ചെറു കാര്‍ വിപണിയില്‍ ഈ വര്‍ഷം ഇല പൊഴിയും കാലം

ചെറു കാര്‍ വിപണിയില്‍ ഈ വര്‍ഷം ഇല പൊഴിയും കാലം

2019 ല്‍ ഏറ്റവും കുറഞ്ഞത് പതിമൂന്ന് കാര്‍ മോഡലുകള്‍ വിട പറഞ്ഞേക്കും

ന്യൂഡെല്‍ഹി: ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തിയതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലായിരുന്നു ബ്രിയോ. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന വിശേഷണവുമായി വിപണി പ്രവേശം ചെയ്ത ടാറ്റ നാനോയുടെ കാര്യം വ്യത്യസ്തമല്ല. കഴിഞ്ഞ മാസം ഒരു യൂണിറ്റ് പോലും ടാറ്റ നാനോ നിര്‍മ്മിച്ചതുമില്ല, വിറ്റതുമില്ല. ഉല്‍പ്പാദനം എന്നന്നേയ്ക്കുമായി അവസാനിപ്പിക്കുകയാണെന്ന് എപ്പോള്‍ പ്രഖ്യാപിക്കുമെന്നേ ഇനി അറിയാനുള്ളൂ.

താരതമ്യേന വലിയ മോഡലുകളിലേക്ക് ഉപഭോക്തൃ താല്‍പ്പര്യം മാറിത്തുടങ്ങിയതാണ് ഇന്ത്യയില്‍ ചെറു കാറുകള്‍ക്ക് ഭീഷണിയാകുന്നത്. മറ്റ് ആഗോള വിപണികളിലെ പ്രവണതയാണ് ഇപ്പോള്‍ ഇന്ത്യയില്‍ കാണാനാകുന്നത്. പതിനാല് വര്‍ഷം തുടര്‍ച്ചയായി നമ്പര്‍ വണ്‍ കാറായിരുന്ന മാരുതി സുസുകി ആള്‍ട്ടോ (2.6 ലക്ഷം രൂപ മുതല്‍ വില) 2018 ല്‍ മാരുതിയുടെ തന്നെ ഡിസയറിന് മുന്നില്‍ അടിയറവ് പറഞ്ഞു. കോംപാക്റ്റ് സെഡാനായ ഡിസയറിന് 5.7 ലക്ഷം രൂപ മുതലാണ് വില. മുന്‍ വര്‍ഷങ്ങളിലെ ചില മാസങ്ങളില്‍ ഡിസയറും സ്വിഫ്റ്റ് ഹാച്ച്ബാക്കും ആള്‍ട്ടോ മോഡലിനെ മറികടന്നിരുന്നെങ്കിലും ഇന്ത്യയില്‍ വര്‍ഷം മുഴുവന്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന കാറായി ഒരു സെഡാന്‍ മാറിയത് 2018 ല്‍ ഇതാദ്യമായാണ്.

ഈ വര്‍ഷം ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകളും കര്‍ശനമായ സുരക്ഷ (ക്രാഷ് ടെസ്റ്റ്) മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായി വരും. 2017 ഒക്‌റ്റോബര്‍ മുതല്‍ ഈ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കിലും ആ തിയ്യതിക്കുശേഷം വിപണിയില്‍ അവതരിപ്പിച്ച കാറുകള്‍ക്ക് മാത്രമാണ് ബാധകമായിരുന്നത്. എന്നാല്‍ ഈ ഒക്‌റ്റോബറോടുകൂടി പഴയ മോഡലുകളും പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ അനുസരിക്കണം. പരിഷ്‌കരിക്കുന്നതിന് പണം മുടക്കുന്നത് വെറുതേയെന്ന് വാഹന നിര്‍മ്മാതാക്കള്‍ കരുതുന്ന പഴയ കാര്‍ മോഡലുകളില്‍ പലതും വിപണിയില്‍നിന്ന് പുറത്തുപോകും.

2020 ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരും. നിലവിലെ ബിഎസ് 4 ല്‍ നിന്ന് ബിഎസ് 5 ഒഴിവാക്കി നേരെ ബിഎസ് 6 ലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പല എന്‍ജിനുകളും കാലഹരണപ്പെടും. ഈ വര്‍ഷം പല കാറുകളും ഗുഡ്‌ബൈ പറയാന്‍ ഇതും ഒരു കാരണമാണ്. ഈ വര്‍ഷം ഏറ്റവും കുറഞ്ഞത് പതിമൂന്ന് കാര്‍ മോഡലുകള്‍ വിട പറഞ്ഞേക്കും.

Categories: Auto
Tags: Small cars