ടീനേജുകള്‍ക്കുള്ള ആപ്പുകള്‍ എത്രത്തോളം സുരക്ഷിതമാണ് ?

ടീനേജുകള്‍ക്കുള്ള ആപ്പുകള്‍ എത്രത്തോളം സുരക്ഷിതമാണ് ?

മൊബൈല്‍ ആപ്പ് ഇല്ലാതെ ഒരു ദിവസം കഴിയാന്‍ സാധിക്കില്ലെന്ന സാഹചര്യമുണ്ട് ഇന്ന്. വിനോദത്തിനു മാത്രമല്ല, മറ്റു പല ആവശ്യങ്ങള്‍ക്കും ഇന്നു മൊബൈല്‍ ആപ്പിനെ ഉപയോഗിക്കാനാകുമെന്നതാണ് ഇതിനു കാരണം. എന്നാല്‍ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതു മുതല്‍ അനാരോഗ്യകരമായ അടിമത്വത്തിലേക്കു വരെ മൊബൈല്‍ ആപ്പ് യുവാക്കളെ നയിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. ഡിജിറ്റല്‍ ടെക്‌നോളജി ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കുകയാണെന്നാണു സമീപകാലങ്ങളില്‍ ഉയര്‍ന്നു വന്നിരിക്കുന്ന പ്രധാന ആരോപണം.

ആപ്പുകളുടെ യുഗമാണിത്. ഒരു കാലത്തു വിനോദത്തിനു മാത്രമായി ഉപയോഗിച്ചിരുന്ന ആപ്പ് ഇന്ന് അനുദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ടാക്‌സി, ഭക്ഷണം എന്നിവ ഓര്‍ഡര്‍ ചെയ്യാന്‍, ട്രെയ്ന്‍, ബസ്, സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാന്‍, സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ലഭിക്കാന്‍, പരാതിപ്പെടാന്‍, ഔദ്യോഗിക ആവശ്യങ്ങള്‍ നിറവേറ്റാന്‍, സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍, യാത്രയ്ക്കിടെ റൂട്ട് അറിയാനും, ലൊക്കേറ്റ് ചെയ്യാനും തുടങ്ങി നിരവധി ആവശ്യങ്ങള്‍ ആപ്പ് നിറവേറ്റി തരുന്നു. ഇന്ന് ആപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെയില്ലെന്നു പറയാം. യുവാക്കള്‍, കൗമാരപ്രായക്കാര്‍ തുടങ്ങിയവര്‍ക്കിടയില്‍ പൊതുവേ ഉപയോഗിച്ചു വരുന്ന ആപ്പ് ആണ് ഫേസ്ബുക്ക്, യു ട്യൂബ്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ് ചാറ്റ് തുടങ്ങിയവ. എന്നാല്‍ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവയ്ക്കപ്പുറം നിരവധി പ്ലാറ്റ്‌ഫോമുകള്‍ കുട്ടികള്‍ക്കിടയില്‍ അല്ലെങ്കില്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ഇവ കുട്ടികള്‍ ദുരുപയോഗം ചെയ്യാനും സാധ്യതയുള്ളവയാണ്.

