ആദ്യ വിദേശ വിപണിയില്‍ സൊമാറ്റോയ്ക്ക് കാലിടറി

ആദ്യ വിദേശ വിപണിയില്‍ സൊമാറ്റോയ്ക്ക് കാലിടറി

യുഎഇ ബിസിനസ് വിറ്റൊഴിയാന്‍ ഇന്ത്യയുടെ സൊമാറ്റോ പദ്ധതിയിടുന്നു

ദുബായ്: ഇന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫുഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് സൊമാറ്റോ തങ്ങളുടെ ആദ്യ വിദേശവിപണിയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎഇയിലെ ബിസിനസ് വിറ്റൊഴിയുന്നതിനായി ജര്‍മന്‍ കമ്പനിയായ ഡെലിവറി ഹീറോയുമായി സൊമാറ്റോ ചര്‍ച്ചകള്‍ നടത്തിവരുന്നതായി അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൊമാറ്റോയുടെ ഇന്ത്യക്ക് പുറത്തുള്ള ആദ്യ വിപണിയെന്ന നിലയില്‍ യുഎഇയിലെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. കമ്പനിയുടെ മൊത്തം ബിസിനസിന്റെ ഏകദേശം 20 ശതമാനം സംഭാവന ചെയ്യുന്നതും യുഎഇയാണ്.

യുഎഇയിലെ ബിസിനസ് വിറ്റൊഴിയുന്നതുമായി ബന്ധപ്പെട്ട് ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെലിവറി ഹീറോയുമായി സൊമാറ്റോ ചര്‍ച്ചകള്‍ നടത്തി വരികയാണ്. 200 ദശലക്ഷം ഡോളര്‍ മുതല്‍ 250 ദശലക്ഷം ഡോളര്‍ വരെയാണ് വില്‍പ്പന മൂല്യം കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യയില്‍ സ്വിഗ്ഗി പോലുള്ള മുന്‍നിര എതിരാളികളുടെ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ മൂലധനം സ്വരുക്കൂട്ടുന്നതിന്റെ ഭാഗമായാണ് വില്‍പ്പന പദ്ധതി. പുതിയ നിക്ഷേപമായി ഏകദേശം 500 ദശലക്ഷം ഡോളര്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനുള്ള പരിശ്രമത്തിലാണ് സൊമാറ്റോ. കൂടുതല്‍ ഫണ്ട് സമാഹരിക്കുന്നതിനായി പുതിയ നിക്ഷേപകരുമായി കമ്പനി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയിലെ ബിസിനസിനെ അപേക്ഷിച്ച് യുഎഇയിലെ വ്യാപാരം ശരാശരി ഉയര്‍ന്ന ഓര്‍ഡര്‍ മൂല്യം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ഓഹരി വില്‍പ്പനയ്ക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

യൂറോപ്പ്, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലായി രണ്ട് ലക്ഷത്തിലധികം ഹോട്ടലുകളുമായി സഹകരിച്ച് 40 ഓളം രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ച് കഴിഞ്ഞ കമ്പനിയാണ് 2011ല്‍ സ്ഥാപിതമായ ഡെലിവറി ഹീറോ. 2015 ലാണ് കമ്പനി തലാബത്ത്.കോം ഏറ്റെടുത്ത് പശ്ചിമേഷ്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്.

Comments

comments

Categories: Arabia