ഇവി പ്രോല്‍സാഹന നടപടികള്‍ക്ക് പിഎംഒ അംഗീകാരം

ഇവി പ്രോല്‍സാഹന നടപടികള്‍ക്ക് പിഎംഒ അംഗീകാരം

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവി വില്‍പ്പന ആകെ വാഹന വില്‍പ്പനയുടെ പതിനഞ്ച് ശതമാനമായി വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി : ഒരു ഡസനോളം ഇലക്ട്രിക് വാഹന പ്രോല്‍സാഹന നടപടികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹന (ഇവി) വില്‍പ്പന ആകെ വാഹന വില്‍പ്പനയുടെ പതിനഞ്ച് ശതമാനമായി വര്‍ധിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ സമിതിയാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. അതേസമയം ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നയം രൂപീകരിക്കില്ല.

ഇവി നിര്‍മ്മാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുകയാണ് ഒരു നിര്‍ദ്ദേശം. ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ക്കും സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശവും അംഗീകരിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ, ജിഎസ്ടി നിരക്കുകളാണ് റവന്യൂ വകുപ്പ് മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശം. കൂടാതെ, ഇലക്ട്രിക് വാഹന ഘടകങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് താഴ്ന്ന തീരുവകളും ആലോചിക്കുന്നു.

നഗരങ്ങളിലും ഹൈവേകളിലും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഊര്‍ജ്ജ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, സ്വകാര്യ, വാണിജ്യ കെട്ടിടങ്ങളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭവന നഗരകാര്യ മന്ത്രാലയം ഭേദഗതികള്‍ വരുത്തിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസും റോഡ് നികുതിയും ഒഴിവാക്കുന്ന കാര്യം പരിഗണിക്കണമെന്ന് നിതി ആയോഗ് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിരുന്നു.

ആഗോള ഇലക്ട്രിക് വാഹന വിപ്ലവത്തില്‍ ഇന്ത്യ മുന്‍നിരയില്‍ ഉണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളും ബാറ്ററി ഉള്‍പ്പെടെയുള്ള ഘടകങ്ങളും വലിയ തോതില്‍ നിര്‍മ്മിച്ചെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് സര്‍ക്കാര്‍ കരുതുന്നു.

Comments

comments

Categories: Auto