വരള്‍ച്ച, പേമാരി, കാട്ടു തീ: രൂക്ഷമായ കാലാവസ്ഥ മാറ്റത്തിന്റെ ദൂഷ്യം അനുഭവിച്ച് ഓസ്‌ട്രേലിയ

വരള്‍ച്ച, പേമാരി, കാട്ടു തീ: രൂക്ഷമായ കാലാവസ്ഥ മാറ്റത്തിന്റെ ദൂഷ്യം അനുഭവിച്ച് ഓസ്‌ട്രേലിയ

കാന്‍ബെറ: തീവ്രമായ കാലാവസ്ഥ മാറ്റത്തിന്റെ പിടിയിലാണ് ഓസ്‌ട്രേലിയ. വരള്‍ച്ചയും, പേമാരിയും, കാട്ടു തീയും ഒന്നിനു പിറകെ ഒന്നായി ഓസ്‌ട്രേലിയയില്‍ നാശം വിതച്ചിരിക്കുകയാണ്. 2019 ജനുവരി ഓസ്‌ട്രേലിയയിലെ ഏറ്റവും ചൂട് കൂടിയ മാസമായിരുന്നു. 1910 നു ശേഷം ഇതുവരെയായി ഓസ്‌ട്രേലിയയില്‍ കാലാവസ്ഥയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് ചൂടാണു വര്‍ധിച്ചിരിക്കുന്നതെന്നു ബ്യൂറോ ഓഫ് മെറ്റീരിയോളജിയും സിഎസ്‌ഐആര്‍ഒയും തയാറാക്കിയ സ്‌റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ് 2018-ല്‍ സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയയുടെ പ്രധാനപ്പെട്ട കാര്‍ഷിക മേഖലകളില്‍ മഴ കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാട്ടു തീ പടരുന്ന പ്രവണത വര്‍ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒരു വശത്ത് വരള്‍ച്ചയും കാട്ടു തീയും നാശം വിതച്ചപ്പോള്‍ മറ്റൊരു പ്രദേശത്തു പേമാരിയുണ്ടായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ഓസ്‌ട്രേലിയയിലെ വടക്കന്‍ ക്വീന്‍സ്‌ലാന്‍ഡ് നഗരത്തില്‍ താമസിക്കുന്ന ഏകദേശം 1,80,000-ത്തോളം പേരെ ദുരിതത്തിലാഴ്ത്തി കൊണ്ടായിരുന്നു മഴ ശക്തി പ്രാപിച്ചത്. രണ്ടാഴ്ചയ്ക്കിടെ 1.4 മീറ്റര്‍ മഴയാണു പെയ്തത്. മഴയെ തുടര്‍ന്നു വെള്ളക്കെട്ട് രൂപപ്പെട്ടതു ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു ഉയര്‍ന്ന പ്രദേശങ്ങളിലേക്കു ജീവികള്‍ അഭയം തേടി പോകുന്നതിന്റെ ചിത്രം പ്രചരിച്ചിരുന്നു. ചീങ്കണ്ണി മരത്തിലേക്കു കയറുന്ന ചിത്രങ്ങളടക്കമാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ടൗണ്‍സ്‌വില്ലെയില്‍ വെള്ളപ്പൊക്കം ദുരിതം വിതച്ചപ്പോള്‍, ദക്ഷിണ ഓസ്‌ട്രേലിയയില്‍ കാട്ടു തീയാണു നാശമുണ്ടാക്കിയത്. ടാസ്മാനിയന്‍ കാട്ടു തീ അണയ്ക്കാന്‍ ഏകദേശം 100 മില്യന്‍ ഓസ്‌ട്രേലിയന്‍ ഡോളറാണു ചെലവഴിച്ചത്. കാലാവസ്ഥയില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ ഓസ്‌ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന നഷ്ടം നിസാരമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: World
Tags: drought, Flood