മാള്‍ ഓഫ് ദി എമിറേറ്റ്‌സില്‍ ഇനി വീചാറ്റ് പേമെന്റും

മാള്‍ ഓഫ് ദി എമിറേറ്റ്‌സില്‍ ഇനി വീചാറ്റ് പേമെന്റും
  • ചൈനയിലെ ജനപ്രിയ മെസേജിംഗ് ആപ്പായ വീചാറ്റ് വഴി ദുബായ് മാളില്‍ കാഷ്‌ലസായി പേമെന്റ് നടത്താം
  • ഒരു ബില്ല്യണിലധികം ഉപയോക്താക്കളുണ്ട് വീചാറ്റിന്
  • ദുബായിലേക്കുള്ള ചൈനീസ് സഞ്ചാരികളുടെ ഒഴുക്ക് കൂടിയതാണ് പുതിയ നീക്കത്തിന് കാരണം

ദുബായ്: ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ദുബായ് നടത്തുന്ന ശ്രമങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റാറുണ്ട്. ചൈനയില്‍ നിന്നുള്ള സഞ്ചാരികള്‍ കൂടിയതോടെ അവര്‍ക്ക് ദുബായിയെ പരമാവധി ആകര്‍ഷകമാക്കാന്‍ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് മാള്‍ ഓഫ് ദ എമിറേറ്റ്‌സ്. മാളിലെ ഔട്ട്‌ലെറ്റുകള്‍ക്ക് ഇനി മെസേജിംഗ് സേവനമായ വീചാറ്റിലൂടെയുള്ള കാഷ്‌ലെസ് പേമെന്റ് സ്വീകരിക്കാന്‍ സാധിക്കും.

ഒരു ബില്ല്യണിലധികം ഉപയോക്താക്കളുള്ള ചൈനയിലെ ഏറ്റവും ജനകീയ മെസേജിംഗ് ആപ്പാണ് വീചാറ്റ്. ദുബായിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട് ചൈന. ഓരോ വര്‍ഷം കഴിയുന്തോറും ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്നതാകട്ടെ മികച്ച വര്‍ധനയും. 12 ശതമാനമാണ് ടൂറിസ്റ്റുകളുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക്. യുഎഇയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും ശക്തിപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തിലാണ് ചൈനീസ് സഞ്ചാരികളുടെ ഷോപ്പിംഗ് ഏറ്റവും എളുപ്പത്തിലാക്കുന്ന തീരുമാനവുമായി മാള്‍ ഓഫ് ദ എമിറേറ്റ്‌സ് എത്തിയിരിക്കുന്നത്.

പ്രമുഖ ബിസിനസ് ഗ്രൂപ്പായ മജീദ് അല്‍ ഫുട്ടയ്മിന്റെ പതാകവാഹക റീട്ടെയ്ല്‍ ബ്രാന്‍ഡാണ് മാള്‍ ഓഫ് എമിറേറ്റ്‌സ്. ചൈനീസ് ഉപഭോക്താക്കളോട് ഏറ്റവും അടുത്തുനില്‍ക്കുകയെന്ന ഉദ്ദേശ്യവുമായാണ് ഞങ്ങള്‍ പുതിയ പദ്ധതി അവതരിപ്പിച്ചത്-മജീദ് അല്‍ ഫുട്ടയിം പ്രോപ്പര്‍ട്ടീസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഫുഅദ് മന്‍സൂര്‍ ഷറഫ് പറഞ്ഞു.

യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സംരംഭമായ റോയല്‍ ക്ലൗഡ് പേയുമായി സഹകരിച്ചാണ് വീചാറ്റ് പേമെന്റ് സേവനം എമിറേറ്റ്‌സ് മാള്‍ പ്രാവര്‍ത്തികമാക്കുന്നത്.

വീചാറ്റ്

ഏഷ്യയിലെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനികളിലൊന്നായ ടെന്‍സെന്റാണ് വീചാറ്റിന്റെ ഉടമസ്ഥര്‍. 2011ലാണ് മെസേജിംഗ് ആപ്പെന്ന നിലയില്‍ വീചാറ്റ് അവതരിക്കുന്നത്. പിന്നീട് ഇത് ബഹുഉപയോഗ ആപ്പായി മാറി. മെസേജിംഗ് സര്‍വീസ് മുതല്‍ വിവിധ പര്‍ച്ചേസുകള്‍ക്ക് പേമെന്റ് അടയ്ക്കുന്നതും വണ്ടി ബുക് ചെയ്യുന്നതും ഫ്‌ളൈറ്റ് ബുക് ചെയ്യുന്നുമെല്ലാം വീചാറ്റിലൂടെയായി മാറി.

ചൈനയില്‍ ഏത് സ്ഥലത്തും വീചാറ്റ് ഉപയോഗിച്ച് പേമെന്റ് നടത്താം. വലിയ മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും തെരുവിലെ ചെറിയ കടകളിലുമെല്ലാം വീചാറ്റ് പേമെന്റ് നടത്താം. ചൈനയിലെ മൊത്തം സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളില്‍ 83 ശതമാനം പേരും മെസേജിംഗ് സേവനമെന്ന നിലയില്‍ വീചാറ്റ് ഉപയോഗിക്കുന്നുണ്ട്. നല്ലൊരു ശതമാനം പേരും പേമെന്റ് നടത്തുന്നതും വീചാറ്റിലൂടെ തന്നെ. ഇതാണ് പുതിയ പരിഷ്‌കരണത്തിന് മാള്‍ ഓഫ് ദ എമിറേറ്റ്‌സിനെയും പ്രേരിപ്പിച്ചത്.

Categories: Arabia

Related Articles