പരുത്തി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ ഇടിവ്

പരുത്തി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ ഇടിവ്

2013-14ല്‍ 4.5 ബില്യണായിരുന്നു ഇന്ത്യയില്‍ നിന്നുള്ള പരുത്തി നൂല്‍ കയറ്റുമതിയെങ്കില്‍ 2017-18ല്‍ അത് 3.4 ബില്യണായി ഇടിഞ്ഞു

ന്യൂഡെല്‍ഹി: പ്രധാന വിപണികളിലെ ഉയര്‍ന്ന തീരുവ കാരണം ഇന്ത്യയില്‍ നിന്നുള്ള പരുത്തി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രതിസന്ധിയിലാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഇന്റസ്ട്രി (സിഐടിഐ) നടത്തിയ പഠനം. യൂറോപ്യന്‍ യൂണിയനിലേക്കും ചൈനയിലേക്കുമുള്ള ഇന്ത്യയില്‍ നിന്നുള്ള പരുത്തിനൂല്‍ കയറ്റുമതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 25 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. അതേസമയം കോട്ടണ്‍ ഫാബ്രിക്കുകളുടെ കയറ്റുമതിയില്‍ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി. മറ്റു പരുത്തി ഉല്‍പ്പാദക രാഷ്ട്രങ്ങളെ അപേക്ഷിച്ച് തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധി ഇന്ത്യ അഭിമുഖീകരിക്കുകയാണ്.

2013-14ല്‍ 4.5 ബില്യണായിരുന്നു ഇന്ത്യയില്‍ നിന്നുള്ള പരുത്തി നൂല്‍ കയറ്റുമതിയെങ്കില്‍ 2017-18ല്‍ അത് 3.4 ബില്യണായി ഇടിഞ്ഞു. പരുത്തിയുടെ ഏറ്റവും വലിയ ഇറക്കുമതി രാഷ്ട്രമായ ചൈനയില്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോള്‍ ഇന്തോനേഷ്യയും വിയറ്റ്‌നാമുമാണ് നേട്ടം കൊയ്തത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ഈടാക്കുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 3.5 ശതമാനം തീരുവ നല്‍കേണ്ടതുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ ഇന്ത്യയില്‍ നിന്നുള്ള പരുത്തി ഇറക്കുമതിക്ക് 4 ശതമാനം തീരുവയാണ് ചുമത്തുന്നത്. എന്നാല്‍ വിയറ്റ്‌നാമിനും ഇന്തോനേഷ്യക്കും ഇത് 3.2 ശതമാനം മാത്രമാണ്. ചുരുങ്ങിയ വികസനം മാത്രം നടന്നിട്ടുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പരുത്തിയുടെ മല്‍സരക്ഷമത ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിക്കണമെന്നാണ് സിഐടിഐ ചൂണ്ടിക്കാണിക്കുന്നത്. വ്യാപാര കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നിലവിലെ പദ്ധതി പ്രകാരം കോട്ടണ്‍ ഫാബ്രിക്കുകള്‍ക്ക് നിലവില്‍ ലഭിക്കുന്ന 2 ശതമാനം ആനൂകൂല്യം വര്‍ധിപ്പിക്കണമെന്നും പരുത്തി നൂലുകള്‍ക്കു കൂടി ആനുകൂല്യം നല്‍കണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. വിവിധ പ്രോല്‍സാഹന നടപടികള്‍ക്കൊപ്പം മറ്റ് പുതിയ വിപണികളിലേക്ക് എത്തിച്ചേരുന്നതും ഇന്ത്യന്‍ പരുത്തിയെ മുന്നോട്ട് നയിക്കുമെന്ന് സിഐടിഐ ചെയര്‍മാന്‍ സഞ്ജയ് കെ ജയിന്‍ പറയുന്നു. 2013-14ല്‍ ലഭ്യമായിരുന്ന കയറ്റുമതി ആനുകൂല്യങ്ങള്‍ പിന്‍വലിച്ചത് പരുത്തി മില്ലുകള്‍ക്ക് തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോട്ടണ്‍ ഫാബ്രിക്കിന്റെ കാര്യത്തില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് 8-10 ശതമനം തീരുവ നല്‍കേണ്ടി വരുമ്പോള്‍ മറ്റ് പരുത്തി കയറ്റുമതി രാഷ്ട്രങ്ങളിലെ വ്യാപാരികളെ സംബന്ധിച്ച് ഇത് പരമാവധി 6.4 ശതമാനം മാത്രമാണ്. എന്നാല്‍ അസംസ്‌കൃത പരുത്തി തീരുവയില്ലാതെ നിരവധി രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നത് തൊഴിലിന്റെയും വിദേശ നാണ്യത്തിന്റെയും നഷ്ടത്തിന് കാരണമാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.9 മില്യണ്‍ ഡോളറായിരുന്നു ഇന്ത്യയില്‍ നിന്നുള്ള അസംസ്‌കൃത പരുത്തി കയറ്റുമതിയുടെ മൂല്യം.

Comments

comments

Categories: Business & Economy