ആരോഗ്യരംഗത്ത് കേരളത്തിന് വീണ്ടും മാതൃകയാകാം

ആരോഗ്യരംഗത്ത് കേരളത്തിന് വീണ്ടും മാതൃകയാകാം

ഗവേഷണോന്മുഖമായ ആരോഗ്യവികസനത്തിലേക്ക് കേരളം ചുവടുവെക്കുന്നതിന്റെ പ്രതീകമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി. ആരോഗ്യരംഗത്ത് ആഗോള മാതൃക തീര്‍ക്കാനുള്ള അവസരമാണ് സംസ്ഥാനത്തിന് മുന്നിലുള്ളത്

കേരളത്തിന്റെ സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞയാഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്. തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ അഭിമാനമായി ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി’ സ്ഥാപിതമായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മേയ് 30ന് ശിലാസ്ഥാപനം നിര്‍വഹിച്ച പദ്ധതിയുടെ ആദ്യ ഘട്ടം എട്ടു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് മലയാളികളെ സംബന്ധിച്ചിടത്തോളം യശസ്സുയര്‍ത്തുന്ന നേട്ടമാണ്.

കേരളം തൂത്തെറിഞ്ഞ പല രോഗങ്ങളും തിരിച്ചുവരികയും പകര്‍ച്ചവ്യാധികള്‍ കടന്നാക്രമിക്കുകയും നിപ്പ പോലുള്ള മാരക വിപത്തുകള്‍ക്ക് സമൂഹം അടിമപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലൊരു സ്ഥാപനം ഇവിടെ അനിവാര്യമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നിപ്പയെ പ്രതിരോധിക്കുന്നതില്‍ നാം മികച്ചുനിന്നെങ്കിലും ഇനിയും അത്തരം രോഗങ്ങള്‍ മൂലമുള്ള ജീവഹാനി ഉണ്ടാകരുതെന്ന ബോധ്യത്തില്‍ വേണം പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

പകര്‍ച്ചവ്യാധികള്‍ക്കിടയാക്കുന്ന വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകള്‍ തിരിച്ചറിഞ്ഞ് കാലതാമസമില്ലാതെ പ്രതിവിധി സ്വീകരിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും.അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ ‘ഗ്‌ളോബല്‍ വൈറല്‍ നെറ്റ്‌വര്‍ക്കി’ന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നുണ്ടെന്നതും കേരളത്തിന് ഉപകരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. ഇന്ത്യന്‍ കാലാവസ്ഥയിലെ വൈറല്‍ രോഗങ്ങളും ആക്രമണം സംബന്ധിച്ച് കൃത്യമായ രോഗനിര്‍ണയത്തിനും പ്രതിരോധത്തിനും കൂടുതല്‍ ഗവേഷണങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂട്ട് സഹായകമാകുമെന്നാണ് ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് ഡോ. ക്രിസ്റ്റിയന്‍ ബ്രെഷോ അഭിപ്രായപ്പെട്ടത്.

വിവിധ ഘട്ടങ്ങളില്‍ വളരുമ്പോള്‍ വൈറല്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് തടയാനാകുംവിധം പ്രതിരോധത്തിനും പുതുഗവേഷകരെ വളര്‍ത്തിയെടുക്കാനും ഇന്‍സ്റ്റിറ്റ്യൂട്ട് സഹായമാകും.

കേരളത്തിന് മാത്രമല്ല, അയല്‍ സംസ്ഥാനങ്ങള്‍ക്കും മറ്റ് വികസ്വര, അവികസിത രാജ്യങ്ങള്‍ക്കും വരെ ഉപകരിക്കുന്ന തരത്തിലുള്ള ആഗോളസ്ഥാപനമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഉയര്‍ത്തിക്കൊണ്ടുവരാവുന്നതാണ്. ആരോഗ്യ സൂചികകളില്‍ എന്നും മുന്നില്‍ നിന്നിരുന്ന കേരളത്തിന്, പുതിയൊരു ആഗോള മാതൃക കൂടി ഇതിലൂടെ മുന്നോട്ടുവെക്കാന്‍ സാധിക്കും.

വിവിധഘട്ടങ്ങളായി ബഹിരാകാശ ഗവേഷണ രംഗത്ത് ഐഎസ്ആര്‍ഒ വളര്‍ന്ന് നാസയ്‌ക്കൊപ്പം കിടപിടിക്കുന്ന നിലയിലായതുപോലെ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി’ക്കും വൈറോളജി രംഗത്ത് ലോകനിലവാരത്തിലെത്താനാകുമെന്നാണ്
തോമസ് ജെഫഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. എം വി പിള്ള അഭിപ്രായപ്പെട്ടത്. സ്ഥാപനത്തിന്റെ ആശയം വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രമുഖരില്‍ ഒരാള്‍ കൂടിയായ പിള്ളയുടെ ഈ അഭിപ്രായത്തെ അതിശയോക്തിയായി കാണേണ്ടതില്ല. പ്രൊഫഷണല്‍ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും ഗവേഷണ ത്വരതയും ഇച്ഛാശക്തിയുള്ള നോക്കിനടത്തിപ്പുമുണ്ടെങ്കില്‍ ആരോഗ്യരംഗത്ത് ആഗോളതലത്തില്‍ കേരളത്തിന്റെ കയ്യൊപ്പമായി മാറാന്‍ വൈറളോജി കേന്ദ്രത്തിന് സാധിക്കും.

ഗവേഷണോന്‍മുഖമായ ആരോഗ്യവികസനത്തിന്റെ പ്രതീകമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് ഉയരാന്‍ സാധിച്ചാല്‍ അത് സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനാര്‍ഹമായ നേട്ടമായി മാറുമെന്നത് തീര്‍ച്ചയാണ്.

Comments

comments

Categories: Editorial, Slider