2019 കാവസാക്കി വെഴ്‌സിസ് 1000 പുറത്തിറക്കി

2019 കാവസാക്കി വെഴ്‌സിസ് 1000 പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 10.69 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2019 മോഡല്‍ കാവസാക്കി വെഴ്‌സിസ് 1000 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.69 ലക്ഷം രൂപയാണ് അഡ്വഞ്ചര്‍ ടൂററിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് 2019 മോഡല്‍ കാവസാക്കി വെഴ്‌സിസ് 1000 അനാവരണം ചെയ്തത്. ഇതേതുടര്‍ന്ന് ഇന്ത്യയില്‍ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് കാവസാക്കി ഇന്ത്യ ആരംഭിച്ചിരുന്നു. അടുത്ത മാസം ഡെലിവറി ചെയ്തുതുടങ്ങും. പേള്‍ സ്റ്റാര്‍ഡസ്റ്റ് വൈറ്റ്/മെറ്റാലിക് സ്പാര്‍ക് ബ്ലാക്ക് കളര്‍ സ്‌കീമില്‍ 2019 കാവസാക്കി വെഴ്‌സിസ് 1000 ലഭിക്കും. സികെഡി രീതിയിലാണ് കാവസാക്കി വെഴ്‌സിസ് 1000 ഇന്ത്യയിലെത്തുന്നത്.

മോട്ടോര്‍സൈക്കിളിന്റെ അഴക് സംബന്ധിച്ചാണെങ്കില്‍, മേക്ക്ഓവര്‍ തന്നെ നടത്തിയിരിക്കുന്നു. മുന്‍ഗാമിയേക്കാള്‍ മുന്‍ഭാഗം ഇപ്പോള്‍ കൂടുതല്‍ ഷാര്‍പ്പാണ്. പുതു തലമുറ കാവസാക്കി നിഞ്ച കുടുംബത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണെന്ന് തോന്നുന്നു. എല്‍ഇഡി ഹെഡ്‌ലൈറ്റ്, ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, പകുതി ഡിജിറ്റലായ എല്‍സിഡി കണ്‍സോള്‍ എന്നിവ ഇപ്പോള്‍ സവിശേഷതകളാണ്.

കാവസാക്കി നിഞ്ച 1000 ഉപയോഗിക്കുന്ന അതേ 1,043 സിസി, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് വെഴ്‌സിസ് 1000 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. എന്നാല്‍ ട്യൂണ്‍ വ്യത്യസ്തമാണ്. 9,000 ആര്‍പിഎമ്മില്‍ 120 എച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 102 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

കാവസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ (കെടിആര്‍സി), ക്രൂസ് കണ്‍ട്രോള്‍, കാവസാക്കി കോര്‍ണറിംഗ് മാനേജ്‌മെന്റ് ഫംഗ്ഷന്‍ (കെസിഎംഎഫ്), കാവസാക്കി ഇന്റലിജന്റ് ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം (കെഐബിഎസ്) എന്നിവ 2019 വെഴ്‌സിസ് 1000 മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്. രണ്ട് പവര്‍ മോഡുകള്‍, 5 ആക്‌സിസ് ബോഷ് ഐഎംയു എന്നിവ പുതുതായി ലഭിച്ചു.

ബൈക്കിന്റെ മുന്‍, പിന്‍ സസ്‌പെന്‍ഷന്‍ പരിഷ്‌കരിച്ചു. 17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് വരുന്നത്. മുന്‍ ചക്രത്തില്‍ 120/70ഇസഡ്ആര്‍17 ടയറും പിന്‍ ചക്രത്തില്‍ 180/55ഇസഡ്ആര്‍17 ടയറും നല്‍കിയിരിക്കുന്നു. 790 മില്ലി മീറ്ററാണ് സീറ്റ് ഉയരം. ഇന്ധന ടാങ്കിന്റെ ശേഷി 21 ലിറ്റര്‍.

ഇന്ത്യയില്‍ ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 950 മോട്ടോര്‍സൈക്കിളാണ് പ്രധാന എതിരാളി. കാവസാക്കിയുടെ വെഴ്‌സിസ് മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും മുന്നിലാണ് വെഴ്‌സിസ് 1000 മോഡലിന് സ്ഥാനം. വെഴ്‌സിസ്-എക്‌സ് 300, വെഴ്‌സിസ് 650 എന്നിവയാണ് മറ്റ് രണ്ട് വെഴ്‌സിസ് മോഡലുകള്‍.

Comments

comments

Categories: Auto