന് പകരം, മാക്‌സിമം ഫോളോവേഴ്‌സിനെ സാധാരണ ഗതിയില്‍ ഉണ്ടാക്കി എടുക്കുകയാണ് വേണ്ടത്. നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ള പരസ്യങ്ങള്‍ ഇതിലൂടെ നല്‍കാന്‍ പറ്റുകയാണെങ്കില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. പക്ഷെ അമിത പ്രതീക്ഷ വേണ്ട. ചിലപ്പോള്‍ പണം കിളി കൊത്തിക്കൊണ്ട് പോയെന്നിരിക്കും.

ഗൂഗിള്‍ മൈ ബിസിനസ് (Google My Business)

നിങ്ങളുടെ വ്യാപാരം ഇരുപത്തഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവരെ പ്രതീക്ഷിച്ചു നടത്തുന്നതാണെങ്കില്‍ പത്തു പൈസ ചിലവില്ലാതെ പൊതു ജനങ്ങളെ ആകര്‍ഷിക്കാന്‍ ഏറ്റവും നല്ല വഴിയാണിത്. നിങ്ങളുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ അവലോകനവും റേറ്റിങ്ങും ഉണ്ടാക്കിയെടുത്താല്‍ നല്ല ഫലം കിട്ടും. നിങ്ങള്‍ അംഗങ്ങളായിരിക്കുന്ന ഗ്രൂപ്പുകളിലും മറ്റും ഇതിന്റെ ലിങ്ക് അയച്ച്് അവരോട് റേറ്റിംഗ് നല്‍കാന്‍ ആവശ്യപ്പെടാം. സ്ഥാപനങ്ങളിലേക്ക് വരുന്ന ഉപഭോക്താക്കളോട് അവിടെ വെച്ചുതന്നെ റേറ്റിംഗ് നല്‍കുവാനും അങ്ങനെ നല്‍കുന്നവര്‍ക്ക് അടുത്ത തവണ ഡിസ്‌കൗണ്ട് കൂപ്പണ്‍ നല്‍കിയും ഇത് പരിപോഷിപ്പിക്കാം. ‘സേവ’ എന്ന് പറയുന്ന ഒരു ലഘു ഭക്ഷണം ചെറിയ ഫാക്റ്ററിയില്‍ ഉല്‍പ്പാദിപ്പിച്ച്, അത് നഗരത്തില്‍ മുഴുവന്‍ വിതരണം ചെയ്യുന്ന ഒരു മായേട്ടന്‍ ഉണ്ട്. ഗൂഗിള്‍ മൈ ബിസിനസ് കൃത്യമായി ഉപയോഗിച്ച് എത്ര മാത്രം വ്യാപാരം വര്‍ധിപ്പിക്കാനാവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം. തന്റെ അടുത്തേക്കെത്തുന്ന ഉപഭോക്താക്കളെയും വിതരണത്തിന് പോകുന്ന കടകളുടെ ഉടമസ്ഥരെയും അദ്ദേഹം ആപ്ലിക്കേഷന് റേറ്റിംഗ് നല്‍കാന്‍ നിര്‍ബന്ധിക്കും. അതിന്റെ ഗുണം അദ്ദേഹത്തിന് ലഭിക്കുന്നുമുണ്ട്. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും ചെലവ് എങ്ങനെ കണക്കാക്കാം എന്നും അടുത്ത ആഴ്ച പരിശോധിക്കാം.

(കല്യാണ്‍ജി പേര്‍സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ മെയില്‍ ഐഡി യില്‍ ബന്ധപ്പെടാം. Whatsapp: +91-9497154400)

Categories: FK Special, Slider