2017-ല്‍ ബ്രിട്ടനില്‍ മോളി റസ്സല്‍ എന്ന 14-കാരി ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ കാരണം ഇന്‍സ്റ്റാഗ്രാമായിരുന്നെന്നാണു മോളിയുടെ പിതാവ് ഇയാന്‍ റസ്സല്‍ ആരോപിച്ചത്. ഇതേ തുടര്‍ന്നു സ്വയം ഉപദ്രവമേല്‍പ്പിക്കുന്നതും, പ്രകോപനപരവും, അസ്വസ്ഥതയുളവാക്കുന്നതുമായ ഉള്ളടക്കങ്ങള്‍ (self-harm images) പ്ലാറ്റ്‌ഫോമില്‍നിന്നും നിരോധിക്കുകയാണെന്ന് ഇന്‍സ്റ്റാഗ്രാം തലവന്‍ ആദം മൊസേറി അറിയിച്ചിരിക്കുകയാണ്. സെല്‍ഫ് ഹാം ഇമേജസ് കുട്ടികളിലേക്കെത്തുന്നതു തടയുന്നതിനാണു നടപടി സ്വീകരിച്ചതെന്നു ബ്ലോഗ് പോസ്റ്റിലെ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. നമ്മളുടെ സമൂഹത്തിലുള്ളവരുടെ സുരക്ഷിതത്വത്തെക്കാള്‍ പ്രാധാന്യം മറ്റൊന്നിനുമില്ലെന്നും അദ്ദേഹം കുറിച്ചു. മോളി റസ്സലിന്റെ മരണത്തിനു ശേഷം കുട്ടികള്‍ ഉപയോഗിക്കുന്ന ആപ്പ്, അത് പ്രദാനം ചെയ്യുന്ന സുരക്ഷ എന്നിവ പാശ്ചാത്യനാടുകളില്‍ മാതാപിതാക്കളുടെ ആശങ്കയ്ക്കു കാരണമായിരിക്കുകയാണ്. ആപ്പുകളും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഇത്തരം ആശങ്കകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ തയാറാകുമോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. കാരണം വിപണിയില്‍ ഒന്നാമനാകാന്‍ വേണ്ടി സോഷ്യല്‍ മീഡിയ കമ്പനികള്‍ മത്സരിക്കുകയാണ്. വാണിജ്യപരമായി നേട്ടം കൈവരിക്കണമെങ്കില്‍ യൂസര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകണം. അവര്‍ സോഷ്യല്‍ മീഡിയയില്‍ എന്‍ഗേജ് ചെയ്യുന്നതിലും വര്‍ധന കൈവരിക്കണം. അത്തരം സാഹചര്യത്തില്‍ അവര്‍ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. സോഷ്യല്‍ മീഡിയ കമ്പനികള്‍ അവരുടെ നിലവിലെ പ്രവര്‍ത്തനരീതി മാറ്റുമെന്ന പ്രതീക്ഷ വേണ്ട. പകരം നിയമ ഭേദഗതി വരുത്തിയാല്‍ മാത്രമായിരിക്കും ഇതു സാധിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സോഷ്യല്‍ മീഡിയയെ പുകയില പോലുള്ള മയക്കുമരുന്നുമായി ചില കോണുകളില്‍നിന്നും താരതമ്യം ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയ ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് അതിന് അടിമയാകുമെന്നും ആരോപിക്കുന്നു. പുകയില വില്‍പന നടത്തുന്ന കമ്പനികള്‍ നിരവധി പേരുടെ ആരോഗ്യത്തെയാണു നശിപ്പിക്കുന്നത്. എന്നാല്‍ അവര്‍ ഒരിക്കലും ജനാധിപത്യത്തെ അട്ടിമറിക്കുന്നില്ല. പക്ഷേ, ഒരു സോഷ്യല്‍ മീഡിയ കമ്പനി ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ടെന്നു മാത്രമല്ല, ജനാധിപത്യ സംവിധാനങ്ങളെ തകിടം മറിക്കുകയും ചെയ്യുന്നുണ്ടെന്നാണു വിദഗ്ധര്‍ പറയുന്നത്. 2016 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഇതിനു തടയിടേണ്ട കാലം അതിക്രമിച്ചെന്നും അവര്‍ പറയുന്നു. ബാങ്കിംഗ് ദുരന്തത്തിന്റെ ആഴത്തെ കുറിച്ച് ലോകത്തിനു ബോധ്യപ്പെട്ടത് ലേമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചയിലൂടെയായിരുന്നു. അതുപോലെയാണ് 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സോഷ്യല്‍ മീഡിയയുടെ അനധികൃത ഇടപെടല്‍ എത്രത്തോളം അപകടരമാണെന്നു വിവിധ രാജ്യങ്ങളിലെ നിയമനിര്‍മാതാക്കള്‍ക്കു ബോധ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണു യൂറോപ്പിലും, ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിലും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്നത്. യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം ജിഡിപിആര്‍ (ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) നിലവില്‍ വന്നത് ഈ പശ്ചാത്തലത്തിലാണ്.

