ഇന്ത്യക്ക് സൗരോര്‍ജ ലക്ഷ്യം നേടാനായേക്കില്ലെന്ന് വുഡ് മക്കന്‍സി

ഇന്ത്യക്ക് സൗരോര്‍ജ ലക്ഷ്യം നേടാനായേക്കില്ലെന്ന് വുഡ് മക്കന്‍സി

ചെലവുകള്‍ കുറയുകയും കരാര്‍ വിലകള്‍ സ്ഥിരത പ്രാപിക്കുകയും ചെയ്തത് ദീര്‍ഘകാല സാധ്യതകളെ പോസിറ്റിവായി തന്നെ നിലനിര്‍ത്തുന്നു

ന്യൂഡെല്‍ഹി: 2022ഓടെ 100 ജിഗാവാട്ട് സൗരോര്‍ജ ശേഷിയിലേക്കെത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കില്ലെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വുഡ് മക്കന്‍സിയുടെ നിരീക്ഷണം. ഈ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിവിധ നികുതികളും ലെവികളും ഹ്രസ്വകാല അനിശ്ചിതത്വങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വുഡ് മക്കന്‍സി ചൂണ്ടിക്കാണിക്കുന്നത്. താരിഫുകളില്‍ അടിക്കടി മാറ്റമുണ്ടാകുന്നതും ടെണ്ടറുകള്‍ റദ്ദ് ചെയ്യുന്നതും ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

2018 ജനുവരി മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ സ്ഥാപിത ഗ്രിഡുകളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ വൈദ്യുതോല്‍പ്പാദന ശേഷി 347 ജിഗാവാട്ടാണ്. നാലു ശതമാനം വര്‍ധനയാണ് ഇക്കാലയളവില്‍ ഉണ്ടായത്. 13 ജിഗാവാട്ടിന്റെ വര്‍ധനയില്‍ 9.7 ശതമാനമായിരുന്നു പുനരുപയോഗ ഊര്‍ജ മേഖലയുടെ സംഭാവന. ഈ മേഖലയിലേക്കെത്തുന്ന മികച്ച നിക്ഷേപത്തെ സൂചിപ്പിക്കുന്നതാണിത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഇന്ത്യ ആഗോള തലത്തില്‍ മൂന്നാമത്തെ വലിയ സോളാര്‍ വിപണിയായിരിക്കുമെന്നും വുഡ് മക്കന്‍സിയുടെ വാര്‍ത്താ കുറിച്ച് വ്യക്തമാക്കുന്നു.

ചെലവുകള്‍ കുറയുകയും കരാര്‍ വിലകള്‍ സ്ഥിരത പ്രാപിക്കുകയും ചെയ്തത് ദീര്‍ഘകാല സാധ്യതകളെ പോസിറ്റിവായി തന്നെ നിലനിര്‍ത്തുന്നുണ്ടെങ്കിലും 2022നുള്ളില്‍ 100 ജിഗാവാട്ട് സൗരോര്‍ജം എന്ന ലക്ഷ്യം നേടാന്‍ ഇത് പര്യാപ്തമല്ലെന്നാണ് വുഡ് മക്കന്‍സിയിലെ സോളാന്‍ അനലിസ്റ്റ് റിഷാബ് ശ്രേഷ്ഠ പറയുന്നത്.

സ്ഥാപിത സൗരോര്‍ജ ശേഷിയില്‍ 2017ല്‍ സ്വന്തമാക്കാനായ 63 ശതമാനം വര്‍ധനയില്‍ നിന്ന് വലിയ തോതില്‍ ഇടിവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 1 ശതമാനം മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം സ്ഥാപിത സൗരോര്‍ജ ശേഷിയിലുണ്ടായ വര്‍ധന. നടപ്പു വര്‍ഷം ഇത് 12 ശതമാനത്തിനു മുകളിലേക്ക് തിരിച്ചുവരുമെന്നും വിലയിരുത്തപ്പെടുന്നു. ശക്തമായ ആഭ്യന്തര ആവശ്യകതയും ഇറക്കുമതി ചെയ്യുന്ന സോളാര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സംരക്ഷണ നികുതിയും ഉണ്ടെങ്കിലും വിദേശ വിതരണക്കാരോട് വിപണിയില്‍ മല്‍സരിക്കുന്നതില്‍ ആഭ്യന്തര നിര്‍മാതാക്കള്‍ പ്രയാസം നേരിടുകയാണ്.

ഇന്ത്യയിലെ വൈദ്യുതി മേഖല പരിവര്‍ത്തനങ്ങളിലൂടെ കടന്നുപോകുകയാണെന്നാണ് വുഡ് മക്കന്‍സി വിലയിരുത്തുന്നത്. എല്ലാവരിലേക്കും വൈദ്യുതി എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം പ്രതിസന്ധിയിലായ പവര്‍ പ്ലാന്റുകളെയും വിതരണ കമ്പനികളെയും പുനഃക്രമീകരിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളുകയാണ്. നയപരമായ മാറ്റങ്ങള്‍ വൈദ്യുതി മേഖലയുടെ ഘടനയില്‍ മാറ്റംവരുത്തുമെന്നും കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നുമാണ് വിലയിരുത്തുന്നത്. നടപ്പുവര്‍ഷം മൊത്തം വൈദ്യുതി ഉല്‍പ്പാദനത്തില്‍ 5 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: FK News