യുഎസ്സില്‍ പതിനേഴ് ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

യുഎസ്സില്‍ പതിനേഴ് ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

ജപ്പാനിലെ തകാത്ത കോര്‍പ്പറേഷന്റെ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ മാറ്റിനല്‍കും

വാഷിംഗ്ടണ്‍ : സുബാരു, ടെസ്‌ല, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, ഡൈമ്‌ലര്‍ വാന്‍സ്, മെഴ്‌സേഡീസ്, ഫെറാറി എന്നീ വാഹന നിര്‍മ്മാതാക്കള്‍ യുഎസ്സില്‍ പതിനേഴ് ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. ജപ്പാനിലെ തകാത്ത കോര്‍പ്പറേഷന്റെ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ മാറ്റുന്നതിനാണ് തിരിച്ചുവിളി. യുഎസ്സില്‍ 2001 ല്‍ ആരംഭിച്ച വാഹന തിരിച്ചുവിളികളുടെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോള്‍ നടക്കുന്നത്. യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനാണ് തിരിച്ചുവിളി കൈകാര്യം ചെയ്യുന്നത്.

വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്ന കാര്യം യുഎസ് സര്‍ക്കാരാണ് പ്രഖ്യാപിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാഹന തിരിച്ചുവിളി പരമ്പരയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസം. യുഎസ്സില്‍ ഈ വര്‍ഷം ഒരു കോടിയോളം ഇന്‍ഫ്‌ളേറ്ററുകളാണ് തിരിച്ചുവിളിക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ വര്‍ഷങ്ങള്‍ നീണ്ട തിരിച്ചുവിളി പൂര്‍ത്തിയാകുമ്പോള്‍ ആകെ ഏഴ് കോടിയോളം ഇന്‍ഫ്‌ളേറ്ററുകള്‍/വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരിക്കും.

തകാത്ത കോര്‍പ്പറേഷന്റെ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ ഡ്രൈവറുടെയും യാത്രക്കാരുടെയും ജീവന്‍ അപഹരിക്കുന്നതിനെതുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ആരംഭിച്ചത്. ലോകമാകെ ഇതിനകം 23 പേര്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വാഹനാപകടം നടക്കുന്ന സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് സുരക്ഷയേകുന്നതിന് എയര്‍ബാഗുകള്‍ കാറ്റുനിറഞ്ഞ് വിടരുകയാണ് ചെയ്യുന്നത്. എയര്‍ബാഗുകള്‍ ഇത്തരത്തില്‍ കാറ്റുനിറഞ്ഞ് വിടരുന്നതിനായി ചെറിയ സ്‌ഫോടനം സൃഷ്ടിക്കുന്നതിന് അമോണിയം നൈട്രേറ്റാണ് തകാത്ത ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഉയര്‍ന്ന ആര്‍ദ്രതയും താപനിലയിലുണ്ടാകുന്ന മാറ്റങ്ങളും രാസവസ്തു കാലക്രമേണ അപകടകരമാകുന്നതിന് ഇടയാക്കി. ഉയര്‍ന്ന ആര്‍ദ്രതയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലും ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ സമീപ പ്രദേശങ്ങളിലുമാണ് ഇന്‍ഫ്‌ളേറ്ററുകള്‍ ഏറ്റവും അപകടകാരികളായി മാറുന്നത്.

ഫോറസ്റ്റര്‍, ലെഗസി, ഔട്ട്ബാക്ക് മോഡലുകള്‍ ഉള്‍പ്പെടെ 8,26,144 വാഹനങ്ങളാണ് സുബാരു ഇപ്പോള്‍ തിരിച്ചുവിളിച്ചത്. 2010-2014 കാലയളവില്‍ നിര്‍മ്മിച്ചവയാണ് ഇത്രയും വാഹനങ്ങള്‍. 2,88,779 യൂണിറ്റ് 2010-2017 മോഡല്‍ വാഹനങ്ങളാണ് മെഴ്‌സേഡീസ് തിരിച്ചുവിളിക്കുന്നത്. 2015-2017 കാലയളവില്‍ നിര്‍മ്മിച്ച 1,19,394 വാഹനങ്ങള്‍ ഫോക്‌സ്‌വാഗണ്‍ തിരികെ വിളിച്ചു. ഫോക്‌സ്‌വാഗണ്‍ പസാറ്റ്, വിവിധ ഔഡി മോഡലുകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. 2000-2004, 2007-2015 മോഡല്‍ വാഹനങ്ങളായി വിപണിയിലെത്തിച്ച 2,66,044 യൂണിറ്റ് വാഹനങ്ങളാണ് ബിഎംഡബ്ല്യു തിരിച്ചുവിളിക്കുന്നത്. 2015-2017 മോഡല്‍ വര്‍ഷങ്ങളായി പുറത്തിറക്കിയ 1,59,689 വാഹനങ്ങള്‍ ഡൈമ്‌ലര്‍ വാന്‍സ് തിരികെ വിളിച്ചു. 2014-2016 കാലയളവില്‍ നിര്‍മ്മിച്ച 68,763 മോഡല്‍ എസ് കാറുകള്‍ ടെസ്‌ല തിരിച്ചുവിളിച്ചു. 2014-2018 മോഡല്‍ വര്‍ഷങ്ങളായി പുറത്തിറക്കിയ 11,176 യൂണിറ്റ് വിവിധ മോഡലുകളാണ് ഫെറാറി തിരിച്ചുവിളിക്കുന്നത്.

ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് വിവിധ വാഹന നിര്‍മ്മാതാക്കള്‍ 5.04 കോടിയിലധികം ഇന്‍ഫ്‌ളേറ്ററുകള്‍ തിരിച്ചുവിളിച്ചിരുന്നു. ഇതില്‍ 2.72 കോടി മാറ്റിസ്ഥാപിക്കുകയും ചെയ്തു. 2.30 കോടിയിലധികം ഇന്‍ഫ്‌ളേറ്ററുകള്‍ ഇനിയും മാറ്റി നല്‍കാനുണ്ട്.

ഫോഡ്, ഹോണ്ട, ടൊയോട്ട, ഫിയറ്റ് ക്രൈസ്‌ലര്‍ എന്നീ വാഹന നിര്‍മ്മാതാക്കള്‍ ഈ വര്‍ത്തെ തിരിച്ചുവിളി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അമ്പത് ലക്ഷത്തിലധികം വാഹനങ്ങളാണ് ഇവര്‍ എല്ലാവരും കൂടി തിരിച്ചുവിളിച്ചത്.

ലോകമെങ്ങും വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ തുടങ്ങിയതോടെ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ തകാത്ത കോര്‍പ്പറേഷന്‍ നിര്‍ബന്ധിതരായിരുന്നു. ഇന്‍ഫ്‌ളേറ്ററുകള്‍ മാറ്റി നല്‍കുന്നതിന് പണം നല്‍കാന്‍ മിക്ക ആസ്തികളും വില്‍ക്കേണ്ടിയും വന്നു.

Comments

comments

Categories: Auto