2010- ഒക്ടോബറില്‍ ലോഞ്ച് ചെയ്തതിനു ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ഇതുവരെയായി 40 ബില്യന്‍ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്തിട്ടുണ്ടാകുമെന്നാണു കണക്കാക്കപ്പെടുന്നത്. പ്രതിമാസം 800 ദശലക്ഷം യൂസര്‍മാരാണ് (monthly active users) ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഇന്‍സ്റ്റാഗ്രാമിന്റെ റീച്ച് ആഗോളതലത്തിലുള്ളതാണ്. യുവാക്കളുടെയിടയില്‍ വന്‍ സ്വാധീനമാണ് ഇന്‍സ്റ്റാഗ്രാമിനുള്ളത്. പകിട്ട്, കീര്‍ത്തി, ഭാവനാലോകം അഥവാ ഗ്ലാമര്‍, സെലിബ്രിറ്റി, ഫാന്റസി എന്നിവ അഭിവൃദ്ധിപ്പെടുന്നയിടം കൂടിയാണ് ഇന്‍സ്റ്റാഗ്രാം. എന്നാല്‍ അതോടൊപ്പം സ്വയം ഉപദ്രവമേല്‍പ്പിക്കുന്നതും, പ്രകോപനപരവും, അസ്വസ്ഥതയുളവാക്കുന്നതുമായ ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലുണ്ടെന്നതും ഇതിന്റെ ദൂഷ്യവശങ്ങളിലൊന്നാണ്. ഇംഗ്ലണ്ടില്‍ ആത്മഹത്യ ചെയ്ത മോളി റസ്സല്‍ എന്ന 14 കാരിയുടെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ട് മാതാപിതാക്കള്‍ പരിശോധിച്ചപ്പോള്‍ വിഷാദം, ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ അതില്‍ കണ്ടെത്തുകയുണ്ടായി. ഇന്‍സ്റ്റാഗ്രാമില്‍ മോളി സ്ഥിരമായി ബ്രൗസ് ചെയ്തിരുന്ന കണ്ടന്റുകള്‍ വിഷാദത്തെ കുറിച്ചും, ആത്മഹത്യയെക്കുറിച്ചുള്ളതുമായിരുന്നു. ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ ഒരു അല്‍ഗോരിതമുണ്ട്. നമ്മള്‍ ഒരു കണ്ടന്റിനെ കുറിച്ച് ബ്രൗസ് ചെയ്‌തെന്നു വിചാരിക്കുക. പിന്നീട് ഈ കണ്ടന്റുമായി ബന്ധമുള്ള സമാന കണ്ടന്റുകള്‍ ഓട്ടോമാറ്റിക്കായി നമ്മള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കും. ഇത് അല്‍ഗോരിതത്തിലൂടെയാണു സംഭവിക്കുന്നത്. ഇതു നിയന്ത്രിക്കാന്‍ വേറെ മാര്‍ഗങ്ങളൊന്നുമില്ല. മോളി റസ്സലിന്റെ കാര്യത്തിലും ഇതു തന്നെയാണു സംഭവിച്ചത്. മോളി ഏതെങ്കിലുമൊരു സാഹചര്യത്തില്‍ വിഷാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയിരിക്കാം. പക്ഷേ, പിന്നീട് വിഷാദം, ആത്മഹത്യ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട കണ്ടന്റുകള്‍ മോളിക്കു മുന്നില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. ഇത് ഒടുവില്‍ മോളിയെ ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം ടീനേജുകാരില്‍

കൗമാരപ്രായക്കാര്‍ക്കിടയിലാണു സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിക്കുന്നതായി കാണപ്പെടുന്നത്. ചിലര്‍ രാത്രി ഉറക്കം വരെ ഒഴിവാക്കി സോഷ്യല്‍ മീഡിയയില്‍ എന്‍ഗേജ് ചെയ്യുന്നു. ഇത്തരക്കാരില്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നാണു മനശാസ്ത്രജ്ഞര്‍ പറയുന്നത്. രാത്രിയില്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കുമ്പോള്‍ ആരോഗ്യത്തിനും അത് ദോഷകരമാണ്. എന്നാല്‍ ഇക്കാര്യം അവഗണിച്ചു കൊണ്ടാണു പലരും സോഷ്യല്‍ മീഡിയയില്‍ എന്‍ഗേജ് ചെയ്യുന്നത്. സമീപകാലത്ത് സ്‌കോട്ട്‌ലാന്‍ഡില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന 1000 വിദ്യാര്‍ഥികളില്‍ ഒരു സര്‍വേ നടത്തി. സര്‍വേയില്‍ പങ്കെടുത്ത ഓരോ പത്ത് വിദ്യാര്‍ഥികളിലും ഒന്‍പതു പേരും പറഞ്ഞത് അവര്‍ മാനസിക പിരിമുറുക്കത്തിനു വിധേയപ്പെടുന്നുണ്ടെന്നാണ്. മാത്രമല്ല, സര്‍വേയില്‍ കണ്ടെത്തിയതു ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണു മാനസിക പിരിമുറുക്കത്തിനു കൂടുതല്‍ വിധേയമാകുന്നതെന്നാണ്.

വേണ്ടത് കര്‍ശന നടപടി

സോഷ്യല്‍ മീഡിയയ്ക്കു മേല്‍ കാര്‍ക്കശ്യമുള്ള നിയമം നടപ്പിലാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. സമീപകാലത്തായി ആത്മഹത്യയെ പ്രോത്സാഹിപ്പിക്കും വിധമുള്ള ഗെയ്മുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വന്നിരുന്നു. ഇത്തരം ഗെയ്മുകള്‍ കളിച്ചു കുട്ടികള്‍ ആത്മഹത്യം ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രം കര്‍ശന നടപടി സ്വീകരിക്കുകയും പിന്നീട് മൗനം പാലിക്കുകയും ചെയ്യുന്ന നിലപാടാണു സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കുള്ളത്. എന്നാല്‍ ഈ രീതി അവസാനിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ മുന്‍കൈയ്യെടുക്കണം. പതിയിരിക്കുന്ന ഓരോ അപകടങ്ങളെയും തിരിച്ചറിഞ്ഞ് അവയില്‍നിന്നും സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികളും തയാറാകണം.

Comments

comments

Categories: FK Special