മഹീന്ദ്ര മറാറ്റ്‌സോ എഎംടി പതിപ്പ് അടുത്ത മാസമെത്തും

മഹീന്ദ്ര മറാറ്റ്‌സോ എഎംടി പതിപ്പ് അടുത്ത മാസമെത്തും

ബിഎസ് 4 പാലിക്കുന്ന നിലവിലെ അതേ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി എഎംടി ചേര്‍ത്തുവെയ്ക്കും

ന്യൂഡെല്‍ഹി: മഹീന്ദ്ര മറാറ്റ്‌സോ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) നല്‍കുന്നു. നിലവിലെ ബിഎസ് 4 പാലിക്കുന്ന അതേ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി എഎംടി ചേര്‍ത്തുവെയ്ക്കും. എന്നാല്‍ പരിമിത കാലയളവില്‍ മാത്രമായിരിക്കും എഎംടി ലഭിക്കുന്നത്. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മറാറ്റ്‌സോ പുറത്തിറക്കുമ്പോള്‍ ഈ ഗിയര്‍ബോക്‌സിന് പകരം ജാപ്പനീസ് കമ്പനിയായ ഐസിനില്‍ നിന്ന് വാങ്ങുന്ന ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ നല്‍കും. മഹീന്ദ്ര മറാറ്റ്‌സോ എഎംടി അടുത്ത മാസം ഡീലര്‍ഷിപ്പുകളിലെത്തിയേക്കും.

ബിഎസ് 4 പാലിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് നിലവില്‍ മഹീന്ദ്ര മറാറ്റ്‌സോ ലഭിക്കുന്നത്. 125 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഈ എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചിരിക്കുന്നു. രണ്ടാമതൊരു ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മഹീന്ദ്ര നല്‍കുന്നില്ല. എന്നാല്‍ ഓട്ടോമാറ്റിക് വേരിയന്റ് പിന്നീട് വിപണിയിലെത്തിക്കുമെന്ന് മറാറ്റ്‌സോ പുറത്തിറക്കുന്ന വേളയില്‍ മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. പരിഷ്‌കരിച്ച ബിഎസ് 6 എന്‍ജിനൊപ്പം ഓട്ടോമാറ്റിക് മറാറ്റ്‌സോ പുറത്തിറക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരുന്നത്.

എന്നാല്‍ എഎംടി മറാറ്റ്‌സോ അതിനുമുന്നേ വിപണിയില്‍ അവതരിപ്പിക്കാനാണ് മഹീന്ദ്ര തയ്യാറെടുക്കുന്നത്. 2020 ഏപ്രില്‍ മാസം അടുക്കുമ്പോള്‍ ബിഎസ് 6 എന്‍ജിന്‍ നല്‍കാനാണ് സാധ്യത. 2020 ഏപ്രില്‍ ഒന്ന് മുതലാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. ഇറ്റാലിയന്‍ കമ്പനിയായ മാന്യെറ്റി മാറെല്ലിയുടെ എഎംടി ഗിയര്‍ബോക്‌സ് അധികം വൈകാതെ മഹീന്ദ്ര മറാറ്റ്‌സോ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ നല്‍കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നതോടെ എതിരാളിയായ മാരുതി സുസുകി എര്‍ട്ടിഗയെ സധൈര്യം വെല്ലുവിളിക്കാന്‍ മറാറ്റ്‌സോയ്ക്ക് കഴിയും. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ തെരഞ്ഞെടുക്കുന്നതിനാല്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് മഹീന്ദ്ര കണക്കുകൂട്ടുന്നത്.

നിലവില്‍ എട്ട് വേരിയന്റുകളിലാണ് മഹീന്ദ്ര മറാറ്റ്‌സോ ലഭിക്കുന്നത്. 7 സീറ്റ്, 8 സീറ്റ് എന്നിവയാണ് സീറ്റിംഗ് ഓപ്ഷനുകള്‍. 9.99 ലക്ഷം മുതല്‍ 14.37 ലക്ഷം രൂപ വരെയാണ് മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ ഇന്ത്യ എക്‌സ് ഷോറൂം വില.

Categories: Auto