പാപ്പരത്ത നിയമം എറെ നിര്‍ണായകമായ പരിഷ്‌കരണം: കുമാര മംഗലം ബിര്‍ള

പാപ്പരത്ത നിയമം എറെ നിര്‍ണായകമായ പരിഷ്‌കരണം: കുമാര മംഗലം ബിര്‍ള

ടെലികോം മേഖലയില്‍ ഇനിയൊരു ഏകീകരണത്തിന് സാധ്യതയില്ല

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമം( ഐബിസി) വളരേ വ്യാപകമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള. ചരക്കുസേവന നികുതിക്കും, നോട്ട് അസാധുവാക്കലും പോലെ തന്നെ നിര്‍ണായകമായ പരിഷ്‌കരണമാണിതെന്നും ഇന്ത്യയിലെ അടിസ്ഥാന ബിസിനസ് സാഹചര്യങ്ങളില്‍ ഐബിസി മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ബിനാനി ഗ്രൂപ്പിനെ ഏറ്റെടുക്കാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് തീരുമാനിക്കുമ്പോള്‍ ഐബിസി പ്രാരംഭദശയിലായിരുന്നു. ഒട്ടേറേ വിശകലനം നടത്തിയാണ് ആ തീരുമാനമെടുത്തത്. എന്നാല്‍ പാപ്പരത്ത നിയമത്തിലൂടെയല്ലാതെ ബിനാനി ഗ്രൂപ്പിന്റെ വായ്പാ പ്രതിസന്ധി പരിഹരിക്കപ്പെടുമായിരുന്നില്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ ധീരമായ പരിഷ്‌കരണ നടപടിയായാണ് ഐബിസിയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തികമായ ബാധ്യതകള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ അത് ആസ്തികളെ ബാധിക്കുമെന്ന തരത്തിലുള്ള ഭയം പ്രൊമോട്ടര്‍മാര്‍ക്കിടയില്‍ വളരുന്നുണ്ട്. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നും കുമാര മംഗലം ബിര്‍ള ചൂണ്ടിക്കാണിച്ചു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം എന്തു തന്നെയായാലും 7 ശതമാനത്തിനു മുകളില്‍ വളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേടും. എന്നാല്‍ വളര്‍ച്ച 9-10 ശതമാനത്തിലേക്ക് എത്തിക്കുന്നതില്‍ വരാനിരിക്കുന്ന സര്‍ക്കാരിന്റെ സ്വഭാവത്തിന് പങ്കുവഹിക്കാനാകും. ഏതു സര്‍ക്കാരാണെങ്കിലും പരിഷ്‌കരണ നടപടികള്‍ മുന്നോട്ടുകൊണ്ടു പോകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
വോഡഫോണ്‍ ഇന്ത്യയുമായുള്ള ഐഡിയയുടെ ലയനം ലക്ഷ്യങ്ങളിലേക്കെത്തുകയാണെന്നും സംയുക്ത സംരംഭം അതിവേഗം പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തിയെന്നും കുമാരമംഗലം ബിര്‍ള പറഞ്ഞു. ചെലവുകള്‍ കുറയ്ക്കുന്നത് പ്രവര്‍ത്തന ലാഭം ഉയരാനിടയാക്കും. ഒട്ടും റീച്ചാര്‍ജ് ചെയ്യാതിരിക്കുകയോ കുറഞ്ഞ റീചാര്‍ജ് മാത്രം ചെയ്യുകയോ ചെയ്യുന്ന ഉപയോക്താക്കളെ ഒഴിവാക്കുകയാണ്. ടെലികോം മേഖലയില്‍ ഇനിയൊരു ഏകീകരണ നടപടി പ്രതീക്ഷിക്കുന്നില്ലെന്നും മൂന്ന് പ്രമുഖ കമ്പനികള്‍ക്ക് ഇന്ത്യന്‍ ടെലികോം മേഖലയില്‍ അതിജീവിക്കാന്‍ സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോഡഫോണ്‍ ഐഡിയയുടെയും ജിയോയുടെയും പ്രവര്‍ത്തന മാതൃകകള്‍ വ്യത്യസ്തമാണ്. ഏതെങ്കിലും തരത്തിലുള്ള ഉള്ളടക്കങ്ങള്‍ വിതരണം ചെയ്യുന്നതിലേക്ക് വോഡഫോണ്‍ ഐഡിയ കടക്കുന്നില്ല. ഡയറക്റ്റ് ടു ഹോം ബിസിനസും പരിഗണിക്കുന്നില്ല. വോയ്‌സിലും ഡാറ്റയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു തന്നെ മുന്നോട്ടുപോകുമെന്നും കുമാര മംഗലം ബിര്‍ള പറയുന്നു.

Comments

comments

Categories: FK News

Related Articles