മുംബൈ സ്റ്റാര്‍ട്ടപ്പുകളുടെ ഈറ്റില്ലം

മുംബൈ സ്റ്റാര്‍ട്ടപ്പുകളുടെ ഈറ്റില്ലം

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഇപ്പോള്‍ രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമാണ്

ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം മുംബൈ സ്റ്റാര്‍ട്ടപ്പിന്റെയും കേന്ദ്രമായി തീര്‍ന്നിരിക്കുന്നു. രാജ്യത്തെ ആദ്യ മൂന്ന് സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇന്ത്യയിലെ 50,000 സ്റ്റാര്‍ട്ടപ്പുകളുടെ 14 ശതമാനത്തോളം മുംബൈയില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് പ്രമുഖ കണ്‍സള്‍ട്ടന്റ് സ്ഥാപനമായ കെപിഎംജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ സിലിക്കണ്‍ വാലി ബംഗളൂരു 25% സ്റ്റാര്‍ട്ടപ്പുകളുമായി ഒന്നാം സ്ഥാനത്തും തലസ്ഥാന നഗരമായ ന്യൂഡെല്‍ഹി 21% സ്റ്റാര്‍ട്ടപ്പുകളുമായി രണ്ടാം സ്ഥാനത്തും നില നില്‍ക്കുന്നു.

ഇന്റര്‍നെറ്റിന്റെ വ്യാപനം, ഉയര്‍ന്ന സാക്ഷരതാനിരക്ക്, ബാഹ്യലോകത്തേക്കു കൂടുതല്‍ തുറന്ന ബന്ധം എന്നിവ കൈവരിച്ചതോടെ വിവരസാങ്കേതികവിദ്യ, നിര്‍മ്മിതബുദ്ധി, ഐഒടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്), ധനകാര്യം, ആരോഗ്യപരിപാലനം, ബയോടെക്‌നോളജി, വിദ്യാഭ്യാസം, കൃഷി, ലോജിസ്റ്റിക്‌സ് എന്നിങ്ങനെ വിവിധ രംഗങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇവിടെ പ്രവര്‍ത്തനമാരംഭിക്കാനുള്ള അന്തരീക്ഷമുണ്ടായെന്ന് കെപിഎംജി റിപ്പോര്‍ട്ട് പറയുന്നു.

കൊച്ചി, ജയ്പുര്‍ തുടങ്ങിയ ടയര്‍ രണ്ട് നഗരങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം സ്റ്റാര്‍ട്ടപ്പുകള്‍ അഭിവൃദ്ധിപ്പെടുന്നുണ്ടെങ്കിലും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയുടെ കാര്യത്തില്‍ മുംബൈയ്ക്ക് അനിഷേധ്യസ്ഥാനമാണുള്ളത്. ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പുകളാണ് മുംബൈ സ്റ്റാര്‍ട്ടപ്പുകളില്‍ ഭൂരിഭാഗവും. ഫിന്‍ടെക് സ്ഥാപനങ്ങളാണ് തൊട്ടുപിന്നില്‍. സംസ്ഥാന ഫിന്‍ടെക് നയത്തിന്റെ ഭാഗമായി 2018 ഫെബ്രുവരിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 200 കോടി രൂപ വകയിരുത്തിയിരുന്നു. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ 300 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ ധനസഹായം ലഭിക്കും. ഇതിന്റെ ഭാഗമായി വോലറ്റ്, ഹ്യുപേ, മണിട്രീ എന്നിവയടക്കം 13 കമ്പനികളുടെ ചുരുക്കപ്പട്ടിക ഒരു ആക്‌സിലറേറ്റര്‍ പ്രോഗ്രാമിനായി തയാറാക്കിയിട്ടുണ്ട്.

മുംബൈയെ ആകര്‍ഷകമായ ഒരു സ്റ്റാര്‍ട്ട്അപ് കേന്ദ്രമാക്കി മാറ്റാന്‍ സഹായിച്ച അനേകം അനുകൂലഘടകങ്ങളുണ്ട്. മറ്റ് രാജ്യങ്ങളുമായുള്ള വലിയ വിനിമയബന്ധം, നിരവധി സഹകരണ തൊഴില്‍ഇടങ്ങള്‍, അതുപോലെ വലിയ ഉപഭോക്തൃ അടിത്തറ എന്നിവ അതില്‍ ഉള്‍പ്പെടും. സെക്വോയ ക്യാപ്പിറ്റല്‍, മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ ഉദാഹരണം. സ്റ്റാര്‍ട്ടപ്പുകളുടെ രക്ഷാധികാരികളും ശരിയായ രീതിയില്‍ അവയെ പിന്തുണയ്ക്കുകയും ചെയ്യുന്ന പരിചയസമ്പന്നരുമായ വ്യവസായികള്‍ക്ക് താങ്ങാകുവാനും അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനും ഏറ്റവും അനുയോജ്യമാണ് ഇവിടം.

