ടെസ്‌ല കാറുകളില്‍ സെന്‍ട്രി, ഡോഗ് മോഡുകള്‍ നല്‍കും

ടെസ്‌ല കാറുകളില്‍ സെന്‍ട്രി, ഡോഗ് മോഡുകള്‍ നല്‍കും

മോഷണം നടക്കുന്നത് തിരിച്ചറിയാനും റെക്കോര്‍ഡ് ചെയ്യാനും ഇനി മുതല്‍ ടെസ്‌ല കാറുകള്‍ക്ക് കഴിയും

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ല വാഹനങ്ങളില്‍ സെന്‍ട്രി, ഡോഗ് മോഡുകള്‍ നല്‍കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. മോഷ്ടാക്കള്‍ ടെസ്‌ല കാറുകള്‍ വ്യാപകമായി ലക്ഷ്യം വെയ്ക്കുന്ന സാഹചര്യത്തിലാണ് ‘സെന്‍ട്രി മോഡ്’ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ടെസ്‌ല വാഹനങ്ങള്‍ കവര്‍ച്ചയ്ക്ക് ഇരയാവുകയാണ്. പുതിയ മോഡുകള്‍ ഈയാഴ്ച്ച ഉപയോഗിച്ചുതുടങ്ങാനാകും.

ഓട്ടോപൈലറ്റ് കാമറ ഉപയോഗിച്ച് ഓവര്‍-ദ-എയര്‍ ഡാഷ്‌കാം ഫീച്ചര്‍ ടെസ്‌ല കാറുകളില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ സംവിധാനത്തിന് പരിമിതികള്‍ ഏറെയുണ്ടായിരുന്നു. ഫ്രണ്ട് ഫേസിംഗ് കാമറ മാത്രമാണ് ഉപയോഗിക്കുന്നത് എന്നതായിരുന്നു പ്രധാന പോരായ്മ. കൂടുതല്‍ ഓട്ടോപൈലറ്റ് കാമറകളും പാര്‍ക്കിംഗ് മോഡും ഉപയോഗിക്കുന്നതിനെക്കുറിച്ച് മസ്‌ക് സംസാരിച്ചിരുന്നു.

പുതിയ സെന്‍ട്രി മോഡ് ഫീച്ചറില്‍ 360 ഡിഗ്രി ഡാഷ്‌കാമാണ് (ഡാഷ് ബോര്‍ഡിലെ കാമറ) നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. മോഷണം നടക്കുന്നത് തിരിച്ചറിയാനും റെക്കോര്‍ഡ് ചെയ്യാനും ഇനി മുതല്‍ ടെസ്‌ല കാറുകള്‍ക്ക് കഴിയുമെന്ന് സിഇഒ പറഞ്ഞു. മോഷണ ശ്രമമുണ്ടായാല്‍, ജര്‍മ്മന്‍ ഓര്‍ഗനിസ്റ്റ് ആയിരുന്ന യൊഹാന്‍ സെബാസ്റ്റിയന്‍ ബാഹിന്റെ ടൊക്കാറ്റ ആന്‍ഡ് ഫ്യൂഗ് ടെസ്‌ല കാറുകള്‍ മുഴക്കുകയും ചെയ്യും. ഹൊറര്‍ സിനിമകളില്‍ ഉപയോഗിക്കുന്ന പ്രശസ്ത ഓര്‍ഗന്‍ സംഗീതമാണ് ടൊക്കാറ്റ ആന്‍ഡ് ഫ്യൂഗ്.

സെന്‍ട്രി മോഡ് കൂടാതെ നായ്ക്കുട്ടികള്‍ക്കായി ഡോഗ് മോഡ് അവതരിപ്പിക്കുമെന്നും ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. ടെസ്‌ല വാഹനങ്ങള്‍ക്കകത്ത് നായ്ക്കുട്ടികളെ സുരക്ഷിതമായി ഇരുത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും. കുട്ടികളുടെയും വളര്‍ത്തുനായ്ക്കളുടെയും സുരക്ഷ മുന്‍നിര്‍ത്തി 2016 ല്‍ റിലീസ് ചെയ്ത കാബിന്‍ ഓവര്‍ഹീറ്റ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റുകള്‍ നടത്തിയിരുന്നു. ക്ലൈമറ്റ് കണ്‍ട്രോള്‍ ഓണ്‍ ആയിരിക്കുന്നതും നായ സുരക്ഷിതമാണെന്ന് കാറിന് സമീപത്തുകൂടെ നടന്നുപോകുന്നവരെ അറിയിക്കുന്നതുമാണ് പുതിയ ഡോഗ് മോഡ്.

Comments

comments

Categories: Auto