വ്യവസായങ്ങള്‍ ചൂഷകരെന്ന മനോഭാവം മാറണം: മുഖ്യമന്ത്രി

വ്യവസായങ്ങള്‍ ചൂഷകരെന്ന മനോഭാവം മാറണം: മുഖ്യമന്ത്രി

വ്യാവസായങ്ങള്‍ക്ക് അനുമതി നല്‍കാനെടുക്കുന്ന സമയം ഭാവിയില്‍ 15 ദിവസമായി കുറയ്ക്കും

കൊച്ചി: വ്യവസായങ്ങള്‍ വരുന്നത് നാടിനെ ചൂഷണം ചെയ്യാനാണെന്ന പൊതുധാരണ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസെന്‍ഡ് കേരള 2019 സമ്മേളനം കൊച്ചിയിലെ ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങളുമായി ബന്ധപ്പെട്ട അനുമതി 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നിയമം. തുടക്കമെന്ന നിലയിലാണ് 30 ദിവത്തെ കണക്ക് വെച്ചിരിക്കുന്നത്. ഭാവിയില്‍ അത് 15 ദിവസമായി ചുരുക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അപേക്ഷ നല്‍കിയാല്‍ ലൈസന്‍സ് നല്‍കാതിരിക്കുന്ന മനോഭാവം അപൂര്‍വം ചിലര്‍ക്കെങ്കിലും ഉണ്ട്. അതവസാനിച്ചു കഴിഞ്ഞുവെന്ന് അത്തരക്കാര്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യാവസായിക അനുമതിയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ കാര്യത്തിലും 30 ദിവസമെന്ന പരിധി ബാധകമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെ ഇത് നടപ്പാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായിക അനുമതിക്കായുള്ള കേരള സര്‍ക്കാരിന്റെ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്‌പെരന്റ് ക്ലിയറന്‍സിന്റെ (കെസ്വിഫ്റ്റ്) ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സംസ്ഥാന വ്യവസായ വകുപ്പ് തയ്യാറാക്കിയ ഇന്‍വെസ്റ്റ് കേരള ഗൈഡും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഓരോ വ്യവസായങ്ങളുടെ സ്വഭാവത്തിനനുസരിച്ച് പ്രത്യേക വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. പൊതുമേഖലയില്‍ മാത്രമല്ല സ്വകാര്യ മേഖലയിലും വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കും. ഗ്രാമങ്ങളില്‍ 25 ഏക്കറും നഗരപ്രദേശങ്ങളില്‍ 15 ഏക്കറുമായിരിക്കും പാര്‍ക്കുകള്‍ തുടങ്ങാനുള്ള പരിധി. പൊതുമേഖലയിലെ വ്യവസായ പാര്‍ക്കുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സ്വകാര്യമേഖലയിലെ പാര്‍ക്കിലും സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Categories: FK News, Slider