ഐഐടി ബോംബെയുടെ സാന്നിദ്ധ്യം മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ വളരെ സഹായകമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്റര്‍ ഈ ഐഐടിയിലാണു പ്രവര്‍ത്തിക്കുന്നത്. 15,000 ചതുരശ്ര അടിയില്‍ സ്ഥാപിച്ച സൊസൈറ്റി ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രെണര്‍ഷിപ്പ് എന്ന ഇന്‍കുബേറ്ററില്‍ 30 കമ്പനികള്‍ക്ക് ഒരേസമയം പ്രവര്‍ത്തിക്കാനാകും.

സമീപവര്‍ഷങ്ങളില്‍ മുംബൈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ വിജയം നേടാനായി. മുംബൈയില്‍ നിന്നുള്ള പല സ്റ്റാര്‍ട്ടപ്പുകളും സമീപഭാവിയില്‍ ഒരു ബില്യണ്‍ ഡോളര്‍ ഓഹരിവരുമാനമുണ്ടാക്കുന്ന യൂണികോണ്‍ വിഭാഗത്തിലേക്കു ചേക്കേറുന്ന സൂണികോണ്‍ വിഭാഗത്തില്‍പ്പെടുന്നു. ഓണ്‍ലൈന്‍ സൗന്ദര്യ ഉല്‍പന്ന റീറ്റെയ്‌ലര്‍ നയ്ക, സിനിമാടിക്കറ്റ് വിതരണസ്ഥാപനം ബുക്ക് മൈ ഷോ, ഫാന്റസി സ്‌പോര്‍ട്ട്‌സ് പ്ലാറ്റ്‌ഫോംകമ്പനി ഡ്രീം11 എന്നിവ ഇതില്‍ ഉള്‍പ്പെടും.

മുംബൈയില്‍ മാത്രം ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ സ്റ്റാര്‍ട്ടപ്പ് പ്രഭാവം. മഹാനഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ പുനെയും ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി മാറിയിരിക്കുന്നു. മുംബൈയേക്കാള്‍ കുറഞ്ഞ ആസ്തിവിലയും മെച്ചപ്പെട്ട കാലാവസ്ഥയുമാണ് പൂനെയെ അനുകൂലമാക്കുന്നത്. പരമ്പരാഗത ഐടി സ്ഥാപനങ്ങളുടെ ഹബ്ബായിരുന്ന പൂനെ ഇപ്പോള്‍ ഇന്‍ഫോസിസ്, കോഗ്‌നിസന്റ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് തുടങ്ങിയ വലിയ ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങളുടെ കൂടി ഇഷ്ടകേന്ദ്രമായിരിക്കുന്നു. ബംഗളൂരു, ഡെല്‍ഹി എന്നിവിടങ്ങള്‍ക്കുശേഷം കോളേജ് കാംപസുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ തുറന്നുകൊടുത്ത നഗരമായി കഴിഞ്ഞ വര്‍ഷം മുംബൈ വളര്‍ന്നു.

ഇതുകൂടാതെ,അലാക്രിറ്റി, ടൈ പൂനെ പോലുള്ള വെഞ്ച്വര്‍ പ്രാരംഭ സഹായധന സേവനദാതാക്കളുടെ സാന്നിധ്യം നഗരത്തിലുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 800 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇവര്‍ മൂലധന സമാഹരണം സഹായം നല്‍കി. 2014 ജനുവരി മുതല്‍ 2018 സെപ്റ്റംബര്‍ വരെ മുംബൈ, പൂനെ എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളെല്ലാം കൂടി സമാഹരിച്ചത് 37700 കോടി രൂപയാണ്. ഇതില്‍ 13.5 %, 2.7 ലക്ഷം കോടി രൂപ ഇന്ത്യയില്‍ നിന്നു സമാഹരിച്ചതായി കെപിഎംജി പറഞ്ഞു.

മഹാരാഷ്ട്രയിലെ പല ചെറിയ നഗരങ്ങളും സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. മെട്രോനഗരങ്ങളല്ലാത്ത ഔറംഗാബാദ്, നാഗ്പുര്‍, ഷോലാപൂര്‍, നാസിക് തുടങ്ങിയവയും ഈ നിരയില്‍ അണി ചേര്‍ന്നിട്ടുണ്ട്. സംസ്ഥാന ഇന്നോവേഷന്‍ ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് പോളിസി 2018 പോലുള്ള പദ്ധതികള്‍ വഴി, 2022 ഓടെ 50000 കോടി രൂപ ചെലവിട്ട് 10,000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ 5,00,000 നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് സംസ്ഥാനസര്‍ക്കാര്‍. ആരോഗ്യപരിപാലന സ്ഥാപനങ്ങള്‍ക്കു നാസിക് ഉചിതമായ ഇടമാണ്. പാരമ്പര്യേതരഊര്‍ജമേഖലയ്ക്കാണ് നാഗ്പുര്‍ അനുയോജ്യം. കഴിഞ്ഞവര്‍ഷം അംഗീകരിച്ച കേന്ദ്രാവിഷ്‌കൃതപദ്ധതി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള 14,565 മിനുട്ട് സ്റ്റാര്‍ട്ടപ്പുകളില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയില്‍ നിന്നുള്ളതാണ് എന്നതും ഇതിനോടു കൂട്ടി വായിക്കേണ്ടതാണ്.

Comments

comments

Categories: FK News

Related Articles