യുപിഐ ഇടപാടുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പേ ടിഎം

യുപിഐ ഇടപാടുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പേ ടിഎം

ജനുവരിയില്‍ മൊത്തം 672 മില്യണ്‍ യുപിഐ ഇടപാടുകളാണ് നടന്നിട്ടുള്ളത്

ബെംഗളൂരു: യുപി ഐ സംവിധാനം ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണമിടപാടുകളില്‍ മുന്നില്‍ നില്‍ക്കുന്നത് പേ ടിഎം. യുപി ഐ ഇടപാടുകളുടെ മൊത്തം എണ്ണം വര്‍ധിച്ചതോടെ ഈ മേഖലയിലെ മല്‍സരം വര്‍ധിച്ചെന്നും ഗൂഗിള്‍ പേ, ഫോണ്‍ പേ ആപ്പുകള്‍ പേ ടിഎമ്മിന് തൊട്ടുപുറകേ തന്നെയുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 221 മില്യണിനു മുകളില്‍ യുപിഐ ഇടപാടുകളാണ് പേ ടിഎമ്മിലൂടെ നടന്നത്. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയ്ക്ക് 220 മില്യണ്‍ വീതം ഇടപാടുകള്‍ ജനുവരിയില്‍ ലഭിച്ചു. എന്നാല്‍ എല്ലാതരം പേമെന്റ് മാര്‍ഗങ്ങളിലൂടെയുമായി 225 മില്യണ്‍ ഇടപാടുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായാണ് ഫോണ്‍ പേ അറിയിക്കുന്നത്.

ജനുവരിയില്‍ മൊത്തം 672 മില്യണ്‍ യുപിഐ ഇടപാടുകള്‍ നടന്നെന്നാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. ഡിസംബറില്‍ 620 മില്യണ്‍ ഇടപാടുകള്‍ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മൊത്തത്തിലുള്ള ഇടപാടുകള്‍ വര്‍ധിച്ചെങ്കിലും ഇവയില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും വ്യക്തിഗത പണം കൈമാറ്റങ്ങളാണ്. യുപിഐ യിലെ വ്യാപാര ഇടപാടുകളുടെ മൂല്യം ഇപ്പോഴും ഒരുമാസം 100-200 മില്യണിന് മുകളില്‍ എത്തുന്നില്ലെന്ന് ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നത്.

ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ്, മൊബീല്‍ റീച്ചാര്‍ജ്, വിവിധ ബില്ലുകള്‍, ടിക്കറ്റ് ബുക്കിംഗ് എന്നിവയ്‌ക്കെല്ലാമായി യുപിഐ സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കാബ് ബുക്കിംഗിനായി 2 മില്യണ്‍ യുപി ഐ ഇടപാടുകള്‍ ഇപ്പോള്‍ ഒരു മാസത്തില്‍ നടക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഇക്കാര്യത്തില്‍ മികച്ച വര്‍ധന രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി അഥവാ ഭീം ആപ്പിലൂടെയുള്ള ഇടപാടുകള്‍ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബറില്‍ 17 മില്യണ്‍ ഇടപാടുകള്‍ ഭീമിലൂടെ നടന്ന സ്ഥാനത്ത് ജനുവരിയില്‍ അത് 14 മില്യണായി കുറഞ്ഞു. എന്നാല്‍ ഭീമിലൂടെയുള്ള ഒരു ഇടപാടിന്റെ ശരാശരി മൂല്യം മറ്റ് സ്വകാര്യ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് വളരേ ഉയര്‍ന്നതാണ്. കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം ഭീം ഇടപാടുകളുടെ ശരാശരി മൂല്യം 4,436 രൂപയാണ്. മൊത്തം യുപി ഐ ഇടപാടുകളില്‍ ഇത് 1,600 രൂപയാണ്. വലിയ പണമിടപാടുകള്‍ക്ക് സ്വകാര്യ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നതിന് ഇപ്പോഴും വലിയ വിഭാഗം ഉപയോക്താക്കള്‍ മടി കാണിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.

Comments

comments

Categories: FK News