ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ പാസാക്കണം: വ്യാപാരികള്‍

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ പാസാക്കണം: വ്യാപാരികള്‍

കൊച്ചി: ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എത്രയും വേഗം നിയമസഭ പാസാക്കി നിയമമാക്കണമെന്ന് ഫിക്കി സ്റ്റേറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന വ്യവസായ വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ നിര്‍ത്തലാക്കിയാല്‍ മാത്രമേ കേരളത്തില്‍ വാണിജ്യ വ്യവസായ നിക്ഷേപങ്ങള്‍ ഉണ്ടാകുകയുള്ളെന്ന്് യോഗം ചൂണ്ടിക്കാട്ടി. വ്യാപാര വ്യവസായ സമൂഹത്തിനും കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ജനകീയ മുന്നേറ്റം ഉയര്‍ത്താനും യോഗം തീരുമാനിച്ചു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഏകോപിപ്പിച്ച് ഹര്‍ത്താലുകള്‍ക്കെതിരെ വ്യാപകമായ ബോധവല്‍ക്കരണം സംഘടിപ്പിക്കാനാണ് തീരുമാനം. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെ ഒരു വേദിയില്‍ കൊണ്ടുവന്ന് ഹര്‍ത്താലുകള്‍ നിര്‍ത്തലാക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തും. ഹര്‍ത്താലുകളുമായി മുന്നോട്ടു പോകുന്ന പാര്‍ട്ടികളോട് സഹകരിക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തും. ഹര്‍ത്താലുകള്‍ക്കെതിരായ നിയമ നടപടികള്‍ക്ക് ശക്തമായ പിന്തുണ നല്‍കാനും കേസിന് വേണ്ടി ഏതറ്റം വരെയും പോകാനും യോഗം തീരുമാനിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പത്തംഗ കമ്മിറ്റിക്കും യോഗം രൂപം നല്‍കി. ഫിക്കി സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ്, കോ ചെയര്‍ ദീപക് എല്‍ അസ്വാനി, കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് ബിജു രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.

നഷ്ടം, നാണക്കേട്

ഒരു ദിവസത്തെ ഹര്‍ത്താലില്‍ കേരളത്തിന്റെ ആകെ നഷ്ടം 2,000 രൂപയെന്നാണ് അനുമാനിക്കുന്നത്. സര്‍ക്കാരിന്റെ നികുതി നഷ്ടം 128 കോടി രൂപയാണ്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 110 കോടി. കച്ചവട മേഖലയില്‍ 1,100 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അടുത്തിടെ ദാവോസില്‍ ചേര്‍ന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഒരു ബ്ര്ിട്ടീഷ് പ്രതിനിധി കേരളത്തിലെ വിഖ്യാതമായ ഹര്‍ത്താലുകളെക്കുറിച്ച് പരാമര്‍ശിച്ചത് നാണക്കേടുമായി.

Comments

comments

Categories: FK News

Related Articles