ഐടി സംബന്ധിച്ച പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാവാന്‍ വിസമ്മതിച്ച സാമൂഹ്യ മാധ്യമമായ ട്വിറ്ററിനെതിരെ നടപടിക്ക് സാധ്യത. പാര്‍ലമെന്ററി അവകാശ ലംഘനത്തിന് യുഎസ് ആസ്ഥാനമായ സാമൂഹ്യ മാധ്യമത്തിനെതിരെ നടപടി എടുത്തേക്കുമെന്ന് സമിതി അധ്യക്ഷനും ബിജെപി എംപിയുമായ അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. സമിതിക്ക് മുന്നില്‍ ഹാജരാവാന്‍ സമയം പോരെന്ന ട്വിറ്ററിന്റെ മറുപടി ഗൗരവമായാണ് എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കാന്‍ ഒരു സ്ഥാപനത്തിനും അധികാരമില്ലെന്ന് ബിജെപി വക്താവും എപിയുമായ മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. സാമൂഹ്യ മാധ്യമങ്ങളിലെ പൗരാവകാശ ലംഘനം, വലതുപക്ഷ എക്കൗണ്ടുകള്ക്കെതിരെയുള്ള വിവേചനം തുടങ്ങിയ വിഷയങ്ങളിലാണ് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി അടക്കമുള്ളവര്‍ ഇന്ന് ഹാജരാവാന്‍ സമിതി ആവശ്യപ്പെട്ടിരുന്നത്.