പ്രകൃതി വാതകം ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യയോട് ഖത്തര്‍

പ്രകൃതി വാതകം ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യയോട് ഖത്തര്‍

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന രണ്ടാമത്തെ വിദേശ കമ്പനിയാണ് ഖത്തര്‍ ഗ്യാസ്

ന്യൂഡെല്‍ഹി: പരിസ്ഥിതി സൗഹൃദ ഇന്ധനമായ പ്രകൃതി വാതകത്തെ ഇന്ത്യ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. നികുതിയില്‍ ഉണ്ടാകുന്ന കുറവ് പ്രകൃതി വാതകത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുമെന്നും അത് തങ്ങള്‍ക്ക് ഗുണകരമാക്കാനാകുമെന്നുമാണ് ഖത്തര്‍ കണക്കുകൂട്ടുന്നത്.

ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നടന്ന പെട്രോടെക്ക് കോണ്‍ഫറന്‍സില്‍ സംസാരിക്കവേ ഖത്തര്‍ ഗ്യാസ് സിഇഒ ഖാലിദ് ബിന്‍ ഖലിഫ അല്‍ താനി ഇന്ത്യ തങ്ങളുടെ പ്രധാന വിപണിയാണെന്ന് വ്യക്തമാക്കി. ഇന്ധന ആവശ്യകതയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത് ഇന്ത്യയിലാണ്, ഫാസില്‍ ഇന്ധനങ്ങളുടെ കാര്യത്തിലാണ് ഇത് കാര്യക്ഷമമായി കാണുന്നത്. ശുദ്ധ ഇന്ധനങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷം ഏകദേശം 8,5 മില്യണ്‍ ടണ്‍ ദ്രവീകൃത പ്രകൃതിവാതകമാണ് ഖത്തര്‍ ഇന്ത്യക്ക് വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ എല്‍എന്‍ജി ഇറക്കുമതിയില്‍ 40 ശതമാനവും പങ്ക് വഹിക്കുന്നത് ഖത്തറാണ്. എല്‍എന്‍ജിയുടെ മുഴുവന്‍ നേട്ടങ്ങളും സ്വായത്തമാക്കാന്‍ ഇന്ത്യ ഇതിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്ത്യന്‍ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അല്‍ താനി കൂട്ടിച്ചേര്‍ത്തു.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന രണ്ടാമത്തെ വിദേശ കമ്പനിയാണ് ഖത്തര്‍ ഗ്യാസ്. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ റഷ്യന്‍ എണ്ണ കമ്പനിയായ റോസ് നെഫ്റ്റും ഇന്ത്യയിലെ നികുതി സമ്പ്രദായം തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ഊര്‍ജ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരാണ് റോസ് നെഫ്റ്റ്. 2017ല്‍ എസ്സാര്‍ ഓയ്‌ലിനെ ഏറ്റെടുത്തുകൊണ്ടാണ് റോസ്‌നെഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്.
പ്രകൃതി വാതകത്തിന്റെ ആവശ്യകത 2035 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ 1.5 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രകടമാക്കുമെന്നാണ് അല്‍ താനി വിലയിരുത്തുന്നത്. എല്‍എന്‍ജി ആവശ്യകത നാലു ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കോടെ 600 മില്യണ്‍ ടണ്ണിലേക്കെത്തും. ഖത്തറിന്റെ എല്‍എന്‍ജി ഉല്‍പ്പാദന ശേഷം 2023ഓടെ 110 മില്യണ്‍ ടണ്ണിലേേെക്കത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs
Tags: GST, LPG