‘ഡാറ്റ ഇക്കോണമിക്കായി ഗള്‍ഫ് യുവത്വം തയാറാകണം’

‘ഡാറ്റ ഇക്കോണമിക്കായി ഗള്‍ഫ് യുവത്വം തയാറാകണം’

ഗള്‍ഫ് ജനത ഡാറ്റ അസമത്വത്തിലേക്ക് വീഴാതിരിക്കാന്‍ പുതുയുഗത്തില്‍ ഡാറ്റ തുല്യമായി വിതരണം ചെയ്യപ്പെടേണ്ടതുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്

ദുബായ്: ഡാറ്റയുടെ പുതുയുഗത്തിലാണ് നാം ജീവിക്കുന്നത്. ഡാറ്റയെ അധീനതയിലാക്കുന്നവരാണ് ലോകത്തെ തന്നെ നിയന്ത്രിക്കുന്നത്. എന്നാല്‍ ഡാറ്റയുടെ വിതരണത്തിലെ പാളിച്ചകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസി.

യുവതലമുറയെ ഡാറ്റ അധിഷ്ഠിത സമ്പദ് വ്യവസ്ഥകളെ നയിക്കാന്‍ പ്രാപ്തരാക്കണം. ഡാറ്റ വിപ്ലവത്തിന്റെ ഗുണങ്ങള്‍ എല്ലാവരിലും എത്തുന്നുണ്ടെന്ന് അതുവഴി ഉറപ്പ് വരുത്തുകയും വേണം-ബില്‍ഡിംഗ് ദ ഡാറ്റ ഇക്കോണമീസ് ഓഫ് ദി ഫ്യൂച്ചര്‍ എന്ന ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗള്‍ഫ് മേഖലയിലെ ഓരോ രാജ്യവും ഡാറ്റ അധിഷ്ഠിത സമ്പദ് വ്യവസ്ഥകളെ പ്രോല്‍സാഹിപ്പിക്കണമെന്നും അതിലേക്ക് പരിവര്‍ത്തനപ്പെടണമെന്നും പിഡബ്ല്യുസി മിഡില്‍ ഈസ്റ്റ് പാര്‍ട്ണറും ഗവേഷണ റിപ്പോര്‍ട്ട് തയാറാക്കിയവരില്‍ ഒരാളുമായ മോന അബൗ ഹന പറയുന്നു.

ഡാറ്റയാല്‍ സമ്പുഷ്ടമായ ലോകത്ത് അതിന്റെ ഗുണങ്ങള്‍ ലഭിക്കാനുള്ള അവസരം ആര്‍ക്കും നിഷേധിക്കപ്പെടരുത്. യുവതലമുറയെ ഈ വിപ്ലവത്തിന്റെ കേന്ദ്ര ബിന്ദുവാക്കുക എന്നതാണ് പ്രധാന- ഹന വ്യക്തമാക്കി.

ഡാറ്റ ഇക്കോണമി വികസിപ്പിക്കുന്നതിനായി നിലവിലെ വിദ്യാഭ്യാസ സംവിധാനത്തെ മുഴുവനായും ഉടച്ചുവാര്‍ക്കണമെന്നും പിഡബ്ല്യുസി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

നൂതനാത്മകമായ വിദ്യാഭ്യാസ മാതൃകകള്‍ അവതരിപ്പിക്കേണ്ട ആവശ്യകത സര്‍ക്കാരുകള്‍ തിരിച്ചറിയണം. പലപ്പോഴും ഇത്തരം ഇന്നൊവേഷനുകള്‍ പരമ്പരാഗത വിദ്യാഭ്യാസ സംവിധാനങ്ങളില്‍ അടിമുടി മാറ്റം വരുന്നതിലേക്ക് എത്താറില്ല. യുവാക്കളിലേക്ക് ഡിജിറ്റല്‍ നൈപുണ്യം സന്നിവേശിപ്പിക്കപ്പെടുകയാണ് പ്രധാനം. ഡാറ്റ സമ്പദ് വ്യവസ്ഥയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അതിലൂടെയേ അവര്‍ക്ക് സാധിക്കുകയുള്ളൂ-റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കൃത്രിമ ബുദ്ധി പോലുള്ള സങ്കേതങ്ങളെയും സാങ്കേതികവിദ്യയിലെ അത്യാധുനിക മാറ്റങ്ങളെയും നല്ലതിനായി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് പിഡബ്ല്യുസി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മരിയ അക്‌സെന്റെ പറയുന്നു.

കൃത്രിമ ബുദ്ധിയുടെ കാലത്ത് സര്‍ക്കാരുകളും ബിസിനസുകളും അക്കാഡമിക് ലോകവും തമ്മില്‍ മല്‍സരമല്ല മറിച്ച് സഹകരണമാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Arabia
Tags: Data economy